തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസി. കമ്മീഷണർ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകൾ പ്രവർത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇൻസ്‌പെക്ടർമാരുമുണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവർ പ്രവർത്തിക്കുക. ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ആദായനികുതി വകുപ്പ് നൽകി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് പോലീസ്, ഫോറസ്റ്റ്്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, സംസ്ഥാന എക്‌സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചർച്ച നടത്തും.