പുതുമകളോടെ ഹീറോ HF ഡീലക്‌സ് ഐബിഎസ് ബൈക്ക്
ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനമാണ് 2019 HF ഡീലക്‌സ് i3S മോഡലിന്റെ മുഖ്യവിശേഷം. 49,067 രൂപ വിലയില്‍ ഹീറോ HF ഡീലക്‌സ് ഐബിഎസ് പതിപ്പ് വിപണിയില്‍ അണിനിരക്കും.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തിലാണ് HF ഡീലക്‌സിന് ഐബിഎസ് സംവിധാനം നല്‍കാനുള്ള ഹീറോയുടെ തീരുമാനം. സുരക്ഷ മുന്‍നിര്‍ത്തി 125 സിസിയില്‍ താഴെയുള്ള ഇരുച്ചക്ര വാഹനങ്ങള്‍ക്ക് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവും.നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള ബൈക്കുകളില്‍ ഒന്നാണ് ഹീറോ HF ഡീലക്‌സ് i3S. വലിയ ഡ്രം ബ്രേക്കുകള്‍ പുതിയ ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും. മുന്‍തലമുറയില്‍ 110 mm ഡ്രം ബ്രേക്കുകളാണ് കമ്പനി നല്‍കിയത്. എന്നാല്‍ ഇനി മുതല്‍ 130 mm ഡ്രം യൂണിറ്റുകള്‍ HF ഡീലക്‌സില്‍ ബ്രേക്കിംഗ് നിര്‍വഹിക്കും.
ബൈക്കിലുള്ള 97.2 സിസി ഒറ്റ സിലിണ്ടര്‍ നാലു സ്‌ട്രോക്ക് എഞ്ചിന് 8.24 bhp കരുത്തും 8.05 Nm torque ഉം സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് ഓപ്ഷനുകള്‍ മോഡലിലുണ്ട്. മൈലേജ് പരമാവധി ഉറപ്പുവരുത്താന്‍ ഹീറോയുടെ i3S സാങ്കേതികവിദ്യ HF ഡീലക്‌സിനെ സഹായിക്കും.ട്രാഫിക്ക് സിഗ്നലുകളിലും മറ്റും ബൈക്ക് നിശ്ചലമായി തുടരുന്നപക്ഷം i3S സംവിധാനം ഇടപെട്ട് എഞ്ചിന്‍ നിശ്ചലമാകും. ശേഷം എഞ്ചിന്‍ തിരികെ പ്രവര്‍ത്തിപ്പിക്കാന്‍ ക്ലച്ച് അമര്‍ത്തിയാല്‍ മതി. i3S സംവിധാനം താത്കാലികമായി നിര്‍ത്താന്‍ പ്രത്യേക ബട്ടണും ഹാന്‍ഡില്‍ബാറിലുണ്ട്.
ARAI നടത്തിയ പരിശോധനയില്‍ 88.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് HF ഡീലക്‌സ് i3S കാഴ്ച്ചവെച്ചത്. ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍ HF ഡീലക്‌സില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബ്ലൂ ബാക്ക്‌ലിറ്റ് വെളിച്ചമുള്ള ഇരട്ട പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതുഫീച്ചറുകളില്‍ മുഖ്യം. i3S സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ പ്രത്യേക വാര്‍ണിംഗ് ലാമ്പ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. ഇതിനുപുറമെ ന്യൂട്രല്‍ ഗിയര്‍, സൈഡ് സ്റ്റാന്‍ഡ്, ഹൈ ബീ എന്നിവ കാണിക്കാനും പ്രത്യേകം വാര്‍ണിംഗ് ലാമ്പുകള്‍ ബൈക്കില്‍ ഒരുങ്ങുന്നു.പുറംമോടിയില്‍ പതിപ്പിച്ച ഗ്രാഫിക്‌സിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തി. ഹെവി ഗ്രെയ് - ബ്ലാക്ക്, ക്യാന്‍ഡി ബ്ലേസിംഗ് റെഡ്, ബ്ലാക്ക് - റെഡ്, ബ്ലാക്ക് - പര്‍പ്പിള്‍, ഹെവി ഗ്രെയ് - ഗ്രീന്‍ നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. ഇതില്‍ അവസാനത്തേത് ബൈക്കിലെ പുതിയ നിറപ്പതിപ്പാണ്.
നിലവില്‍ i3S, ഐബിഎസ് സംവിധാനങ്ങളില്ലാത്ത HF ഡീലക്‌സ് പതിപ്പുകളെയും കമ്പനി വിപണിയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഏപ്രില്‍ മുതല്‍ HF ഡീലക്‌സ് i3S ഐബിഎസ് പതിപ്പ് മാത്രമെ വിപണിയില്‍ തുടരുകയുള്ളൂ.