ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍.
രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്വദേശി 19-കാരനായ നരേന്ദ്ര ചൗധരിയാണ് പോലീസിന്റെ വലയിലായത്. അടുത്തിടെ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി ഒരാള്‍ ഡല്‍ഹി പോലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്.
മധോപൂരിലെ മൊബൈല്‍ ഷോപ്പ് ഉടമയും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമായി ചേര്‍ന്നാണ് 19-കാരനായ നരേന്ദ്ര ചൗധരി തട്ടിപ്പ് നടത്തിയത്. ക്രിപ്റ്റോ കറന്‍സികളില്‍ പണം നിക്ഷേപിച്ചാല്‍, ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിയായി ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇരുവരും തട്ടിപ്പിന് തുടക്കമിട്ടത്. വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായവരെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും തുടര്‍ന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു.
ബോണേഷ് മീണയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ആളുകളോട് സംസാരിച്ചത്. ക്രിപ്റ്റോയില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 10,000 രൂപയും, പിന്നീട് 6,000 രൂപയുമാണ് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കമ്മീഷനായി 12,000 രൂപയും ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ആളുകളില്‍ നിന്ന് 45,000 രൂപയോളമാണ് കൈക്കലാക്കിയത്. പണം നഷ്ടമായെന്നും, കബളിപ്പിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മധോപൂരിലെ കുന്ദേരാ ഗ്രാമത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച 19-കാരനെ പിടികൂടിയത്.