ചെക്കായിട്ടല്ലാതെ ക്യാഷായി രൂപ സ്വീകരിച്ചാൽ ആദായ നികുതിയിൽ പിഴ അടക്കേണ്ടിവരും
ആദായ നികുതി നിയമത്തിലെ 269 എസ്ടി വകുപ്പനുസരിച്ച് 1.ഒരാളിൽ നിന്ന് ഒരു ദിവസം മൊത്തം കൈപ്പറ്റുന്ന തുക/ 2.ഒരു ഇടപാടിൽ കൈപ്പറ്റുന്ന തുക/ 3.ഒരു ചടങ്ങ് അല്ലെങ്കിൽ ഒരു സംഭവവുമായി ബന്ധപ്പെട്ട ഇടപാടിൽ ഒരാളിൽനിന്നു കൈപ്പറ്റുന്ന തുക രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ആ തുക അക്കൗണ്ട് പേയീ ചെക്ക്, അക്കൗണ്ട് പേയീ ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനത്തിലൂടെ (ഉദാഹരണത്തിന് ആർടിജിഎസ്, എൻഇഎഫ്ടി) മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം, ഉദാഹരണത്തിന്, ക്യാഷായിട്ടാണ് സ്വീകരിക്കുന്നതെങ്കിൽ 269 എസ്ടി വകുപ്പിന്റെ ലംഘനത്തിന് പണം സ്വീകരിച്ചയാളുടെ മേൽ തുല്യതുകയുടെ പിഴ 271 ഡിഎ വകുപ്പ് പ്രകാരം ചുമത്താവുന്നതാണ്
മതിയായ കാരണം ബോധിപ്പിച്ചാൽ 271 ഡിഎ വകുപ്പ് പ്രകാരം പിഴ ഒഴിവാക്കാൻ ഓഫിസർക്കു വിവേചനാധികാരം ഉണ്ട്. അതായത് ഇടപാട് യഥാർഥമാണെന്നും ക്യാഷ് ആയി സ്വീകരിക്കുന്നതിന് മതിയായ കാരണമുണ്ടെന്നും ഓഫിസറെ ബോധിപ്പിക്കാൻ കഴിഞ്ഞാൽ പിഴ ഒഴിവാക്കാൻ ഓഫിസർക്ക് കഴിയും