ബാങ്കുകളുടെ സർവീസ് ചാർജ് ഇങ്ങനെ; അക്കൗണ്ടില്‍ നിന്ന് കാശ് പോകുന്ന വഴി അറിയില്ല
ഓരോ മാസവും നിങ്ങളറിയാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെടുന്നുണ്ട്. ബാങ്ക് സർവ്വീസ് ചാർജ് എന്ന പേരിൽ ബാങ്കുകൾ തന്നെയാണ് ഓരോ മാസവും നിശ്ചിത തുക അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നത്. ബാങ്കുകൾ പ്രധാനമായും സർവ്വീസ് ചാർജ് ഈടാക്കുന്നത് എന്തിനൊക്കെയെന്ന് പരിശോധിക്കാം.
പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അൺലിമിറ്റഡായി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. നിശ്ചിത പരിധി കഴിഞ്ഞാൽ ബാങ്കുകൾ നിങ്ങളിൽ നിന്ന് ചാർജ് ഈടാക്കും. ഉദാഹരണത്തിന്, എസ്ബിഐ പ്രതിമാസം മൂന്ന് സൗജന്യ ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത്. അതിനുശേഷം ഓരോ ഇടപാടിനും 50 രൂപ വീതം ഈടാക്കും.
നോൺ മെയിന്റനൻസ് ചാർജ്
നോൺ-മെയിന്റനൻസ് ചാർജുകൾ എല്ലായ്പ്പോഴും ഉപഭോക്താവും ബാങ്കും തമ്മിലുള്ള തർക്കങ്ങളിലേയ്ക്ക് നയിക്കാറുണ്ട്. അതുകൊണ്ട് അക്കൗണ്ട് ആരംഭിക്കുമ്പോൾ മുതൽ മിനിമം ബാലൻസിനെക്കുറിച്ചും നോൺ മെയിന്റനൻസ് ചാർജിനെക്കുറിച്ചും അറിഞ്ഞിരിക്കണം. മിനിമം ബാലൻസ് (10,000 രൂപ) 2,500 രൂപയിൽ താഴെയാണെങ്കിൽ 600 രൂപയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്നത്. ബാലൻസ് തുക 7,500നും 10000നും ഇടയിൽ ആണെങ്കിൽ പിഴ 150 രൂപയാണ്.
എടിഎം ഇടപാട്
ആർബിഐ നിയമങ്ങൾ അനുസരിച്ച് നിങ്ങളുടെ സ്വന്തം എടിഎമ്മിൽ നിന്ന് നിങ്ങൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകൾ സൗജന്യമായി നടത്താം. മറ്റ് എടിഎമ്മുകളിൽ നിന്ന് നിങ്ങൾക്ക് 3 ഇടപാടുകൾ വരെ ഒരു മാസം സൗജന്യമായി നടത്താം. ഈ പരിധി കഴിഞ്ഞാൽ 20 രൂപ വീതമാണ് ഈടാക്കുക.
ഇന്റർനാഷണൽ ഇടപാട്
നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശത്ത് ഇടപാട് നടത്തിയാൽ എക്സ്ചേഞ്ച് നിരക്കിന്റെ 3 മുതൽ 4 ശതമാനം വരെ ചാർജ് ഈടാക്കും.
നോൺ ഹോം ബ്രാഞ്ച് ഇടപാട്
നിങ്ങളുടെ ബാങ്കിൽ നിന്ന് മറ്റ് ബാങ്കുകളിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ചില പരിധികളുണ്ട്. അതായത് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് മറ്റ് ബാങ്കുകളിലേയ്ക്ക് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ 1000 രൂപയ്ക്ക് 5 രൂപ എന്ന നിരക്കിൽ ചാർജ് നൽകേണ്ടി വരും.