ഈ പണമിടപാടുകള്‍ നടത്തരുത്! നിങ്ങള്‍ വലിയ ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തിയേക്കാം
അഴിമതിയും നികുതി വെട്ടിപ്പും തടയാൻ ആദായ നികുതി വകുപ്പ് നിരവധി നയങ്ങൾ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക വഴി നികുതി വിധേയത്വം ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ നയങ്ങൾക്കുണ്ട്. വലിയ തുകകളുടെ പണമിടപാടുകൾ ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തിയേക്കാം. പ്രധാനമായും പണമിടപാടുകള്‍ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടപടികളിൽ നിന്ന് ഒഴിവാകാം.
ഒരു ദിവസം ഒരു വ്യക്തിയില്‍ നിന്ന് ഒന്നോ അതിലധികമോ ഇടപാടുകള്‍ മുഖേന രണ്ടു ലക്ഷം രൂപയോ അതിലധികമോ ക്യാഷ് ആയി സ്വീകരിക്കരുത്. പണത്തിന് പകരം, എക്കൗണ്ട് പേയി ചെക്ക്, എക്കൗണ്ട് പേയി ബാങ്ക് ഡ്രാഫ്റ്റ്, ബാങ്ക് എക്കൗണ്ട് വഴിയുള്ള ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനം എന്നീ മാർഗങ്ങൾ ഉപയോഗിക്കാം.
സർക്കാരുകൾ, ബാങ്കിംഗ് മേഖലയിലെ കമ്പനികൾ, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക്, കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഒരു വ്യക്തി എന്നിവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ഇൻകം ടാക്സ് ആക്ടിൻറെ 269ST വകുപ്പ് ലംഘിക്കുന്നവരിൽനിന്നും 271DA വകുപ്പ് പ്രകാരം പിഴ ഈടാക്കാൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. സ്വീകരിച്ച തുകയ്ക്ക് തുല്യമായിരിക്കും പിഴയും.
കെട്ടിടങ്ങൾ പോലുള്ള ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടികൾ കൈമാറുമ്പോൾ 20,000 രൂപയോ അതിൽ കൂടുതലോ ക്യാഷ് ആയി സ്വീകരിക്കുകയോ തിരിച്ചടക്കുകയോ ചെയ്യാൻ പാടില്ല. ഇൻകം ടാക്സ് ആക്ടിൻറെ 269SS വകുപ്പ് ലംഘിക്കുന്നവരിൽനിന്നും 271D വകുപ്പ് പ്രകാരം ആദായനികുതി വകുപ്പിന് പിഴ ഈടാക്കാം. സ്വീകരിച്ച തുകയ്ക്ക് തുല്യമായിരിക്കും പിഴ.
ബിസിനസ്, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് 10,000 രൂപയ്ക്കു മുകളിലുള്ള തുക പണമായി ചെലവഴിക്കാൻ പാടില്ല. പിഴ ഈടാക്കുന്നതിന് പുറമെ നികുതി ഇളവുകൾ ലഭിക്കാതെയും പോകും.
ട്രസ്റ്റുകൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ സംഭാവന നൽകുമ്പോൾ 2000 രൂപയിൽ കൂടുതൽ ക്യാഷ് ആയി നൽകരുത്. ഇങ്ങനെവന്നാൽ സെക്ഷൻ 80G പ്രകാരം നികുതിയിളവുകൾക്ക് അപേക്ഷ നൽകാൻ സാധിക്കാതെപോകും. സംഭാവന സ്വീകരിക്കുന്നവർക്ക് എതിരേയും നടപടികൾ ഉണ്ടാകും.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പണമായി അടച്ചാൽ സെക്ഷൻ 80D പ്രകാരമുള്ള നികുതിയിളവ് ലഭിക്കാതെ പോകും.