ആദായനികുതി റിട്ടേണും നികുതിയിളവുകളും
2017-18 സാമ്പത്തികവര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ പിഴയോടുകൂടി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 ആണ്. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക നികുതിക്കുമുമ്പ് വരുമാനമുണ്ടെങ്കില്‍ പിഴത്തുക 10,000 രൂപയും നികുതിവിധേയമായ തുക 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപയുമാണ് പിഴ. റിട്ടേണുകളുടെ പുനഃസമര്‍പ്പണം
2017-18 സാന്പത്തികവര്‍ഷത്തില്‍ ഫയല്‍ ചെയ്ത റിട്ടേണുകളില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട് എന്നു ബോധ്യമായാല്‍ അവ റിവൈസ് ചെയ്ത് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 ആണ്. അതുപോലെ തന്നെ 2016-17 സാന്പത്തിവര്ഷത്തിലെ റിട്ടേണുകളും മാര്‍ച്ച് 31നു മുന്‍പ് ആവശ്യമെങ്കില്‍ റിവൈസ് ചെയ്ത് ഫയല്‍ ചെയ്യുവാന്‍ സാധിക്കും.
ആധാര്‍ നമ്പര്‍ മാര്‍ച്ച് 31നു മുന്‍പ് 'പാനു'മായി ലിങ്ക് ചെയ്യണം
ആധാര്‍ നമ്പര്‍ പാനുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് 2019 മാര്‍ച്ച് 31 വരെ അവ ലിങ്ക് ചെയ്യുന്നതിന് സമയം ലഭിക്കുന്നതാണ്.
നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപപദ്ധതികള്‍
2018-19 സാന്പത്തികവര്‍ഷം മാര്‍ച്ച് മാസം 31നു അവസാനിക്കുകയാണല്ലോ. ആദായനികുതിയില്‍നിന്നും കിഴിവുകള്‍ ലഭിക്കുന്നതിനുവേണ്ടി വിവിധങ്ങളായ നിക്ഷേപപദ്ധതികള്‍ ഉണ്ട്. നിക്ഷേപങ്ങളിലുള്ള ജനങ്ങളുടെ താത്പര്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് നിക്ഷേപപദ്ധതികള്‍ക്ക് നികുതിയിളവ് നല്‍കുന്നത്. 2018-19 ലെ സാന്പത്തികവര്‍ഷത്തില്‍ ഇളവ് ലന്ധിക്കണമെങ്കില് നിക്ഷേപങ്ങള്‍ ഈ മാസം 31നുമുന്പ് നടത്തിയിരിക്കണം. വിവിധങ്ങളായ നിക്ഷേപപദ്ധതികളെക്കുറിച്ച്:
ആദായനികുതി നിയമം വകുപ്പ് 80 സി അനുസരിച്ച് :
ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ നികുതിദായകന് ഈ വകുപ്പ് അനുസരിച്ച് കിഴിവു ലഭിക്കുന്നതാണ്.
1) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തില്‍ ശന്പളത്തില്‍നിന്നു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിര്‍ബന്ധിതമായി പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തില്‍ നിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും നിലവില്‍ 8.8% പലിശ ലന്ധിക്കുന്നതാണ്. ഈ പലിശയ്ക്കും നികുതിയില്‍ നിന്ന് ഒഴിവുള്ളതാണ്.
2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : നിലവില്‍ ഇവയ്ക്ക് 7.6% പലിശ ലഭിക്കുന്നതാണ്. ഈ നിക്ഷേപങ്ങള്‍ക്കും നികുതിയില്‍നിന്നു ഒഴിവ് ലഭിക്കും. 15 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡ് ഉണ്ടെങ്കിലും അഞ്ചു വര്‍ഷം കഴിയുന്പോള്‍ 50% വരെ പിന്‍വലിക്കുവാന്‍ സാധിക്കും. പലിശയ്ക്ക് നികുതിയില്‍ നിന്നും ഒഴിവുണ്ട്.
3) ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം : ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ പേരില്‍ അടയ്ക്കുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചാല്‍ അതിന് കിഴിവ് ലഭിക്കുന്നതല്ല.
4) ഇക്വിറ്റി ലിങ്ക്ഡ് ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്എസ്) : ഓഹരിനിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇവ. ഇവയ്ക്ക് ഗ്യാരണ്ടീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം. ഇവയ്ക്ക്മൂന്നു വര്‍ഷത്തെ ലോക്ക്ഇന്‍ പീരിയഡ് ഉണ്ട്.
5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് : ബാങ്കുകളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഹൗസിംഗ് സൊസൈറ്റികളില്‍നിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്പോള് പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപ വരെ 80 സി വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കില്‍ ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വര്‍ഷത്തേക്ക് വില്‍ക്കാനും പാടില്ല. പൂര്‍ത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല.
6) വീട് വാങ്ങുന്പോള്‍ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജും : - വീട് വാങ്ങുന്പോള്‍ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷന് ചാര്‍ജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനര്‍ഹമാണ്
7) സുകന്യ സമൃദ്ധി അക്കൗണ്ട് : പെണ്‍കുട്ടികള്‍ക്കു വേണ്ടി മോദി സര്‍ക്കാര്‍ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണ് ഇത്. പെണ്‍കുട്ടിയുടെ പേരില്‍ (പരമാവധി രണ്ടു പെണ്‍കുട്ടികള്‍, ഇരട്ടകളാണെങ്കില്‍ മൂന്ന്) ഈ സ്കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവര്‍ഷം 150,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 14 വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8.1% പലിശ ലഭിക്കുന്നതും പലിശയ്ക്ക് നികുതിയില്‍ നിന്ന് ഒഴിവ് ലഭിക്കുന്നതും.
8) നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) :- നിലവില്‍ അഞ്ചു വര്‍ഷത്തെയും 8 വര്‍ഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ പലിശ ലഭിക്കുന്നതാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് ലിമിറ്റ് നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നികുതിദായകന് മരണപ്പെട്ടാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇന്‍വെസ്റ്റ് ചെയ്യുന്നതിന് സൗകര്യമുണ്ട്.
9) അഞ്ചു വര്‍ഷത്തേക്കുള്ള ബാങ്ക് ഡിപ്പോസിറ്റുകള്‍:- അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
10) പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് : സാധാരണഗതിയില്‍ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകള്‍ ഒരു വര്‍ഷം മുതല്‍ (1,2,3,5) എന്നീ കാലാവധികളില്‍ ലഭ്യമാണ്. നിലവില്‍ 6.9% പലിശ നേടിത്തരുന്ന ഈ നിക്ഷേപ പദ്ധതിക്ക് ലഭിക്കുന്ന പലിശയ്ക്കു നികുതി ഇളവ് ഉണ്ടാകുന്നതല്ല.
11) സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 2004 : മുതിര്‍ന്ന പൗരന്മര്‍ക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് 9.3% പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പില്‍ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളന്ററി റിട്ടയര്‍മെന്റ് സ്കീമില്‍ റിട്ടയര്‍ ചെയ്തിരിക്കുന്ന നികുതിദായകര്‍ക്കുള്ള പ്രായപരിധി 55 വയസാണ്.
12) യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് പ്ലാന്‍ :- ഇവയ്ക്കും 80 സി വകുപ്പ് അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്.
13) കുട്ടികളുടെ ട്യൂഷന് ഫീസ് : ഈ ഇനത്തില്‍ ചെലവാകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി 2 കുട്ടികള്‍).
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങള്ക്കുംകൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 സി.സി.ഡി.(1 ബി) അനുസരിച്ച് എന്‍പിഎസില്‍
എന്‍പിഎസിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് മുകളില്‍ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപ വരെ അധികം ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 ടി.ടി.എ. അനുസരിച്ച് സേവിംഗ്സ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക്
സേവിംഗ്സ് ബാങ്കില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. ഇത് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളില്നിന്നുലഭിക്കുന്ന പലിശയ്ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെ 80 ടിടിബി അനുസരിച്ച് ഈ വര്‍ഷം മുതല്‍ കിഴിവ് ലഭിക്കുന്നതാണ്.
വകുപ്പ് 80 ഇ അനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയടക്കുന്ന തുകയ്ക്ക് മൊത്തവരുമാനത്തില്നിന്നും കിഴിവ് ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി എട്ടു വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. ഉയര്‍ന്ന പരിധിയില്ല.
വകുപ്പ് 80 ഡി അനുസരിച്ച് മെഡിക്ലെയിം പോളിസികള്‍
നിലവില്‍ 25,000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 50,000 രൂപ വരെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, മാതാപിതാക്കളുടെ പേരില്‍ പ്രസ്തുത ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ അധികമായി 50,000 രൂപയുടെ (മുതിര്‍ന്ന പൗരന്മാരാണെങ്കില്) നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.