ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
എ ടി എം മെഷീൻ
ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ. ഇന്ന് പണം പിൻവലിക്കുവാൻ നമ്മൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന സൂത്രമാണ് ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ എന്ന എ ടി എം. ഡൊണാൾഡ് വെറ്റ്സൽ എന്ന അമേരിക്കാകാരനാണ് ഇത് കണ്ടുപിടിച്ചത്. അക്കൗണ്ടുടമയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ മാഗ്നറ്റിക് സ്ട്രിപ്പ് വായിച്ചെടുത്ത് പിൻ നമ്പർ പരിശോധിച്ച് പണം നൽകുന്ന ഈ സംവിധാനം ലണ്ടനിലാണ് ആദ്യമായി പ്രവർത്തനത്തിൽ വന്നത്. കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീൻ, മണിമെഷീൻ, ബാങ്ക് മെഷീൻ,കാഷ് മെഷീൻ, എനി ടൈം മണി എന്നിങ്ങനെ അറിയപ്പെടുന്നുണ്ട് ആധുനിക എ.ടി.എമ്മുകളിൽ, വ്യാവസായിക നിലവാരത്തിലുള്ള ഒരു കേന്ദ്രപ്രവർത്തനഘടകവും (CPU, Central Processing Unit) അതിനോടു ബന്ധിപ്പിച്ചിട്ടുള്ള ചില വിശിഷ്ട ഉപകരണങ്ങളും ഉൾപ്പെടുന്നു.
എ.ടി. എം. ഉപയോഗിക്കുന്നവർ, തട്ടിപ്പു തടയുന്നതിനും ബാങ്കിടപാടുകൾ സുരക്ഷിതമായി നടത്താനും ചില കാര്യങ്ങൾ സസൂക്ഷ്മം അനുവർത്തിക്കേണ്ടതുണ്ട്. 2017 മെയ് മാസത്തിൽ വാനാക്രൈ എന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിരവധി എടിഎം അടച്ചിടുകയുണ്ടായി. ബാങ്കുകൾ നൽകുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:
- ബാങ്കുകൾ നൽകുന്ന കാർഡുകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക.
- ബാങ്കു നൽകുന്ന രഹസ്യസംഖ്യ, ഉടൻ തന്നെ മാറ്റുക - എല്ലാ എ.ടി. എമ്മു കളിലും ഇതിനു സൗകര്യമുണ്ട്.
- രഹസ്യസംഖ്യ ഒരിക്കലും കാർഡിലോ, കവറിലോ എഴുതി വയ്കാതിരിക്കുക.
- കാർഡ് ഏതെങ്കിലും വിധത്തിൽ കൈമോശം വന്നാൽ, ഉടൻ തന്നെ ബാങ്ക് തന്നിരികുന്ന പ്രത്യേക നമ്പറിൽ ഫോൺ ചെയ്തറിയിക്കുക.
- മറ്റാരെങ്കിലും എ.ടി.എമ്മിനടുത്ത് നിൽക്കുന്ന അവസരത്തിൽ അതു ഉപയോഗിക്കാതിരിക്കുക;
- മറ്റാരും കാണാതെ യന്ത്രത്തിൽ രഹസ്യസംഖ്യ നൽകുക.
- എ.ടി. എം പ്രവർത്തിപ്പിക്കാൻ അജ്ഞാതരുടെ സഹായം തേടാതിരിക്കുക.
- എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ മറ്റൊരാളെ അയക്കാതിരിക്കുക
കാഷ് ഡെപ്പോസിറ്റ് മെഷീൻ(CDM)
കാശ് പുറത്തേക്ക് എടുക്കാമെങ്കിൽ അകത്തേക്കും ഇടേണ്ടതല്ലേ.സ്വന്തം അക്കൗണ്ടിലേക്കോ മറ്റൊരാളുടെ അക്കൗണ്ടിലേക്കോ പണം നിക്ഷേപിക്കാവുന്ന സംവിധാനമാണിത്.പൈസ അടയ്ക്കാൻ ബാങ്കിൽ ക്യൂ നിൽക്കേണ്ട (പക്ഷേ ഇതിലും ക്യൂ ഇപ്പോൾ സ്വഭാവികം). സ്ലിപ് പൂരിപ്പിക്കേണ്ട, ബാങ്ക് സമയം നോക്കേണ്ട എന്നിവയാണ് മെച്ചം.
ഡെബിറ്റ് കാർഡ്
ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നും എ.ടി.എം വഴി പണം പിൻവലിക്കാനും, കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകാനും മറ്റുമായി ബാങ്കുകൾ നല്കുന്ന പ്ലാസ്റ്റിക് കാർഡുകളാണ് ഡെബിറ്റ് കാർഡുകൾ. എ.ടി.എം കാർഡ് എന്നും അറിയപ്പെടുന്നു. ഇന്റർനെറ്റ് വഴി പണം കൈമാറാനും, സാധനങ്ങൾ വാങ്ങാനും, ഓൺലൈൻ റീച്ചാർജ് ചെയ്യുവാനും എല്ലാം ഡെബിറ്റ് കാർഡ് ഉപയോഗിക്കാം; ഈ സാഹചര്യങ്ങളിൽ ഡെബിറ്റ് കാർഡ് നേരിട്ട് ഉപയോഗിക്കുന്നതിനു പകരം അക്കൗണ്ട് നമ്പറും കാർഡിന്റെ പുറത്തു അച്ചടിച്ചിട്ടുള്ള സംഖ്യയും മറ്റും ആണ് ഉപയോഗിക്കുക. ഡെബിറ്റ് കാർഡ് നൽകുന്നതിനോടൊപ്പം ഒരു നാലക്ക രഹസ്യ നമ്പർ ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ രഹസ്യ നമ്പർ ഉപയോഗിച്ചാണ് ഉപയോക്താക്കൾ പണമിടപാടുകൾ നടത്തുന്നത്. ചില വ്യാപാരികൾ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് നിശ്ചിത തുക ക്യാഷ് ബാക്ക് നൽകാറുണ്ട്. നമ്മുടെ അക്കൗണ്ടിലുള്ള പണം ഉപയോഗപ്പെടുത്തി സാധനങ്ങളും സേവനങ്ങളും വാങ്ങുവാനാണ് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത്. കാർഡുരച്ച് കൊണ്ട് പണം നൽകാവുന്ന സംവിധാനവും ഇന്ന് മിക്ക കടകളിലും ഉണ്ട്. അതുപോലെ ഓൺലൈൻ ഇടപാടുകൾ നടത്തുവാനും ഡെബിറ്റ് കാർഡ് ഉപയോഗപ്പെടുത്താം.
വീസ ഡെബിറ്റ് കാർഡ്, മാസ്റ്റർകാർഡ്, മെയ്സ്ട്രോ കാർഡ് എന്നിങ്ങനെയുള്ള കാർഡുകളാണ് പ്രധാനമായും ഇന്ത്യയിലെ ബാങ്കുകൾ നൽകുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിനിമയം കാർഡ് നൽകുന്ന ബാങ്കുകളുമായി ബന്ധമുള്ളതാണെന്ന് പൊതുവെ പറയാമെങ്കിലും, പ്രധാനമായും വീസ, മാസ്റ്റർകാർഡ് എന്നീ സാമ്പത്തിക സേവനദാധാക്കളുടെ ശൃംഖലയിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്.
ക്രെഡിറ്റ് കാർഡ്
പണമിടപാടുകൾ നടത്തുവാൻ വേണ്ടി ബാങ്കുകൾ ഉപഭോക്താക്കൾക്കു നൽകുന്ന പ്ലാസ്സ്റ്റിക്കിനാൽ നിർമ്മിതമായ കാർഡാണ് ക്രെഡിറ്റ് കാർഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. പണം കൈവശം സൂക്ഷിക്കണ്ട എന്നതാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്ന പ്രധാന സൗകര്യം. പതിനഞ്ചു മുതൽ അൻപതു ദിവസം വരെ കടമായാണ് ബാങ്കുകൾ പണം നൽകുന്നത്. കാർഡ് അക്കൗണ്ടിൽ അനുവദിച്ചിരിക്കുന്ന ക്യാഷ് ലിമിറ്റിൽ നിന്നും പണം എ.റ്റി.എം.-ൽ നിന്നും പിൻവലിക്കുവാനും സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതാണ്. ക്രെഡിറ്റ് കാർഡിന്റെ അതേ രൂപത്തിൽ ബാങ്കുകൾ ഇപ്പോൾ ഡെബിറ്റ് കാർഡുകളും, ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. കാർഡിന്റെ മുൻപുവശത്തായി കാണുന്ന പതിനാറക്കങ്ങളാണ് ഉപഭോക്താവിന്റെ ബാങ്കിലെ അക്കൗണ്ട് നമ്പർ. കാർഡിന്റെ ഉപയോഗകാലാവധിയും മുൻപുവശത്തായി കാണാം. ഈ കാലാവധിക്കുള്ളിൽ മാത്രമേ കാർഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. കാലാവധി കഴിയുമ്പോൾ ബാങ്കുകൾ പുതിയ കാർഡുകൾ അയച്ചു നൽകുകയും ചെയ്യും.
കൈയിൽ പണമില്ലാത്തപ്പോൾ ബാങ്ക് പണം നൽകി സാധനങ്ങൾ സേവനങ്ങൾ എന്നിവയ്ക്ക് സഹായിക്കുന്ന സംവിധാനം ആണിത്.1920 - കളിൽ ആണ് ക്രഡിറ്റ് കാർഡ് സംവിധാനം ആരഭിച്ചത്. ഓയിൽകമ്പനികൾ, ഹോട്ടലുകൾ എന്നിവരായിരുന്നു ഇതിനു പിറകിൽ.1950-ൽ വന്ന 'ഡൈനേഴ്സ് ക്ലബ് കാർഡ്' ആണ് ആദ്യ ക്രഡിറ്റ് കാർഡ്
റുപേ
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ് റുപേ. വിസ, മാസ്റ്റർകാർഡ് തുടങ്ങിയ പേയ്മെന്റ് ഗേറ്റ്വേ സംവിധാനങ്ങൾക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി പെയ്മെന്റ് ഗേറ്റ്വേ സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ 2011 മദ്ധ്യത്തിൽ ചില ബാങ്കുകൾ ഈ സംവിധാനം വഴി ഉപയോക്താക്കൾക്ക് കാർഡുകൾ ലഭ്യമാക്കി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (NPCI) റുപേയ്ക്ക് അന്തിമരൂപം നൽകിയത്. ഇന്ത്യപേ എന്നാണ് ഇത് നേരത്തെ അറിയപെട്ടിരുന്നത്.
ധനകാര്യസ്ഥാപനങ്ങളെയും പോയിന്റ് ഓഫ് സെയിലിനെയും (എ.ടി.എം.-കൾ, കച്ചവട സ്ഥാപനങ്ങൾ) ബന്ധിപ്പിച്ച് ഇടപാടുചക്രം പൂർത്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന മദ്ധ്യവർത്തിയാണ് റുപേ. ഈ പേയ്മെന്റ് ഗേറ്റ്വെ സംവിധാനം വർഷം മുഴുവനും ഇടതടവില്ലാതെ പ്രവർത്തിക്കുന്നു. റുപേ നിലവിൽ വന്നതോടുകൂടി സ്വന്തം പണമിടപാട് ശൃംഖല നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. എ.ടി.എം., പോയ്ന്റ് ഓഫ് സെയിൽസ് (പി.ഒ.എസ്), ഓൺലൈൻ സെയിൽസ് എന്നീ മൂന്നു ചാനലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന റുപേ കാർഡ് ലോകത്തിലെ ഏഴാമത്തെ പേയ്മെന്റ് ഗേറ്റ്വേ സൗകര്യമാണ്.
വീസ ഇൻകോർപ്പറേഷൻ
കാലിഫോർണിയയിലെ ഫോസ്റ്റെർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ് വീസ ഇൻകോർപ്പറേഷൻ. ലോകത്തെമ്പാടും വീസ ക്രെഡിറ്റ് കാർഡ്, വീസ ഡെബിറ്റ് കാർഡ് എന്നിവയിലൂടെ നടക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ സുഗമമാക്കുകയാണ് വീസ ഇൻകോർപ്പറേഷൻ ചെയ്യുന്നത്. വീസ നേരിട്ട് കാർഡുകളൊന്നും തന്നെ വിതരണം ചെയ്യുന്നില്ല; പകരം 'വീസ' എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് വേണ്ട സാമ്പത്തികമായ ഇടപാടുകൾക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് ക്യാഷ് എന്നിങ്ങനെയുള്ള സഹായങ്ങൾ നൽകുകയാണ് ചെയ്യുന്നത്. 2009 -ൽ വീസ ഇൻകോർപ്പറേഷന്റെ ആഗോള ശൃംഖലയായ 'വീസനെറ്റ്' 62 ശതകോടി ഇടപാടുകളിലായി മൊത്തം 4.4 ലക്ഷം കോടി യു.എസ് ഡോളർ കൈകാര്യം ചെയ്തിരുന്നു.
മാസ്റ്റർകാർഡ്
'മാസ്റ്റർകാർഡ് ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ് വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.
മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്' ചെയ്യുന്നത്.
പി.ഒ.എസ് ടെർമിനൽ
കടകളിലും സൂപ്പര്മാര്ക്കറ്റുകളിലും കാര്ഡുപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത് പോയന്റ് ഓഫ് സെയില് ടെല്മിനലുകള് വഴിയാണ്. സൈ്വയ്പ്പിങ് യന്ത്രങ്ങള് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്, എങ്ങനെയാണ് ഈ സംവിധാനം പ്രവര്ത്തിക്കുന്നതെന്ന് അറിയുന്നത് നന്നായിരിക്കും പോയിൻ്റ് ഓഫ് സെയിൽസ് അഥവാ സ്വൈപ്പിങ്ങ് യന്ത്രങ്ങൾ വഴി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്തി പണം കൈമാറ്റം ചെയ്യുന്ന രീതീയാണിത്.
ഒരു റീട്ടെയില് ഇടപാട് പൂര്ണമാകുന്ന സ്ഥലം അല്ലെങ്കില് സമയം എന്നതാണ് സാധാരണയായി 'പോയന്റ് ഓഫ് സെയില്' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
അതായത് നമുക്കേവര്ക്കും പരിചയമുള്ളതുപോലെ കടയില് നിന്ന് നാം സാധനങ്ങള് തിരഞ്ഞെടുത്ത് ബില്ലിംഗ് ഏരിയയില് എത്തിക്കുന്നു. അവിടെ ബാര് കോഡ് റീഡര് ഉപയോഗിച്ചോ അല്ലെങ്കില് മാനുവലായോ ഒരാള് ബില്ലിംഗ് പ്രക്രിയ പൂര്ത്തിയാക്കുന്നു. അടുത്തതായി പണമിടപാട് നടത്തുന്നത്തിനുള്ള ഊഴമാണല്ലോ. അപ്പോള് നാം ഒന്നുകില് പണം നല്കുന്നു, അല്ലെങ്കില് കാര്ഡ് ഉപയോഗിച്ച് കടക്കാരന്റെ കറണ്ട് അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്സ്ഫര് നടത്തുന്നു.
പി.ഒ.എസ് - ശ്രദ്ധിക്കേണ്ട കാര്യങ്ങള്
പി.ഒ.എസ് ടെര്മിനലില് എന്റര് ചെയ്യുന്ന പിന് മറ്റൊരാള് കാണുന്നില്ല എന്ന് ഡെബിറ്റ് കാര്ഡ് ഉപയോക്താക്കള് ഉറപ്പു വരുത്തുക.
ചില പെട്രോള് പമ്പുകളില് വാഹനത്തില് ഇരുന്നു കൊണ്ട് കാര്ഡ് നല്കിയ ശേഷം പിന് പറഞ്ഞുകൊടുത്ത് ഇടപാടുകള് നടത്തുന്നത് കാണാറുണ്ട്. അത്തരം കാര്ഡ് ഇടപാടുകള് ഒഴിവാക്കാന് പമ്പുടമകളും ഉപഭോക്താവും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ കാര്ഡിന് പുറത്തായി പിന്നമ്പര് എഴുതി വയ്ക്കുന്നത് ദുശ്ശീലം തന്നെയാണ് ഒരിക്കലും അത്തരത്തില് കള്ളന് മുന്നിലേക്ക് താക്കോല് ഇട്ടുകൊടുക്കരുത്.
യു.പി.ഐ
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ ഉപകരിക്കുന്നു. ഇതുപയോഗപ്പെടുത്താവുന്ന ഗൂഗിൾ പേ, ഫോൺപേ, പേ ടി എം തുടങ്ങി പല ആപ്ലിക്കേഷനുകൾ ഇന്ന് സുലഭമാണ്. ഇ-വാലറ്റ് സംവിധാനം എന്നും പറയാവുന്നതാണ് ഇവയെ.
പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായതിനാൽ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. വാലറ്റുകൾ ഉപയോക്താക്കളിൽ നിന്ന് ഒരു നിശ്ചിത തുക എടുത്തു അവരുടെ അക്കൗണ്ടിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിർച്വൽ പേയ്മെന്റ് വിലാസം (ബാങ്ക് നൽകുന്ന ഒരു യൂണിക് ഐഡി), അക്കൗണ്ട് നമ്പർ ഐഎഫ്എസ് കോഡ് സഹിതം, മൊബൈൽ നമ്പറും എം എം ഐഡി, ആധാർ നമ്പർ ഇവയിൽ ഏതെങ്കിലും സങ്കേതം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്. ഒരു ഇടപാടും സ്ഥിരീകരിക്കാൻ ഒരു എംപിൻ (മൊബൈൽ ബാങ്കിങ് പേഴ്സണൽ ഐഡൻറിഫിക്കേഷൻ നമ്പർ) ആവശ്യമാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2018 ജനുവരിയിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രതിമാസം 111 കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തി. യുപിഐ ഇടപാടുകൾ ജനുവരിയിൽ 151.7 ദശലക്ഷം രൂപ കവിഞ്ഞു.പേറ്റിഎം, ഗൂഗിൾ തേസ്, ഫോൺപേ, ഭാരത സർക്കാർ പുറത്തിറിക്കിയ ഭീം തുടങ്ങിയ വാലറ്റുകളും പേയ്മെന്റ് സേവനദാതാക്കളും ഈ സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത് അതിന്റെ വളർച്ചക്ക് കാരണമായിട്ടുണ്ട്. ആമസോൺ, സ്വിഗ്ജി, ഓല, ബിഗ്ബസാർ, ജെറ്റ് എയർവെയ്സ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ആപ്ലിക്കേഷനുകളിലേക്ക് യുപിഐ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു. ആഗോള കാർഡ് പേയ്മെന്റ് സേവനദാതാക്കളായ മാസ്റ്റർകാർഡ്, വിസ തുടങ്ങിയവർക്ക് ഈ സംവിധാനം ഒരു ഭീഷണിയായി വന്നിട്ടുണ്ട്
യു.പി.ഐ.സംവിധാനത്തിന്റെ സവിശേഷതകൾ
പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.കോഡ് എന്നിവയൊന്നും ചേർക്കാതെ തന്നെ പണം കൈമാറാം എന്നതും മൊബെലിലൂടെ ഏതു സമയത്തും എവിടെയിരുന്നും സുരക്ഷിതമായി പണമിടപാടുകൾ നടത്താം എന്നതുമാണ് യു.പി.ഐ സംവിധാനത്തിന്റെ പ്രധാന മേൻമയാണ്.സാധാരണയായി ഇന്റർനെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ പണം കൈമാറുന്ന ആളുടെ വിവരങ്ങൾ നേരത്തെ തന്നെ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാൽ, യു.പി.ഐ.ആപ്പ് വഴി പണം കൈമാറുമ്പോൾ ഇപ്രകാരം ചെയ്യേണ്ടതില്ല.യു.പി.ഐ. ഇടപാടുകളിൽ പണം ഡിജിറ്റലായി ഒരു ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നതിനാൽ, മൊബൈൽ വാലറ്റുകളിൽ ചെയ്യേണ്ടതു പോലെ ഇടക്കൊരിടത്ത് പണം നിക്ഷേപിച്ച ശേഷം അതിൽ നിന്ന് പണമിടപാടുകൾ നടത്തേണ്ടതില്ല
ബിറ്റ് കോയിൻ
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.. ലോകത്തെല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോയിൻ എന്ന സങ്കൽപ്പത്തിലാണ് ബിറ്റ് കോയിൻ വന്നതും.ഏകദേശം അഞ്ചേമുക്കാൽ ലക്ഷം ഇന്ത്യൻ രൂപയാണ് ഒരു ബിറ്റ്കോയിൻ എന്നത്.
ബിറ്റ്കോയിന്റെ നേട്ടം
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും
ബിറ്റ്കോയിന്റെ പ്രചാരം
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്
ബിറ്റ്കോയിന്റെ പ്രതിസന്ധി
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.[9] 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്
ബിറ്റ്കോയിന്റെ ഉപയോഗം
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്