വസ്തുക്കളില്‍-സേവനത്തില്‍ പോരായ്മയും വീഴ്ചയും കണ്ടെത്തിയാല്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കാം
വാണിജ്യ ആവശ്യങ്ങള്‍ ഒഴിച്ച് ഒരു ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലെ പോരായ്മയും സേവനത്തിലെ വീഴ്ചയും കണ്ടെത്തിയാല്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കാം.
ഉപഭോക്തൃ നിയമ പകാരം ഉപഭോക്താക്കളുടെ തര്‍ക്കങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ക്ക് വിധേയമായി തീര്‍പ്പാക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള മൂന്ന് തലത്തിലുള്ള അധികാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ തലത്തില്‍ ജില്ലാ കമ്മീഷനും സംസ്ഥാന തലത്തില്‍ സംസ്ഥാന കമ്മീഷന്‍, ദേശീയതലത്തില്‍ ദേശീയ കമ്മീഷനുമാണ് പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താവ് 50 ലക്ഷം രൂപ വരെ പ്രതിഫലം നല്‍കി വാങ്ങുന്ന വസ്തുക്കളെ സംബന്ധിച്ചുള്ളതോ തത്തുല്യ തുകയ്ക്കുള്ള സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലാ കമ്മീഷനുകളില്‍ നല്‍കാം. വാദിയുടെ വാസസ്ഥലം/പ്രതിയുടെ ബിസിനസ് സ്ഥലത്തോ പരാതിക്ക് അടിസ്ഥാനമായ വസ്തുത നടന്ന സ്ഥലത്തെ കമ്മീഷനില്‍ പരാതി നല്‍കാം.
അഞ്ച് ലക്ഷം വരെ പ്രതിഫലം നല്‍കുന്ന കേസുകളില്‍ കോര്‍ട്ട് ഫീസ് ഈടാക്കില്ല. അഞ്ച് മുതല്‍ 10 ലക്ഷം വരെ 500 രൂപയും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ 800 രൂപയും 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ ആയിരം രൂപയുമാണ് കോര്‍ട്ട് ഫീസായി നല്‍കേണ്ടത്. 50 ലക്ഷത്തിന് മുകളിലുള്ള കേസുകള്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മീഷനില്‍ ഫയല്‍ ചെയ്യണം.
ജില്ലയില്‍ പ്രസിഡന്റും രണ്ട് അംഗങ്ങള്‍ അടങ്ങുന്നതാണ് ജില്ലാ കമ്മീഷന്‍.
ഉപഭോക്താകള്‍ക്ക് അവരുടെ പരാതി നിശ്ചിത മാതൃകയില്‍ നേരിട്ടോ, വക്കീല്‍ മുഖേനയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് മൂന്നിനകം കമ്മീഷന്‍ ഓഫീസില്‍ ഫയല്‍ ചെയ്യാം.
ഉപഭോക്താവ് വാങ്ങിയ വസ്തുക്കളില്‍ തര്‍ക്കം ഉണ്ടെങ്കില്‍ വ്യാപാരി- ഉത്പന്ന നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ പരാതി നല്‍കാം. ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലികോം/പോസ്റ്റല്‍ മേഖല, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങീയ സേവന ദാതാക്കള്‍ക്കെതിരെയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനലിൽ പരാതി നല്‍കാം. ഉപഭോക്തൃ സംരക്ഷണം നിയമം- 2019 പ്രകാരം കേസുകളില്‍ അതിവേഗ തീര്‍പ്പാക്കാനുള്ള മീഡിയേഷന്‍ സെല്ലും ജില്ലകളിൽ പ്രവര്‍ത്തിക്കുന്നുണ്ട്.