ഇന്ത്യയില്‍ നിന്നുള്ള ടൂ വീലര്‍ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള പത്തുമാസ കാലയളവില്‍ മൊത്തം ടൂ വീലര്‍ കയറ്റുമതി 19 .49 ശതമാനം ഉയര്‍ന്നു. ആട്ടോ വ്യവസായ രംഗത്തെ കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്‌സിന്റെ [സിയാം ] കണക്കുകള്‍ പ്രകാരം 27 .60 ലക്ഷം ഇരു ചക്ര വാഹനങ്ങള്‍ ഇക്കാലയളവില്‍ കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 23 .09 ലക്ഷം യൂണിറ്റുകളായിരുന്നു. മൊത്തം കയറ്റുമതിയില്‍ 24 . 12 ലക്ഷവും മോട്ടോര്‍ ബൈക്കുകളായിരുന്നു. 18 .61 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. 332,197 സ്‌കൂട്ടറുകളും 14,938 മോപ്പഡുകളും ഈ പത്തു മാസത്തിനിടയില്‍ കയറ്റി അയച്ചു. കയറ്റുമതി പ്രധാനമായും നടന്നത് ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ ജ്യങ്ങളിലേക്കുമായിരുന്നു.
കയറ്റുമതിയില്‍ മികച്ച നേട്ടം കൊയ്തത് ബജാജ് ആയിരുന്നു. 14 .50 ലക്ഷം ബജാജ് വാഹനങ്ങള്‍ കയറ്റി അയച്ചു. 24 .87 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. അഞ്ചു ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റി അയച്ച ടി വി എസ് ആണ് രണ്ടാം സ്ഥാനത്ത്.
ഹോണ്ട 325,759 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. യമഹ 2 .09 ലക്ഷം ടൂ വീലറുകളും ഹീറോ 1 .63 ലക്ഷം യൂണിറ്റുകളും കയറ്റി അയച്ചതായി സിയാം കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനികളുടെ വില്പന നല്ല തോതില്‍ കൂടിയിട്ടില്ല. ഏപ്രില്‍ - ജനുവരി കാലയളവില്‍ 1 .81 കോടി ഇരുചക്ര വാഹനങ്ങളാണ് വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8 .07 ശതമാനം വര്‍ധനയാണ് ആഭ്യന്തര വില്പനയില്‍ കമ്പനികള്‍ നേടിയത്. കയറ്റുമതിയിലെ മുന്നേറ്റമാണ് ടൂ വീലര്‍ കമ്പനികള്‍ക്ക് നേട്ടമായത്.