രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരത്തിലാക്കുന്നതിനായി ഫെയിം 2 പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരത്തിലാക്കുന്നതിനുള്ള ഫെയിം 2 പദ്ധതിക്ക് പ്രത്യേക പാനലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഫെയിം 2 പദ്ധതി നിരീക്ഷിക്കാനും അനുമതി നല്‍കാനും നടപ്പിലാക്കാനുമാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പാനല്‍ രൂപീകരിക്കുക. 10,000 കോടി രൂപയാണ് ഫെയിമിന്റെ രണ്ടാം ഘട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും പാനലിന്റെ പ്രവര്‍ത്തനം. കൂടാതെ നീതി ആയോഗ് സിഇഒ, വാണിജ്യവ്യവസായ പ്രൊമോഷന് വകുപ്പ് സെക്രട്ടറി, സാന്പത്തികകാര്യ സെക്രട്ടറി, ഊര്ജവകുപ്പിലെയും പാരന്പര്യേതര ഊര്‍ജ വകുപ്പിലെയും സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. അടുത്ത മാസം ഒന്നു മുതല്‍ മൂന്നു വര്‍ഷമാണ് ഫെയിം 2 പദ്ധതിയുടെ കാലാവധി. ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരു ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് 20,000 രൂപ വരെ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരമാവധി അഞ്ചു ലക്ഷം രൂപ എക്സ് ഫാക്ടറി വിലയുള്ള മുച്ചക്ര വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയും 15 ലക്ഷം രൂപ വരെ വിലവരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെയും ഇന്‍സെന്റീവ് ആയി ലഭിക്കും. 35,000 കാറുകള്‍ക്കാണ് ഈ അവസരം ലഭിക്കുക. രണ്ടു കോടി രൂപ വരെ വില വരുന്ന 7,090 ഇലക്ട്രിക് ബസുകള്‍ക്ക് 50 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് നല്‍കും.
2019-2020ല്‍ 1,500 കോടി രൂപയും 2020-21ല്‍ 5,000 കോടി രൂപയും 2021-22ല്‍ 3,500 കോടി രൂപയുമാണ് ചെലവഴിക്കുക. കൂടാതെ രാജ്യവ്യാപകമായി 2,700 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കാനും ഫെയിം 2 പദ്ധതിയില്‍ ആലോചനയുണ്ട്.