ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, അവസാന തീയതി മാര്‍ച്ച് 31
ആദായ നികുതി റിട്ടേൺ
2017-18 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31, 2018 ആയിരുന്നു. എന്നാൽ അത് ഇതുവരെ ഫയൽ ചെയ്യാത്തവർ 2019 മാർച്ച് 31ന് മുമ്പ് എങ്കിലും ഫയൽ ചെയ്യണം. ഇല്ലെങ്കിൽ ആദായ നികുതി നിയമത്തിൽ പുതുതായി അവതരിപ്പിച്ച സെക്ഷൻ 234F പ്രകാരം പിഴ നൽകേണ്ടി വരും. 10000 രൂപ പിഴയോട് കൂടിയാണ് മാർച്ച് 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കേണ്ടത്. വരുമാനം 5 ലക്ഷത്തിൽ താഴെയുള്ളവർ 1000 രൂപ പിഴയോടെ റിട്ടേൺ സമർപ്പിക്കണം.
ജോലി മാറിയവർ ചെയ്യേണ്ടത്
നിങ്ങൾ 2018-19 കാലയളവിൽ ജോലി മാറിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ പുതിയ തൊഴിൽ ദാതാവിന് ഫോം 12B സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ വിശദാംശങ്ങളുമായി ഫോം 12 ബി സമർപ്പിച്ചു കഴിഞ്ഞാൽ, പുതിയ തൊഴിൽ ദാതാവ് ഫോം 12 ബി യിലുള്ള ജീവനക്കാരന്റെ വിശദാംശങ്ങൾ അനുസരിച്ച്, ഈ വർഷം അവസാനത്തോടെ ഒരു കൺസോളിഡേറ്റഡ് ഫോം 16 നൽകും.
ടാക്സ് സേവിംഗ്സ്
സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. പിപിഎഫ്, എൻഎസ്സി, ഇഎൽഎസ്എസ് തുടങ്ങിയ നിക്ഷേപ മാർഗങ്ങളിലൂടെ ഈ ഇളവ് നേടാവുന്നതാണ്. ട്യൂഷൻ ഫീസ്, ഹോം ലോൺ എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും.
തൊഴിൽദാതാവിന് നിക്ഷേപസാക്ഷ്യം സമർപ്പിക്കുക
നിങ്ങൾ എല്ലാ ടാക്സ് സേവിംഗുകളും ശ്രദ്ധാപൂർവ്വം ചെയ്തിട്ടുണ്ടെങ്കിൽ തൊഴിൽദാതാവിന് അത് സംബന്ധിച്ച രേഖകൾ സമർപ്പിക്കുക. ഭൂരിഭാഗം തൊഴിലുടമകളും ജനുവരിയിൽ അല്ലെങ്കിൽ ഫെബ്രുവരിയിൽ അത്തരം തെളിവുകൾ ആവശ്യപ്പെടും. എന്നാൽ ഇത് സമർപ്പിക്കാത്തവർ മാർച്ച് 31ന് മുമ്പ് എങ്കിലും സമർപ്പിക്കണം.
നിക്ഷേപങ്ങളിൽ മിനിമം തുക
പിപിഎഫ്, എൻപിഎസ് തുടങ്ങിയ നിക്ഷേപങ്ങളിൽ ഓരോ സാമ്പത്തിക വർഷവും അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് മിനിമം തുക സൂക്ഷിക്കുക. മാർച്ച് 31ന് മുമ്പ് തന്നെ മിനിമം തുക ഉണ്ടെന്ന് ഉറപ്പു വരുത്തുക.
പാനും ബാങ്ക് അക്കൗണ്ടും
ഭൂരിഭാഗം പേരുടെയും പാൻ കാർഡുകളും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കിൽ പാൻ കാർഡും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള അവസാന തീയതി മാർച്ച് 31 ആണ്.
ആധാറും പാനും
സുപ്രീം കോടതിയുടെ വിധി പ്രകാരം ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും മാർച്ച് 31 ആണ്. 2018 ജൂണ്‍ 31 ആയിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 2019 മാര്‍ച്ച് 31 വരെ നീട്ടിനല്‍കുകയായിരുന്നു. ഇനിയുമൊരു എക്സ്റ്റന്‍ഷന്‍ ഉണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31നു ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.
ഫോം 15 ജി / ഫോം 15H എന്നിവ സമർപ്പിക്കുക
നിങ്ങളുടെ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ഒരു സാമ്പത്തിക വർഷത്തിൽ 10,000 രൂപയിലധികം വരുമാനമുണ്ടെങ്കിൽ ആ വരുമാനത്തിൽ നിന്ന് നികുതി ഈടാക്കും. എന്നാൽ ഫോം 15 ജി / ഫോം 15 എച്ച് എന്നിവ ബാങ്കിൽ സമർപ്പിക്കുന്നതിലൂടെ നികുതിയിൽ നിന്ന് രക്ഷപ്പെടാം. മാർച്ച് 31 ആണ് ഇവ സമർപ്പിക്കുന്നതിനുള്ള അവസാന ദിനം. ഫോം 15 എച്ച് അറുപതു വയസ്സിന് മുകളിലുള്ളവർക്കും ഫോം 15G മൊത്തം വരുമാനം പരമാവധി തുകയിൽ കവിയാത്തവർക്കുമാണ്.