ലോണെടുത്ത് കാര്‍ വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; ലോണ്‍ തീര്‍ന്നാലും കാര്‍ നിങ്ങളുടെ സ്വന്തമാകുമോ?
ലോണെടുത്ത് കാർ വാങ്ങുന്നവർ ഇന്ന് നിരവധിയാണ് എന്നാൽ അവസാന ഇഎംഐ അടയ്ക്കുന്നതോടെ കാർ സ്വന്തമായി എന്ന് കരുതുന്നവരാണ് പലരും. എന്നാൽ കാർ ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതും നിങ്ങൾ ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ബാങ്കിന് നൽ കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് അഥവാ എൻഒസി. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ബാങ്ക് എൻഒസി നൽകണം. ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായും ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല. വാഹനത്തിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല് മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം. ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും. ഇതുമൂലം ചിലപ്പോൾ പുതിയ ലോൺ ലഭിക്കുന്നതുവരെ തടയപ്പെട്ടേക്കാം. കാർ ലോൺ മാത്രമല്ല, ഏതു തരം ലോൺ ആണെങ്കിലും പണം തിരിച്ചടച്ച് കഴിഞ്ഞ് ക്രഡിറ്റ് സ്കോർ പരിശോധിക്കുന്നത് നല്ലതാണ്. കാരണം നിങ്ങളുടെ ഇടപാടിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാൻ ഇത് സഹായിക്കും. സിബിൽ സ്കോർ അറിയാൻ ബാങ്കിൽ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനകം റിസൾട്ട് അറിയാം