കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കും
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം. തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത നിർമാണ മേഖലയിലെ തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ആണ് തീരുമാനമെടുത്തത്. തീരുമാനത്തെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം പിന്തുണച്ചു. അനർഹരെ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി തൊഴിലാളികളുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസ് തയ്യാറാക്കും .
നിർമാണ ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 3.18 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിന് പ്രതിമാസം 50 കോടി രൂപ ചിലവാകും. ഈ പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് പിരിവ് ഊർജിതമാക്കണം. സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്താൻ ആണ് തീരുമാനം. നിലവിലുള്ള സെസ് കുടിശ്ശിക പിരിച്ചെടുക്കാൻ തൊഴിൽവകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി സെസ് അദാലത്തുകൾ സംഘടിപ്പിക്കാനും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. നിർമാണ മേഖലയിലെ അതിഥി തൊഴിലാളികളെ ക്ഷേമ ബോർഡിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിക്കും.
ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ചെയർമാൻ വി ശശികുമാർ, ആർ ചന്ദ്രശേഖരൻ, കെ പി സഹദേവൻ, കോനിക്കര പ്രഭാകരൻ, വിജയൻ കുനുശ്ശേരി തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുത്തു.