2019-20 സാമ്പത്തിക വര്‍ഷത്തിലെ മുന്‍കൂര്‍ ആദായ നികുതി അടയ്ക്കേണ്ടത് എങ്ങനെ?
ആദായനികുതി നിയമത്തിലെ 208-ാം വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതിബാധ്യത വരുന്ന എല്ലാ നികുതിദായകരും മുന്‍കൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാല്‍, റെസിഡന്റ് ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ വരുമാനമില്ലെങ്കില്‍ അവര്‍ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ട. നോണ്‍ റെസിഡന്റ് ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര് ബിസിനസില്‍നിന്നും പ്രൊഫഷനില്‍നിന്നും വരുമാനം ഇല്ലെങ്കിലും മറ്റുവരുമാനങ്ങളുണ്ടെങ്കില് മുന്‍കൂര്‍ നികുതി അടയ്ക്കണം. വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുക എന്നതാണ് മുന്‍കൂര്‍ നികുതിയുടെ അടിസ്ഥാന തത്വം.
2019-20 സാമ്പത്തിക വര്‍ഷത്തിലെ മുന്‍കൂര്‍ ആദായ നികുതി 4 ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു.
ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു നികുതിദായകന്റെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നുവെന്നു വിചാരിക്കുക. അദ്ദേഹം 2019 ജൂണ്‍ 15നു മുമ്പ് 15,000 രൂപ ആദ്യഗഡുവായി മുന്‍കൂര്‍ നികുതി അടയ്ക്കണം. ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍നിന്നും 20,000 രൂപ സ്രോതസില്‍ നികുതിയായി പിടിക്കുന്നുവെന്നും കരുതുക. സെപ്റ്റംബര്‍ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു ആകെ നികുതി ബാധ്യതയായ 1,00,000 രൂപയില്‍നിന്നു സ്രോതസില്‍ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തില്‍നിന്നും നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയില്‍നിന്നും ആദ്യ ഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്.
ഡിസംബര്‍ 15ന് മുമ്പ് മൂന്നാമത്തെ ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയില്‍നിന്നും നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപയാണ് അടയ്ക്കേണ്ടത്. 4-ാമത്തെ ഗഡു 2020 മാര്‍ച്ച് 15നു മുമ്പായിട്ടാണ് അടയ്ക്കേണ്ടത്. ആകെ നികുതിത്തുകയായ 1,00,000 രൂപയില്‍നിന്നും സ്രോതസില്‍ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിതുകയായ 80,000 രൂപയില്‍നിന്നും ഇതുവരെ അടച്ച മുന്‍കൂര്‍ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20,000 രൂപയാണ് നാലാമത്തെ ഗഡു.
എന്നാല്‍, ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം അല്ലെങ്കില്‍ ആറു ശതമാനം നികുതി അടച്ച് കോമ്പൗണ്ട് ചെയ്യുന്ന നികുതിദായകര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന തീയതികള്‍ മുന്‍കൂര്‍ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകര്‍ മുഴുവന്‍ നികുതിയും ഒറ്റത്തവണയായി 2020 മാര്‍ച്ച് 15നു മുമ്പായി അടച്ചാല്‍ മതി. അതുപോലെ തന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രൊഫഷണലുകളും മുന്‍കൂര്‍ നികുതി ഒറ്റത്തവണയായി 2020 മാര്‍ച്ച് 15നു മുമ്പ് അടച്ചാല്‍ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കില്‍ സര്‍ചാര്‍ജും കൂട്ടി വേണം നികുതി അടയ്ക്കാന്‍.
മുന്‍കൂര്‍ നികുതിയില്‍ കുറവ് വന്നാല്‍ ആദായ നികുതി നിയമം 234 ബി, 234 സി എന്നിവ അനുസരിച്ച് പലിശ നല്‍കണം. മുന്‍കൂര്‍ നികുതിക്കു വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാര്‍ഥ വരുമാനത്തിന്റെ 90 ശതമാനത്തില്‍ താഴെയാണെങ്കില്‍ കുറവു വന്ന തുകയ്ക്ക് പലിശയും ചിലപ്പോള്‍ പിഴയും ഈടാക്കിയേക്കാം.
ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ വരുമാനത്തിന്റെ കൂടെ മറ്റു വരുമാനമുണ്ടെങ്കില്‍ അതുകൂടി കണക്കിലെടുത്തുവേണം മുന്‍കൂര്‍ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് പത്തു ശതമാനം നിരക്കില്‍ സ്രോതസില്‍ നികുതി പിടിക്കുന്നതിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി നിരക്കുകള്‍ 30 ശതമാനം വരെ ആകുന്നതിനാല്‍ ഇവയും കൂടി മുന്‍കൂര്‍ നികുതിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണം.