യെസ് ബാങ്കിന് പുതിയ സി ഇ ഒ
നിലവിലെ എംഡി റാണ കപൂറിന്റെ കാലാവധി ജനുവരി 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കില്‍ മേഖലയിലെ വിധഗ്ദനായ റവ്‌നീത് സിംഗ് ഗില്ലിനെ നിയമിച്ചിരിക്കുന്നത്. ഈ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി യെസ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിയമനത്തിന് അംഗീകാരം നല്‍കാന്‍ ബോര്‍ഡ് യോഗം ജനുവരി 29ന് ചേരും. മാര്‍ച്ച് ഒന്നിനു മുമ്പ് ഇദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.ഗില്ലിനെ പുതിയ എംഡിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില 14.5 ശതമാം വര്‍ധിച്ച് 225.95 രൂപയിലെത്തി. എന്നാല്‍ ഓഹരി വിപണിയില്‍ 0.24 ശതമാനത്തിന്റെ നേട്ടം മാത്രമേ ഇതിലൂടെ കൈവരിക്കാനായുള്ളൂ.
ജനുവരി 31ന് മുമ്പ് സ്ഥാനമൊഴിയാന്‍ യെസ് ബാങ്ക് തലവനായ റാണ കപൂറിനോന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. 2020 വരെ തുടരാന്‍ കപൂറിനെ അനുവദിക്കണമെന്ന ബാങ്കിന്റെ അപേക്ഷയും ആര്‍ബിഐ അംഗീകരിച്ചില്ല. ഇതിന് റിസര്‍വ് ബാങ്ക് പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കപൂര്‍ ബാങ്കിന്റെ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മറച്ചുവച്ചതാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ഇത് 10,000 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ തീരുമാനത്തോടെ യെസ് ബാങ്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു.
യെസ് ബാങ്കിന്റെ പ്രധാന എതിരാളിയായ ആക്‌സിസ് ബാങ്കിനും ഇതേകാരണത്തിന് ആര്‍ബിഐയുടെ നടപടി നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസാവസാനത്തോടെ ആക്‌സിസ് ബാങ്ക് തലവന്‍ ശിഖ ശര്‍മയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
ഡ്യൂഷെ ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനും ബാങ്കിംഗ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്ബത്തുമുള്ള ഗില്ലിന്റെ സാന്നിധ്യം യെസ് ബാങ്കിന് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1991ല്‍ ഡ്യൂഷെ ബാങ്കില്‍ ചേര്‍ന്ന ഗില്‍ 2012ലാണ് സിഇഒയായി ചുമതലയേറ്റത്.