സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും
മുംബൈ: റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വര്‍ണ്ണവായ്പ മേഖലയില്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ. ബാങ്കുകളും, എന്‍ബിഎഫ്സികളും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉടനടി സ്വര്‍ണ്ണവായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള സ്വര്‍ണ്ണവായ്പ രീതികളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കം.
നിലവില്‍ പല സ്ഥാപനങ്ങളും സ്വര്‍ണ്ണവായ്പ ഒരു വര്‍ഷത്തെ കാലവധിയില്‍ അനുവദിക്കുന്നു. അതിനാല്‍ തന്നെ പലരും മാസത്തവണകള്‍ക്കു മുതിരുന്നില്ല.
ഇവിടെ ധനകാര്യ സ്ഥാപനങ്ങള്‍ പലിശ ഇനത്തില്‍ വന്‍ നേട്ടം കൊയ്യുന്നു. എന്നാല്‍ പുതിയ പ്രതിമാസ ഇഎംഐ ഓപ്ഷന്‍ ഒരോ മാസവും മുതലിലും, പലിശയിലും കുറവിന് വഴിവയ്ക്കുന്നു. ഈ ഓപ്ഷന്‍ താല്പര്യമില്ലാത്തവർക്ക് പഴയ രീതിയില്‍ തുടരുകയും ചെയ്യാം.
നിലവില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ബുള്ളറ്റ് തിരിച്ചടവ് രീതിക്ക് പകരം, ഗോള്‍ഡ് ലോണുകള്‍ ടേം ലോണായി വാഗ്ദാനം ചെയ്യുന്നതും വായ്പ ദാതാക്കളുടെ പരിഗണിക്കുന്നുണ്ടെന്നാണു വിവരം.
പരമ്പരാഗതമായി സ്വര്‍ണ്ണവായ്പകള്‍ വായ്പാ കാലാവധിയുടെ അവസാനത്തില്‍ പലിശ ഉള്‍പ്പെടെ മുഴുവന്‍ തുകയും അടയ്ക്കാന്‍ ആളുകളെ അനുവദിക്കുന്നു. ഇവിടെ പ്രതിമാസ ഇഎംഐകളുടെ നേട്ടം പലരും വിസ്മരിക്കപ്പെടുന്നു.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും പൂര്‍ണമായി അടയ്ക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വന്‍ അപകടസാധ്യതയ്ക്കു വഴിവയ്ക്കുന്നു. പലര്‍ക്കും ഇത്തരം വലിയ പേയ്‌മെന്റുകള്‍ ദുഷ്‌കരമായി മാറുന്നു.
സ്വര്‍ണ്ണവായ്പകള്‍ കിട്ടാക്കടമായി മാറാനുള്ള പ്രധാന കാരണം ഇതാണെന്നും ആര്‍ബിഐ വിശ്വസിക്കുന്നു. ഇഎംഐ ഓപ്ഷന്‍ ഉപയോക്താക്കളുടെ വായ്പ ഭാരവും, പലിശ ഭാരവും കുറയ്ക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ സര്‍ക്കുലറില്‍ സ്വര്‍ണ്ണവായ്പകള്‍ എങ്ങനെ സ്രോതസ് ചെയ്യുന്നു, മൂല്യനിര്‍ണയം നടത്തുന്നു, നിരീക്ഷിക്കുന്നു എന്നതിലെ പോരായ്മകള്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോണ്‍- ടു- വാല്യൂ (എല്‍ടിവി) അനുപാതം, ലേലങ്ങളിലെ സുതാര്യത, അപകടസാധ്യത വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇത് ഉന്നയിക്കുന്നു.
ഭാഗിക പേയ്മെന്റുകളോടെയുള്ള വായ്പ റോളിംഗും ഒരു പ്രശ്നമായി ആര്‍ബിഐ കാണുന്നു.
പലപ്പോഴും വലിയ തുക അടയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടു തന്നെ ആവശ്യമില്ലെങ്കില്‍ പോലും സ്വര്‍ണ്ണവായ്പകള്‍ പുതുക്കിവയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതമാകുന്നുവെന്ന തിരിച്ചറിവാണ് ആര്‍ബിഐയെ ഇഎംഐ ഓപ്ഷനുകളിലേയ്ക്ക് എത്തിക്കുന്നതെന്നു പറയാം.
ഈ രീതി ആളുകളുടെ ബാധ്യത ലഘൂകരിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. സ്വര്‍ണ്ണത്തിന്റെ ഈടില്‍ മാത്രം ശ്രദ്ധിക്കാതെ കടം വാങ്ങുന്നവരുടെ തിരിച്ചടവ് ശേഷി വിലയിരുത്താനും ആര്‍ബിഐ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X