സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം
കൊച്ചി: സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലേക്ക്(ക്രിയേറ്റീവ് ഇക്കണോമി) മാത്രമായി കൂടുതല്‍ നിക്ഷേപം വരണമെന്ന് കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയും ചേര്‍ന്ന് കേന്ദ്ര സാംസ്ക്കാരികവകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ബിയോണ്ട് ടുമാറോ സമ്മേളനം ആഹ്വാനം ചെയ്തു. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.
സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപ സാധ്യതകള്‍ മറ്റു മേഖലകളേക്കാള്‍ വളരെ വലുതാണ്. മറ്റ് വ്യവസായങ്ങളേക്കാള്‍ തൊഴിലവസരം സൃഷ്ടിക്കുന്നത് ഇതിലൂടെയാണ്. അതിനാല്‍ തന്നെ പ്രാദേശികജനതയാണ് സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളെന്നും സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സാംസ്ക്കാരിക-സര്‍ഗ്ഗാത്മക ഉദ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതില്‍ മുന്‍ഗണന വേണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എം പി പറഞ്ഞു. വികസനമെന്നത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നത് മാത്രമല്ല, മറിച്ച് സാംസ്ക്കാരികമായ പൈതൃക ബിന്ദുക്കളെ പരിപോഷിപ്പിക്കുന്നത് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ഗ്ഗാത്മക സമൂഹവും സ്റ്റാര്‍ട്ടപ്പ് മേഖലയും കൈകോര്‍ക്കുന്നതോടെ നിക്ഷേപ താത്പര്യങ്ങളും ഈ മേഖലയില്‍ വര്‍ധിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. മറ്റ് മേഖലകളേക്കാല്‍ സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ കൂടുതലാണ്. അതിനാല്‍ തന്നെ സാധാരണക്കാരാകും ഇതിന്‍റ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥയിലൂടെ തൊഴിലവസരം സൃഷ്ടിക്കല്‍, കലയെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി സംയോജിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്.
സാങ്കേതികവിദ്യയും സര്‍ഗ്ഗാത്മക മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധം കഴിഞ്ഞ ഒരു ദശകമായി വികസിച്ചു വന്നിട്ടുണ്ടെന്ന് കെ എസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി
വരുമാനം നേടുന്ന രീതിയിലേക്ക് രാജ്യത്തെ സര്‍ഗ്ഗാത്മക വ്യവസായം മാറണമെന്ന് പരിപാടിയില്‍ സംസാരിച്ച കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഡെ. സെക്രട്ടറി ഷാ ഫൈസല്‍ പറഞ്ഞു. വ്യക്തമായ നയവും കാര്യപരിപാടികളുമുണ്ടെങ്കില്‍ മാത്രമേ സര്‍ഗ്ഗാത്മക വ്യവസായത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ നിക്ഷേപം നടത്തിയാല്‍ മറ്റ് വ്യവസായങ്ങള്‍ അമ്പതിനടുത്ത് തൊഴിലവസരം സൃഷ്ടിക്കുമ്പോള്‍ സര്‍ഗ്ഗാത്മക വ്യവസായത്തില്‍ ഇത് 110 ആണെന്ന് ചടങ്ങില്‍ സംബന്ധിച്ച ടീം വര്‍ക്ക്സ് ആര്‍ട്ട് എംഡിയും ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി കൊ. ചെയര്‍ സഞ്ജോയ് കെ റോയി ചൂണ്ടിക്കാട്ടി.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ കമ്മിറ്റിയംഗവും ദി ആര്‍ട്ട് ഔട്ട് റീച്ച് സൊസൈറ്റി സ്ഥാപകയുമായ താന്യ എബ്രഹാം, എന്നിവര്‍ക്ക് പുറമെ കലാ-സാഹിത്യ-സര്‍ഗ്ഗാത്മക മേഖലയില്‍ നിന്നുള്ള 20 ലേറെ വിദഗ്ധരും വിവിധ സെഷനുകളില്‍ സംസാരിച്ചു.
വിദ്യാഭ്യാസത്തിലെ വൈവിദ്ധ്യമാര്‍ന്ന സമീപനം-സമഗ്ര ദൃഷ്ടി, സാംസ്ക്കാരിക പൈതൃകത്തിലൂടെ ടൂറിസത്തെ പരിപോഷിപ്പിക്കല്‍, ടെക് ടോക്ക് ഡിജിറ്റല്‍ ഡയലോഗ്, എന്നീ പാനല്‍ ചര്‍ച്ചകള്‍ക്ക് പുറമെ മൂന്ന് വ്യക്തിഗത അവതരണങ്ങളും പരിപാടിയില്‍ നടന്നു. വൈകീട്ട് കൂടിയാട്ടം പ്രദര്‍ശനവും അരങ്ങേറി.