ധനലക്ഷ്മി ബാങ്കിൻ്റെ നിയന്ത്രണങ്ങള്‍ RBI നീക്കി
പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നീക്കം ചെയ്തു. വായ്പകള്‍ അനുവദിക്കുതിനും ശാഖകള്‍ ആരംഭിക്കുതിനുമായിരുന്നു വിലക്ക്. അലാഹാബാദ് ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കം ചെയ്തു. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതാനും പ്രധാന മാനദണ്ഡങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്ക് ഉള്‍പ്പെടെ 12 ബാങ്കുകള്‍ക്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (പിസിഎ) എന്നറിയപ്പെടുന്ന നല്ലനടപ്പു വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയെ ഇക്കഴിഞ്ഞ ജനുവരി 31നു വിലക്കുകളില്‍നിന്നും മോചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച അലഹാബാദ് ബാങ്കിന് 6896 കോടി രൂപയും കോര്‍പറേഷന്‍ ബാങ്കിന് 9086 കോടിയും പുനര്‍മൂലധനവല്‍കരണം എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ അവയ്ക്കു മാനദണ്ഡങ്ങള്‍ പാലിക്കാവുന്ന അവസ്ഥ കൈവന്നു . പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിച്ചു മാനദണ്ഡങ്ങള്‍ പാലിക്കുന്ന അവസ്ഥയിലേക്കു നീങ്ങാന്‍ ധനലക്ഷ്മി ബാങ്കിനു സ്വയം സാധിക്കുകയും ചെയ്തു. ഇതോടെയാണ് ഈ മൂന്നു ബാങ്കുകളുടെയും വിലക്കു നീക്കാന്‍ ആര്‍ബിഐയുടെ ബോര്‍ഡ് ഫോര്‍ സൂപ്പര്‍വിഷന്‍ (ബിഎഫ്‌എസ്) തീരുമാനിച്ചത്.
ഐഡിബിഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കുള്ള വിലക്കു തുടരും. എന്നാല്‍ ദേന ബാങ്ക് അടുത്തുതന്നെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കുന്നതോടെ വിലക്ക് അഞ്ചു ബാങ്കുകളിലേക്ക് ഒതുങ്ങും. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 10% ഉയര്‍ന്നു . അലാഹാബാദ് ബാങ്കും (7.53%) കോര്‍പറേഷന്‍ ബാങ്കും (5.82%) നേട്ടമുണ്ടാക്കി.