ബാങ്കുകളുടേതിന് സമാനമായ നിയന്ത്രണങ്ങള്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും കൊണ്ടുവന്നേക്കും
ബാങ്കുകളിലെ കിട്ടാക്കടം നിയന്ത്രിച്ച മാതൃകയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ (എന്‍ബിഎഫ്സി) പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്. കിട്ടാക്കടം കണ്ടെത്തി നിഷ്ക്രിയ ആസ്തിയാക്കി മാറ്റാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചതിന് സമാനമായി എന്‍ബിഎഫ്സികളിലെയും ഭവനവായ്പാ സ്ഥാപനങ്ങളിലെയും ആസ്തി ഗുണമേന്മ ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്ക് നീക്കം.
മൂലധനപര്യാപ്തത കുറഞ്ഞ സ്ഥാപനങ്ങളോട് അധികം വരുന്ന പണം നഷ്ടസാധ്യത കുറഞ്ഞ ആസ്തികളില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഇവയ്ക്ക് വായ്പ നല്‍കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. ബാങ്കുകളുടേതിന് സമാനമായ നിയന്ത്രണങ്ങള്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും കൊണ്ടുവരാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യക്തമാക്കി.
വ്യവസായത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അമ്പതോളം ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരുകയാണെന്നും ശക്തികാന്തദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐഎല്‍ ആന്‍ഡ് എഫ്എസ്, ഡിഎച്ച്എഫ്എല്‍ തുടങ്ങിയ കമ്പനികളുടെ പതനമാണ് എന്‍ബിഎഫ്സികളുടെ മേല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകം.