GST നിയമത്തിന് കീഴിൽ വരുന്ന ഓഡിറ്റുകൾ ! അറിയേണ്ടതെല്ലാം
K.K.THANKACHAN
THANKACHAN AND CO
TAX CONSULTANTS MOB:9447300294
One Nation One Tax എന്ന നികുതി സങ്കല്പത്തിൽ രാജ്യമൊട്ടാകെ ഒരേ നികുതി സമ്പ്രദായത്തിന് കീഴിൽ കൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടു കൂടി 01.07.2017-ൽ നടപ്പിലായ ചരക്ക് സേവന നികുതി നിയമം സംഭവബഹുലമായ നാല് വർഷം പിന്നിട്ട് അഞ്ചാമത്തെ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. പ്രസ്തുത സാഹചര്യത്തിൽ GST നിയമത്തിന് കീഴിൽ വരുന്ന ഓഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ പംക്തിയിൽ പരാമർശിക്കുവാൻ ഉദ്ദേശ്ശിക്കുന്നത്.
പ്രധാന വിഷയമായ GST ഓഡിറ്റിനെക്കുറിച്ച് പരാമർശിക്കുന്നതിന് മുൻപ് നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള നികുതി സംവിധാനത്തിൻറെ സ്ഥിതിവിവര കണക്കിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തുന്നത് ഈ അവസരത്തിൽ ഒരു താരതമ്യ പഠനം നടത്തുവാൻ ഉപകരിക്കും എന്നാണ് തോന്നുന്നത്. ഇപ്പോൾ കേരളത്തിൽ ടാക്സ് പ്രൊഫഷണൽസ് ആയി ജോലി നോക്കുന്നവരിൽ ഭൂരിഭാഗവും നികുതി വകുപ്പിൽ ജോലി നോക്കുന്നവരും 1963-ൽ നിലവിൽ വന്ന കേരളാ പൊതു വില്പന നികുതി നിയമം പ്രാബല്യത്തിലായതു മുതൽ തൊഴിൽ മേഖലയിലും, ഉദ്യോഗത്തിലും വന്നവരായിരിക്കുവാനാണ് സാധ്യത. 1963-ൽ നിലവിൽ വന്ന കേരളാ പൊതുവില്പന നികുതി നിയമം സുദീർഘമായ ഒരു കാലയളവായ 42 വർഷം പ്രാബല്യത്തിലിരുന്ന് 2005 -ൽ മൂല്യ വർദ്ധിത നികുതി നിയമത്തിലേക്ക് മാറ്റപ്പെടുമ്പോൾ വളരെ ചുരുങ്ങിയ ഉൽപ്പന്നങ്ങളെ KGST എന്ന സംവിധാനത്തിൻ കീഴിൽ നിലനിർത്തി കൊണ്ടാണ് മൂല്യ വർദ്ധിത നികുതി സംവിധാനത്തിലേക്ക് ഭാഗികമായി മാറ്റപ്പെട്ടത്.
2005 April മാസം ഒന്ന് മുതൽ നടപ്പിലായ മൂല്യ വർദ്ധിത നികുതി സംവിധാനം 12 വർഷവും, മൂന്ന് മാസവും മാത്രമാണ് നമ്മുടെ സംസ്ഥാനത്ത് നില നിന്നത്. 2017 July മാസം ഒന്ന് മുതൽ നിലവിലുള്ള പരോക്ഷ നികുതികളിൽ സിംഹ ഭാഗത്തിനേയും ലയിപ്പിച്ച് കൊണ്ട് പുതിയ സംവിധാനം നിലവിൽ വന്ന് നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു പക്ഷേ ടാക്സ് പ്രൊഫഷണൽ ആയി ജോലി നോക്കുന്നവർക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുള്ള GST ഓഡിറ്റ് എന്ന വിഷയത്തിന്റെ പ്രാധാന്യം പരിപൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്.
എന്താണ് ഓഡിറ്റ് എന്ന പദം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്?
DEFINITION OF AUDIT UNDER SCTION 2 (13) OF THE CGST ACT.
“Audit means the examination of records, returns and other documents maintained or furnished by the registered person under this act or the rules made there under or under any other law for the time being in force to verify the correctness of turnover declared, taxes paid, refund claimed and input tax credit availed, and to assess his compliance with the provisions of this act or the rule made there under.”
Probable Items to be verified during the course of audit
· Correctness of turnover declared, Taxes paid, Refund claimed, Input tax Credit availed and utilised, reverse tax effect, Rate of tax adopted, HSN wise classification of goods, Credit or debit note issued, and such other issues
GST നിയമം നിലവിൽ വരുന്നതിന് മുൻപ് KGST നിയമത്തിൻ കീഴിലും, മൂല്യ വർദ്ധിത നികുതി നിയമത്തിന് കീഴിലും വളരെ വ്യക്തമായ Form of Audit Report നിയമം അനുശാസിക്കുന്നുണ്ടായിരുന്നു. അതിൽ KGST നിയമം ഇപ്പോഴും പിൻതുടരുന്നത് കൊണ്ടും മൂല്യ വർദ്ധിത നിയമത്തിൻ കീഴിൽ കുടിശ്ശിഖയായി കിടക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ ഇപ്പോഴും ഫയൽ ചെയ്ത് പോരുന്നത് കൊണ്ടും രണ്ട് നിയമത്തിൻ കീഴിലും പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ള Form of Audit Report -ഉം (ഉദാ: KGST Form 50 A&B, KVAT Form 13 & 13A ) ഉണ്ടായിരുന്നതായി കാണാം. എന്നാൽ GST നിയമത്തിലേക്ക് മാറിയപ്പോൾ Prescribed Form of Audit Report-ന് പകരം Audited Financial Statements-ന് ഒപ്പം Form 9-C യിൽ Reconciliation Statement സമർപ്പിക്കുവാനാണ് നിയമം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ എന്താണ് Reconcilliation Statement എന്നറിഞ്ഞിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള സംഗതിയാണ്.
ഒരു സാമ്പത്തിക വർഷത്തെ മുഴുവൻ വരവ് ചെലവ് വിവരങ്ങളും കണക്കുകളിൽ കൃത്യമായി അതേ സാമ്പത്തിക വർഷത്തിൽ തന്നെ ഉൾപ്പെടുത്തുകയും, എന്നാൽ പ്രസ്തുത വിവരങ്ങളിൽ ഉൾപ്പെട്ട ഏതെങ്കിലും വിധത്തിലുള്ള Transactions സാമ്പത്തിക വർഷാവസാനത്തിന് ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ September മാസത്തെ റിട്ടേണിലോ (Section 39), അതിന് മുൻപായോ, വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപോ ഉൾപ്പെടുത്തുന്ന ഒരു പ്രവണത GST നിയമത്തിൻ കീഴിൽ അനുവദനീയമായ ഒരു സംഗതിയാണ്. അത്തരം സാഹചര്യത്തിൽ കണക്കുകളിലെ വാർഷിക വിവരങ്ങളും, തൽവർഷം ഫയൽ ചെയ്ത റിട്ടേണുകളിലെ വാർഷിക ടേൺഓവറും, ടാക്സ് സംബന്ധമായ വിവരങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ. അത്തരം വ്യത്യാസങ്ങളെ അതിൻറെ സാഹചര്യം വിശദീകരിച്ച് പൊരുത്തപ്പെടുത്തി തയ്യാറാക്കുന്ന സ്റ്റേറ്റ്മെന്റിനെയാണ് Reconcilliation Statement എന്ന് ഉദ്ദേശ്ശിക്കുന്നത്. കണക്കിലും റിട്ടേണിലും വ്യത്യാസങ്ങൾ വരുന്ന സാഹചര്യവും, GST നിയമത്തിൻറെ ഘടനാപരമായ വ്യത്യാസവും ഓൺലൈൻ പോർട്ടലിന്റെ സ്ഥിരതയില്ലാത്ത പ്രവർത്തനവും കണക്കിലെടുക്കുമ്പോൾ ഒരു സാമ്പത്തിക വർഷത്തിലും Reconcilliation Statement ഒഴിവാക്കി മുൻപോട്ട് പോകുവാൻ സാധിക്കും എന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
GST നിയമത്തിന് കീഴിൽ മൂന്ന് തരത്തിലുള്ള ഓഡിറ്റുകളാണ് നിയമം അനുശാസിക്കുന്നത്.
1. AUDIT UNDER SECTION 35 (5). 2. AUDIT BY TAX AUTHORITIES U/S 65. 3. SPECIAL AUDIT U/S 66.
1. Section 35 (5) ന് കീഴിൽ വരുന്ന ഓഡിറ്റ് Statutory Audit എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് വാർഷിക വിറ്റു വരവിനെ ബന്ധപ്പെടുത്തി നിശ്ചിത സമയ പരിധിക്കുള്ളിൽ നിയമ പരമായി പൂർത്തീകരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫയൽ ചെയ്യപ്പെടേണ്ട ഓഡിറ്റ് റിപ്പോർട്ട് ആണ്.(KGST and KVAT ACT-നു സമാനം). 2017-2018 സാമ്പത്തിക വർഷത്തേയ്ക്ക് Statutory Audit പൂർത്തീകരിക്കുവാൻ നിശ്ചയിച്ചിരുന്ന ടേണോവർ പരിധി രണ്ട് കോടി ആയിരുന്നു. എന്നാൽ 23 .03.2020 ലെ Ministry of Finance -ൻറെ 16/2020-)൦ നമ്പർ നോട്ടിഫിക്കേഷൻ പ്രകാരം രണ്ട് കോടി എന്നത് അഞ്ച് കോടി ആയി ഉയർത്തുകയും പ്രസ്തുത ടേണോവർ പരിധി ഇപ്പോഴും തുടരുന്നതും ആയിട്ടാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. ഇവിടെ C&AG of India Audit -ന് വിധേയമായിട്ടുള്ള സംസ്ഥാന, കേന്ദ്ര ഡിപ്പാർട്മെന്റിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ മേൽ പറഞ്ഞ Section 35 (5) ന് കീഴിൽ വരുന്ന ഓഡിറ്റ് പരിധിയിൽ വരികയില്ല എന്നത് ശ്രദ്ധേയമായ സംഗതിയാണ്.
2 . Audit by Tax Authorities u/s 65:-
GST നിയമത്തിൻ കീഴിൽ Audit by Tax Authorities എന്ന സാഹചര്യം നിലവിൽ വരുന്നത് GST കമ്മീഷണറോ, കമ്മീഷണർ പൊതുസ്വഭാവത്തിലോ, പ്രത്യേക സാഹചര്യം ചൂണ്ടിക്കാണിച്ചോ പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായിട്ടാണ്. അപ്രകാരം ഒരു ആഫീസറെ ചുമതലപ്പെടുത്തിക്കഴിഞ്ഞാൽ അത്തരത്തിലുള്ള ആഫീസറുടെയോ, അദ്ദേഹത്തിൻറെ ടീം അംഗങ്ങളുടെയോ നേതൃത്വത്തിൽ ഓഡിറ്റിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിലോ, ആഫീസിലോ ഓഡിറ്റുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുവാൻ അവർക്ക് അധികാരമുണ്ട്. സാധാരണയായി Audit by Tax Authorities എന്ന Category -യിൽ പെടുത്തി ഒരു വ്യാപാര സ്ഥാപനം തിരഞ്ഞെടുക്കപ്പെട്ടാൽ ആ വിവരം തിരഞ്ഞെടുക്കപ്പെട്ട വ്യാപാരിയെ ഓഡിറ്റ് ആരംഭിക്കുന്നതിന് 15 ദിവസം മുൻപെങ്കിലും പ്രത്യേക നോട്ടീസ് മുഖേന അറിയിച്ചിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. അപ്രകാരം നൽകുന്ന നോട്ടീസ് അറിയപ്പെടുന്നത് FORM GST ADT 01 (Under Rule 101 (2)) പ്രകാരമാണ് നൽകുന്നത്. അപ്രകാരം നോട്ടീസ് നൽകുമ്പോൾ ഓഡിറ്റിന് വിധേയമായ കാലയളവ്, ഓഡിറ്റ് ചെയ്യപ്പെടേണ്ട കണക്കുകളുടെ വിവരം, ഓഡിറ്റിന്റെ സമയത്ത് സ്ഥാപന ഉടമയോ, അധികാരപ്പെടുത്തിയ ആളുടെ സാന്നിദ്ധ്യമോ വേണ്ടി വരുന്നത്. അത്തരം വിവരങ്ങൾ, തീയതി, ഓഡിറ്റിന് തിരഞ്ഞെടുത്തിട്ടുള്ള സമയം എന്നിവ ADT 01 നോട്ടീസ് പ്രകാരം 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.. Audit ആരംഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കിയിരിക്കണം അഥവാ അത്തരം കാലാവധിക്കുള്ളിൽ ഓഡിറ്റ് പൂർത്തീകരിക്കുവാൻ സാധിക്കാതെ വന്നാൽ അതിന് തക്കതായ കാര്യകാരണങ്ങൾ വിശദമാക്കി രേഖാമൂലം അറിയിപ്പ് കൊടുത്ത് ഓഡിറ്റിന്റെ കാലാവധി തുടർന്ന് ആറു മാസത്തേക്ക് കൂടി നീട്ടുവാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ട ഒരു കാര്യം ഓഡിറ്റ് തുടങ്ങിയ ദിവസം പരിഗണിക്കുന്നതാണ്. ഓഡിറ്റിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനം ഓഡിറ്റിന് ആവശ്യമായ രേഖകൾ പൂർണ്ണമായും പരിശോധനയ്ക്ക് ഹാജരാക്കി ഓഡിറ്റ് തുടങ്ങുന്ന സമയമാണ് Commencement of Audit ആയി പരിഗണിക്കപ്പെടുക.
FORM GST ADT 02 :-
ഓഡിറ്റ് Complete ചെയ്ത് കഴിഞ്ഞ് പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ ഓഫീസറുടെ കണ്ടെത്തലും നിഗമനവും ഉൾപ്പെടെ അത് FORM GST ADT-02 നോട്ടീസ് പ്രകാരം ഡീലറെ അറിയിക്കണം എന്നും നിയമം അനുശാസിക്കുന്നുണ്ട്.
3. അടുത്തത് Special Audit under section 66 ആണ്:-
GST നിയമ പ്രകാരം അസിസ്റ്റൻറ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തൻറെ അന്വേഷണത്തിലോ, സൂക്ഷ്മ പരിശോധനയിലോ നിരീക്ഷണത്തിലോ ഏതെങ്കിലും ഒരു വ്യാപാരി യഥാർത്ഥത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്താതെ മറച്ചു വച്ചു എന്ന് ബോധ്യപ്പെട്ടാൽ അത്തരം കാര്യങ്ങൾ GST കമ്മീഷണറുടെ മുൻകൂർ അനുമതി വാങ്ങി പ്രത്യേകം ചുമതലപ്പെടുത്തിയ Chartered Accountant/Cost Accountant മുഖേന നടത്തപ്പടുന്ന ഓഡിറ്റ് ആണ് Special ഓഡിറ്റ് എന്നറിയപ്പെടുന്നത്. അപ്രകാരം Chartered Accountant/Cost Accountant-നെ ചുമതലപ്പെടുത്തി ഓഡിറ്റ് നടത്തപ്പെട്ടാൽ അത്തരം ഓഡിറ്റിന്റെ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അസിസ്റ്റൻറ് കമ്മീഷണറെ അറിയിക്കണം എന്നാണ് നിയമത്തിൽ വ്യവസ്ഥ.മതിയായ കാരണങ്ങൾ രേഖപ്പെടുത്തി വീണ്ടും ഒരു 90 ദിവസം കൂടി Special Audit -ന് ഉപയോഗിക്കാം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.. Special Audit-ന് തിരഞ്ഞെടുക്കപ്പെട്ടാൽ അത്തരം വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട ഡീലറെ GST FORM ADT-03 പ്രകാരം അറിയിക്കുവാനാണ് നിയമം അനുശാസിക്കുന്നത്.
Remuneration to CA / Cost Accountant:-
Special Audit -ന് അധികാരപ്പെടുത്തുന്ന Chartered Accountant / Cost Accountant എന്നിവർക്കുള്ള പ്രതിഫലസംഖ്യ തീരുമാനിക്കുന്നതിനും അത് നൽകുന്നതിനുമുള്ള അധികാരം കമ്മീഷണർക്ക് മാത്രമാണ് എന്നാണ് നിയമത്തിൽ വ്യവസ്ഥ. Section 65 & 66 പ്രകാരം Audit by Tax authorities or Special Audit complete ചെയ്യുന്നതായ സമയത്ത് നികുതി കുടിശിക അടച്ചു തീർക്കേണ്ടതായി കണ്ടെത്തിയാൽ അപ്രകാരം കുടിശികതുക section 73 & 74 ലെ വ്യവസ്ഥകൾക്ക് വിധേയമായി അടച്ചു തീർക്കുവാനാണ് നിയമം അനുശാസിക്കുന്നത്. കുടിശികതുക അടക്കുന്നതിലേക്ക് SCN (കാരണം കാണിക്കൽ നോട്ടീസ് ) ലഭിച്ച് 30 ദിവസത്തിനുള്ളിൽ ടാക്സും പലിശയും ചേർത്ത് അടച്ചു തീർത്താൽ പെനാൽറ്റി നടപടിയിൽ നിന്ന് ഒഴിവാകും എന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഓഡിറ്റുമായി ബന്ധപ്പെട്ട് ഓഫീസറുടെ കണ്ടെത്തലുകൾ ഡീലറെ അറിയിച്ച് ഡീലറുടെ വിശദമായ മറുപടിക്ക് ശേഷം മാത്രമേ തുടർ നടപടികളിലേക്ക് പോകാവൂ എന്നുള്ളത് GST നിയമത്തിലെ ഒരു സവിശേഷതയാണ്
Failure to co-operate with Audit:-
Section 65 & 66 പ്രകാരം ഓഡിറ്റിന് തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനമോ വ്യക്തികളോ ഓഡിറ്റുമായി സഹകരിക്കാതിരുന്നാൽ അത്തരം സാഹചര്യത്തിൽ Assessee-യുടെ കൈവശം രേഖകൾ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നും പരിശോധനയ്ക്കു അവ ലഭ്യമാകുവാൻ സാധ്യത ഇല്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്ന് മറ്റ് അറിയിപ്പുകൾ ഒന്നും നൽകാതെ നടപടികൾ പൂർത്തീകരിക്കുവാനും നിയമം അനുശാസിക്കുന്നുണ്ട്.
സങ്കീർണ്ണമായ ഓഡിറ്റ് നടപടികളുടെ പൂർത്തീകരണത്തിന് കൃത്യമായ കണക്കുകളും ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കുക എന്നത് വ്യാപാരി സമൂഹത്തിന്റേതെന്നപോലെ ടാക്സ് പ്രൊഫെഷണൽസിന്റെ കൂടി ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു എന്നേ ഈ അവസരത്തിൽ വിലയിരുത്തുവാൻ കഴിയൂ
ലേഖകൻ പെരുമ്പാവൂരിൽ കഴിഞ്ഞ മുപ്പത് വർഷമായി നികുതി സംബന്ധമായ കാര്യങ്ങളും, കണക്കുകളും കൈകാര്യം ചെയ്തു വരുന്ന വ്യക്തി ആണ്.