ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31; കാലതാമസം ഉണ്ടായാൽ നിയമനടപടിയും നേരിടേണ്ടി വരാം.
ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേൺ സമർപ്പിക്കേണ്ടത്. സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം.
കൃത്യമായി റിട്ടേൺ സമർപ്പിക്കുന്നവർക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പിഴ ഒഴിവാക്കാം എന്ന പതിവ് ഉത്തരത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില പ്രയോജനങ്ങൾ കൂടി നികുതിദായകന് ലഭിക്കും.
റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ പിഴ തുക പതിനായിരം രൂപ വരെയായി ഉയരാം. ഫയൽ ചെയ്യുന്നത് വൈകുന്ന മുറയ്ക്ക് നികുതി അടയ്ക്കുന്ന തുകയ്ക്ക് പലിശയും ഒടുക്കേണ്ടി വരാം.
നിയമനടപടി
റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ നിയമനടപടിയും നേരിടേണ്ടി വരാം. കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് അയക്കുന്ന നോട്ടീസിന് നൽകുന്ന മറുപടിയിൽ ആദായനികുതി ഉദ്യോഗസ്ഥർ തൃപ്തരല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടി വരാമെന്ന് വിദഗ്ധർ പറയുന്നു.
വായ്പ
കൃത്യമായി റിട്ടേൺ സമർപ്പിച്ച് മികച്ച ട്രാക്ക് റെക്കോർഡുള്ളവർക്ക് എളുപ്പം വായ്പ ലഭിക്കും. വായ്പയ്ക്കായി അപേക്ഷിക്കുന്ന ഘട്ടത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ച രേഖ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. സാമ്പത്തിക ശേഷിയുടെ തെളിവ് എന്ന നിലയിലാണ് ഇത് ബാങ്കുകൾ ചോദിക്കുന്നത്. വായ്പ അനുവദിക്കുന്നതിന് ഐടിആർ രേഖ നിർബന്ധമാണ്.
നഷ്ടം
നഷ്ടം അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് മാറ്റുന്നതിന് ആദായനികുതി നിയമം അനുവദിക്കുന്നുണ്ട്. റിട്ടേൺ കൃത്യമായി ഫയൽ ചെയ്യുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിലൂടെ ഭാവിയിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി ബാധ്യത കുറയ്ക്കാൻ സാധിക്കും
വിസ
വിസയ്ക്ക് അപേക്ഷിക്കുമ്പോഴും നികുതി റിട്ടേൺ പ്രധാനപ്പെട്ട രേഖയാണ്. പല എംബസികളും ഇത് ആവശ്യപ്പെടാറുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നവർക്ക് വിസ നടപടികൾ എളുപ്പം പൂർത്തിയാക്കാൻ സാധിക്കും