മൂല്യ വർധിത നികുതി (വാറ്റ്) കാലത്തെ വിറ്റുവരവ് കണക്കുകളിലെ പൊരുത്തക്കേടുകൾ
Editorial -Vipinkumar.K.P
മൂല്യ വർധിത നികുതി (വാറ്റ്) കാലത്തെ വിറ്റുവരവ് കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് നോട്ടീസ് നടപടികൾ നിർത്തിവെക്കാന്‍ തീരുമാനിച്ചത് നല്ലതുതന്നെയാണ്. എന്നാല്‍ ഇക്കാര്യങ്ങളിൽ നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കേണ്ടതാണ്. ഇതിനോടകം നോട്ടീസ് നൽകിക്കഴിഞ്ഞ വ്യാപാരികളുടെ മേലുള്ള തുടർനടപടികൾ താൽക്കാലത്തേക്ക് നിർത്തിവെക്കുമെന്നും കൂടാതെ ഇനിയുള്ളവർക്ക് നോട്ടീസ് അയക്കലും തൽക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് വളരെ ആശ്വാസകരമായ തീരുമാനം തന്നെയാണ് . സേവന നികുതി (ജിഎസ്ടി) വന്നിട്ട് വർഷം രണ്ടു കഴിഞ്ഞു. എന്നിട്ടും ,മുൻപു നിലവിലുണ്ടായിരുന്ന മൂല്യവർധിത നികുതിയിൽ (വാറ്റ്) വൻ കുടിശിക ഉണ്ടെന്ന പേരിൽ വ്യാപാരികൾക്കും വ്യവസായികൾക്കും നോട്ടിസ് അയച്ചത് വ്യാപാര, വ്യവസായ സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. ചിലതിൽ കണക്കു കോടികളുടേതാണ്. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള 5 വർഷത്തെ കണക്കുകൾ പുനഃപരിശോധിച്ചാണു നികുതി കുടിശിക കണ്ടെത്തിയതെന്നു നോട്ടിസില്‍ പറയുന്നു. 2013 – 14 മുതൽ 2017 – 18 വരെയുള്ള വർഷങ്ങളിലെ നികുതിയടയ്ക്കലുമായി ബന്ധപ്പെട്ടാണു നോട്ടിസുകൾ. വ്യാപാരികൾ സമർപ്പിച്ച വിറ്റുവരവ് കണക്കിലെ പൊരുത്തേക്കേട് കണ്ടെത്താൻ തയാറാക്കിയ സോഫ്റ്റ്വെയറിെല തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അറിയാന്‍ കഴിയുന്നു. അതേസമയം, ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് കണ്ടെത്തിയ നികുതി ക്രമക്കേടുകളിൽ അന്വേഷണവും നടപടിയും തുടരാനാണ് തീരുമാനം.
മുൻപുണ്ടായിരുന്ന വാറ്റിന്റെ 2017 ജൂൺ 30 വരെയുള്ള കുടിശിക ഒത്തുതീർപ്പാക്കാനുള്ള ആംനെസ്റ്റി സ്കീം സർക്കാർ നടപ്പാക്കിയിരുന്നു. സ്കീം പ്രകാരം നികുതിക്കുടിശിക മാത്രം അടച്ചാൽ മതിയായിരുന്നു. പിഴയ്ക്കും പലിശയ്ക്കും ഇളവുണ്ടായിരുന്നു. തുക 2020 മാർച്ച് 31നകം ആറ് തവണകളായി അടയ്ക്കാനും അവസരം നൽകി. എന്നാല്‍, സ്കീമിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് അവസാനിക്കുകയും ചെയ്തു.
വിശദവിവരങ്ങളൊന്നുമില്ലാതെ വരുന്ന വൻതുകയുടെ നോട്ടിസ് കണ്ടു പലരും മാനസിക സമ്മർദത്തിലാണ്. പത്തനംതിട്ടയിലെ ഒരു വ്യാപാരി ജീവനൊടുക്കി. അടച്ചുപൂട്ടിയ കടയുടെ പേരിൽ വൻതുക പിഴയൊടുക്കാൻ അറിയിപ്പു ലഭിച്ച ഒരു വ്യാപാരി മാവേലിക്കരയിൽ ജീവനൊടുക്കാൻ ശ്രമിച്ചത് ഏതാനും ദിവസം മുൻപാണ്. വ്യാപാരികൾക്കു തെറ്റായ കണക്കുകൾ ചൂണ്ടിക്കാട്ടിയുള്ള നോട്ടിസ് അയച്ച ശേഷം അവർ കാരണം അറിയിക്കണമെന്നു പറയുന്നത് എന്തുകൊണ്ടും ന്യായമല്ല. ജി.എസ്.ടി പിരിവ് പ്രതിമാസം ഒരു ലക്ഷം കോടിയാക്കി ഉയർത്താന്‍ വേണ്ടി കേന്ദ്രസർക്കാര്‍ ലക്ഷ്യമിട്ട് പുതിയ വഴികള്‍ തേടുന്നത്തിന്റെ ഭാഗമായിട്ടുള്ള പുതിയ മാറ്റങ്ങള്‍കൊണ്ടു വ്യാപാരികള്‍ പ്രയാസപ്പെടുന്ന സമയത്ത് കേരള സര്‍ക്കാരില്‍ നിന്ന് ഇതു പോലുള്ള നടപടികള്‍ വളരെ പ്രധിഷേധമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ , ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് കണ്ടെത്തിയ നികുതി ക്രമക്കേടുകളിൽ അന്വേഷണവും നടപടിയും തുടരാനാണ് തീരുമാനമേടുത്തിട്ടുള്ളതെന്നാണ് അറിയുന്നത് . വ്യാപാരികൾക്കയച്ച നോട്ടീസുകൾ സ്റ്റാറ്റ്യൂട്ടറി ആയതിനാൽ പിൻവലിക്കാനാകില്ല. പ്രളയവും സാമ്പത്തിക മാന്ദ്യവുംമൂലം ദിവസകച്ചവടം പോലും പ്രതീക്ഷയ്ക്കൊത്ത് ലഭിക്കാതെ വ്യാപാരികൾ പകച്ചുനിൽക്കുമ്പോഴാണ് സർക്കാരിന്റെ ഇരുട്ടടി. സർക്കാരിന്റെ ഭാഗത്തുനിന്നു മനുഷ്യത്വപരമായ സമീപനമാണു വേണ്ടത്.