പ്രത്യക്ഷനികുതി പിരിവ് ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കുറവ്; കര്‍ശന നടപടിക്കൊരുങ്ങി സി.ബി.ഡി.ടി.
പ്രത്യക്ഷനികുതി പിരിവ് ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ 15 ശതമാനം കുറഞ്ഞതോടെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി.). നികുതി പിരിവ് ഊര്‍ജിതപ്പെടുത്താന്‍ സി.ബി.ഡി.ടി. ആദായനികുതി വകുപ്പിൻ്റെ മേഖലാ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ബജറ്റില്‍ 12 ലക്ഷം കോടി പിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മാര്‍ച്ച് 23 വരെ 10,21,251 കോടി രൂപമാത്രമാണ് പിരിച്ചെടുത്തത്. അതായത്, ലക്ഷ്യമിട്ടതിൻ്റെ 85.1 ശതമാനം മാത്രം. അപായസൂചന തിരിച്ചറിഞ്ഞ് മാര്‍ച്ച് 26-നാണ് പ്രത്യക്ഷനികുതി ബോര്‍ഡംഗം നീനാകുമാര്‍ ആദായനികുതി വകുപ്പിൻ്റെ എല്ലാ പ്രാദേശിക മേധാവികള്‍ക്കും കത്തയച്ചത്.രാജ്യത്തെ ആദായനികുതി പിരിവിൻ്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥയാണ് നീനാകുമാര്‍.
വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് നികുതി, മുന്‍കൂര്‍ നികുതി എന്നീയിനങ്ങളിലാണ് നികുതിവരുമാനം കുറഞ്ഞതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന നികുതിപിരിവില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കഴിഞ്ഞയാഴ്ച മൈനസ് 5.2 ആയിരുന്ന നികുതിപിരിവില്‍ ഇടിവു സംഭവിച്ച് 6.9 ശതമാനത്തിലെത്തിയെന്നും അവര്‍ വ്യക്തമാക്കി. ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഈയവസ്ഥയില്‍ സി.ബി.ഡി.ടി. അതൃപ്തി രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ ലക്ഷ്യം കൈവരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമുണ്ടെന്നും അവര്‍ അറിയിച്ചു.
ആദായനികുതി വകുപ്പിനുവേണ്ടി നയങ്ങള്‍ രൂപവത്കരിക്കുന്നതും ധനമന്ത്രാലയത്തിൻ്റെ നോര്‍ത്ത് ബ്ലോക്കില്‍നിന്നുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രത്യക്ഷനികുതി ബോര്‍ഡാണ്. സാമ്ബത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-നുമുമ്ബായി നികുതിപിരിവ് പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ പി.സി. മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നു. വകുപ്പിൻ്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് നിരീക്ഷിക്കുന്നുണ്ട്.
മുന്‍കൂര്‍ നികുതി, കുടിശ്ശിക എന്നിവയുടെ പിരിവ്, നികുതിവെട്ടിപ്പ് നിരീക്ഷിക്കുന്നതിനും വെളിപ്പെടുത്താത്ത സ്വത്ത് കണ്ടുകെട്ടുന്നതിനും സ്വീകരിച്ച നടപടികള്‍ എന്നിവയ്ക്കാണ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരാഴ്ചകൊണ്ട് 15 ശതമാനം പിരിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് ഇപ്പോള്‍ ആദായനികുതി വകുപ്പിനുള്ളത്.