അഴിമതി, വഞ്ചന: ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ കൊച്ചാര്‍ രാജ്യം വിടുന്നത് തടയാന്‍ സി.ബി.ഐയുടെ തെരച്ചില്‍ നോട്ടീസ്
ബാങ്കുകളെ വഞ്ചിച്ച് ആയിരക്കണക്കിന് കോടികള്‍ അടിച്ചു മാറ്റി രാജ്യം വിട്ട് സുരക്ഷിത പാത സ്വീകരിക്കുന്നവരുടെ നിരയിലേക്ക് ചന്ദ കൊച്ചാറിനെ ഉയര്‍ത്തില്ലെന്ന് സി ബി ഐ. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു.
2009 ജൂണ്‍ മുതല്‍ 2011 ഒക്ടോബര്‍ വരെ വിഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപയുടെ ആറ് ലോണുകള്‍ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് സി ഇ ഒ ആയിരുന്ന ചന്ദ കൊച്ചാര്‍ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, കൂടാതെ വിഡിയോകോണ്‍ എം ഡി വേണുഗോപാല്‍ ദൂദ് എന്നിവര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
ജനുവരിയില്‍ എഫ് ഐ ആര്‍ ഇട്ട ശേഷം തെരച്ചില്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അതില്‍ ചന്ദ കൊച്ചാറിന്റെ പേരില്ലായിരുന്നു. പുതിയ ലുക്ക് ഔട്ട് നോട്ടീസിലാണ് ദീപക് കൊച്ചാറിനും വേണുഗോപാലിനും ഒപ്പം ഇതും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് മുന്നറിയിപ്പ് മാത്രമെന്നാണ് സി ബി ഐ യുടെ ഭാഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.