ഡീസല്‍ വാഹന നിര്‍മ്മാണത്തില്‍ നിന്നും മാരുതി പിന്‍മാറുന്നു
ശക്തമായ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും ഉയരുന്ന ഇന്ധനവിലയും കാരണം അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകളുടെ വില്‍പനയും നിര്‍മ്മാണവും മാരുതി പൂര്‍ണമായും നിര്‍ത്തുന്നു. മാരുതിയുടെ വാര്‍ഷിക വാഹന വില്പനയില്‍ 23 ശതമാനം മാത്രമാണ് ഡീസല്‍ വാഹനങ്ങള്‍ക്കുള്ളത്. ഡീസല്‍ വാഹന ഉത്പാദനം നിര്‍ത്തുമ്ബോള്‍ ഉപയോക്താക്കള്‍ പെട്രോള്‍, സി എന്‍ ജി വാഹനങ്ങളിലേക്ക് മാറുമെന്ന് മാരുതി പ്രതീക്ഷിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തുമ്ബോള്‍ കൂടുതല്‍ സി എന്‍ ജി വാഹനങ്ങള്‍ കമ്ബനി പുറത്തിറക്കും.
അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിനുള്ള ഭാരത് സ്‌റ്റേജ് (BS - VI) സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവില്‍ വരുന്നത് 2020 ഏപ്രില്‍ ഒന്നുമുതലാണ്. ചെറിയ കാറുകളില്‍ BS VI ചട്ടങ്ങള്‍ അനുസരിച്ചുകൊണ്ട് ഡീസല്‍ എന്‍ജിനുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ചെലവേറെയാണ്. ഇത് വാഹനത്തിന്റെ വില കൂടുന്നതിനും കാരണമാകും. BS VI ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷവും ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ 1500 സി സി യിലുള്ള ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് കമ്ബനിയുടെ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ മാര്‍ച്ച് 31ന് അവസാനിച്ച സാമ്ബത്തികവര്‍ഷത്തില്‍ 6.1 ശതമാനം വളര്‍ച്ചയോടെ ആകെ 17.53 ലക്ഷം വാഹനങ്ങളാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വിറ്റത്. ഇതില്‍ 17.29 ലക്ഷം കാറുകളും 23,874 എല്‍ സി വികളും ഉള്‍പ്പെടും. കയറ്റുമതി ചെയ്തത് 1,08,749 വാഹനങ്ങളാണ്.