ചന്ദ്രയാൻ ദൗത്യം : ലക്ഷ്യബോധത്തിന്റെയും കൂട്ടായ്മയുടെയും ഗംഭീരവിജയം
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 മൂന്ന് ഓഗസ്റ്റ് 23 ബുധനാഴ്ച ചന്ദ്രനെ തൊട്ടു. വൈകീട്ട് ആറുമണിക്കുശേഷമായിരുന്നു ലാൻഡിങ്. ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‍വർക്ക് (ഐ.ഡി.എസ്.എൻ) ആണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ നിരീക്ഷിച്ചത്
ഈ ഗംഭീരവിജയത്തിൽ തെളിയുന്നുണ്ട്, നമ്മുടെ അഭിമാനത്തിന്റെ നിമിഷങ്ങൾ. ബഹിരാകാശ ചരിത്രത്തിൽ നാം കണ്ടെത്തിയ പുതിയ ഉയരം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചന്ദ്രനിൽ ചാർത്തിയ ഈ കയ്യൊപ്പിലുള്ളത് ചാന്ദ്രഗവേഷണങ്ങളുടെ ദീർഘപാതയിലെ നിർണായകനേട്ടമാണ്.
ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാന്‍ 3 പുതിയ ചരിത്രം രചിക്കുമ്പോള്‍, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയാണ്. കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്
നാൽപതു വർഷം നീണ്ട അന്വേഷണത്തിന്റെ ആദ്യത്തെ ഉത്തരമായിരുന്നു ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം 2008ൽ ലോകത്തിനു സമ്മാനിച്ചത്: ചന്ദ്രനിൽ ജലസാന്നിധ്യമുണ്ട്. 1969ൽ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയശേഷം ശാസ്‌ത്രജ്‌ഞർക്കു ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ അറിവായിരുന്നു അത്.
യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനുമുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.. ചന്ദ്രനിലിറക്കം എത്ര ദുഷ്‌കരമാണെന്ന് അടയാളപ്പെടുത്തുന്നതായി, ചന്ദ്രയാൻ 3 വിക്ഷേപിച്ചശേഷം റഷ്യ വിക്ഷേപിച്ച ലൂണ 25ന്റെ പരാജയം.
ചന്ദ്രയാൻ മൂന്നിലെ ലാൻഡിങ് വിജയകരമായാൽ ഭാവിയിൽ ചൊവ്വയിലോ മറ്റു ഗ്രഹങ്ങളിലോ ലാൻഡറിനെ ഇറക്കി പര്യവേക്ഷണം നടത്താൻ നമുക്കു കുറെക്കൂടി കരുത്തു ലഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞിരുന്നു.
ചന്ദ്രയാൻ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ഐഎസ്‌ആർഒയുടെ അടുത്ത നോട്ടം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ‘ആദിത്യയാൻ’ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിരിക്കുന്നു.
രാജ്യം ഇപ്പോൾ നേടിയ ചരിത്രനേട്ടം സങ്കീർണമായ ഏതു സാങ്കേതികവിദ്യയിലും നമുക്കു കയ്യൊപ്പു ചാർത്താനാവുമെന്നും ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ തലയുയർത്തിനിൽക്കാമെന്നും ഒരിക്കൽക്കൂടി തെളിയിക്കുന്നു. ഉയരങ്ങളിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നതിന്, ഏതു സ്വപ്‌നവും ദൂരെയല്ലെന്ന് ഓർമിപ്പിക്കുന്നതിന് ഐഎസ്ആർഒയോടു നമുക്കു നന്ദി പറയാം; അവരുടെ കൂടുതൽ വിജയങ്ങൾക്കായി ആശംസകളോടെകാത്തിരിക്കാം.