തെരഞ്ഞെടുപ്പ് പ്രമാണിച്ച് സര്‍ക്കാര്‍ അയഞ്ഞു; ആദായ നികുതി അടച്ചവരുടെ എണ്ണം കുത്തനെ കുറഞ്ഞു
നോട്ടു നിരോധനത്തിന് ശേഷം ഓരോ വര്‍ഷവും ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നിരുന്നുവെങ്കിലും ഈ വര്‍ഷം അത് കുത്തനെ കുറയുകയാണുണ്ടായത്. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേത്. 2017-18 വര്‍ഷം ആദായ നികുതി ദായകരുടെ നിരക്ക് 91.6 ശതമാനമായിരുന്നിടത്ത് 2018-19 വര്‍ഷത്തില്‍ 79.1 ശതമാനമായാണ് കുറഞ്ഞത്- 13.7 ശതമാനം കുറവ്. അതായത് ഐടി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 66,809,129 നികുതി ദായകരില്‍ 84,514,539 പേര്‍ മാത്രമാണ് കഴിഞ്ഞ തവണ നികുതി അടച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടയ്ക്കാന്‍ ജൂലൈ അവസാനം വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും നിരക്കില്‍ കാര്യമായ പുരോഗതി ഉണ്ടാവാനിടയില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
2014-15ല്‍ 79.3 ശതമാനവും 2015-16ല്‍ 83 ശതമാനവും 2016-17ല്‍ 85.1 ശതമാവുമായിരുന്നു ആദായ നികുതി ദായകരുടെ നിരക്ക്. നോട്ടുനിരോധനത്തിനു ശേഷമുള്ള 2017-18 വര്‍ഷത്തില്‍ അത് റെക്കോഡ് ഉയര്‍ച്ചയിലെത്തി 91.6 ശതമാനമായി. നോട്ടു നിരോധനം നികുതിദായകരുടെ എണ്ണം കൂട്ടിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് പുതിയ മാറ്റം പ്രകടമായിരിക്കുന്നത്. അതേസമയം, ബിജെപിയുടെ വോട്ട്ബാങ്കായ മിഡില്‍ ക്ലാസ് സൊസൈറ്റിയെ പിണക്കേണ്ടെന്ന് കരുതി നികുതി പിരിവ് ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാതിരുന്നതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആദായ നികുതി അടക്കുന്നവരില്‍ കൂടുതല്‍ പേരും ഇടത്തരക്കാരാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെതിരേ ഇവരില്‍ നിന്ന് പ്രതിഷേധമുയരാനും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനും ഇടയുണ്ടെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പിന്നോക്കം പോയെന്നാണ് വിലയിരുത്തല്‍.
ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് സര്‍ക്കാരിനെ ചെറുതായല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2018-19 സാമ്പത്തിക വര്‍ഷം 66.8 ലക്ഷം പേരാണ് ഐടി റിട്ടേണ്‍ ഫയല്‍ ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണ്. 68.5 ലക്ഷമായിരുന്നു 2017-18ലെ കണക്ക്. സര്‍ക്കാരിന്റെ വരുമാനത്തില്‍ ഇത് കാര്യമായ കുറവുണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.