2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ തൂത്ത്‌വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.
മികച്ച താരത്തിനുള്ള ഗാരി സോബേഴ്‌സ് ട്രോഫിയക്ക് പുറമെ മികച്ച ടെസ്റ്റ് താരമായും മികച്ച ഏകദിന താരമായും കോഹ്‌ലിയെ തെരഞ്ഞെടുത്തു. മൂന്നു പുരസ്കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഇതോടെ മികച്ച താരത്തിനുള്ള മൂന്ന് അവാര്‍ഡുകളും ഇരുടീമുകളുടെയും ക്യാപ്റ്റന്‍ സ്ഥാനവും കരസ്ഥമാക്കിയ കോഹ്‌ലി പുരസ്‌ക്കാര നേട്ടത്തില്‍ പുതിയ ചരിത്രം കുറിച്ചു.
2012ലും കോലി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇന്ത്യന്‍ നായകനാണ്. ടെസ്റ്റില്‍ 55.08 ശരാശരിയില്‍ 1322 റണ്‍സ് നേടിയ കോഹ്‌ലി, 5 സെഞ്ചുറികളും സ്വന്തമാക്കി. ഏകദിനത്തില്‍ 133.5 ശരാശരിയില്‍ 1202 റണ്‍സ് നേടി. 6 സെഞ്ചുറികളും കോഹ്‍ലി സ്വന്തം പേരില്‍ കുറിച്ചു. എമര്‍ജിംഗ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം റിഷഭ് പന്ത് നേടി. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് മികച്ച ട്വന്‍റി 20 താരം. സ്പിരിറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ന്യുസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കി. ഐസിസി റാങ്കിങ്ങില്‍ ടീം ഇന്ത്യ ടെസ്റ്റില്‍ ഒന്നാമതും ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തുമാണ്.