മില്‍മയുടെ കാലാവസ്ഥാവ്യതിയാന ഇന്‍ഷൂറന്‍സ് കര്‍ഷകര്‍ക്ക് 45 ലക്ഷം രൂപ വിതരണം ചെയ്യും
കൊച്ചി: അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് കറവ പശുക്കളില്‍ ഉണ്ടാകുന്ന ഉല്‍പാദനക്കുറവിന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നടപ്പിലാക്കിയ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതി പ്രകാരം 45 ലക്ഷം രൂപ മേഖലായൂണിയനിലെ കര്‍ഷകര്‍ക്ക് ക്ലെയിം ആയിവിതരണം ചെയ്യുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്എം.ടി.ജയന്‍ അറിയിച്ചു. ഒരു കറവ പശുവിന് 99 രൂപ പ്രീമിയം എന്ന നിരക്കില്‍ മേഖലാ യൂണിയന് കീഴില്‍ വരുന്ന തൃശ്ശൂര്‍, എറണാകുളം, കോട്ടയം , ഇടുക്കി എന്നീ നാല് ജില്ലകളിലെ പ്രാഥമിക സംഘങ്ങളിലെ ക്ഷീരകര്‍ഷകരുടെ 24000 കറവപശുക്കളെയാണ് ഏപ്രില്‍ 1 മുതല്‍ മെയ്യ് 31 വരെ രണ്ട് മാസകാലത്തേക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നത്.
24 ലക്ഷം രൂപയോളം പ്രീമിയമായി ചെലവ് വന്ന ഈ പദ്ധതിയില്‍ പ്രീമിയം തുകയുടെ അമ്പത് ശതമാനം മേഖലയൂണിയന്‍ നല്‍കുകയും, ബാക്കി തുക ഗുണഭോക്തൃവിഹിതമായി സമാഹരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. ഇത്പ്രകാരം പദ്ധതിയില്‍ മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്ന താപനിലയില്‍ നിന്നും തുടര്‍ച്ചയായി ദിവസങ്ങളില്‍ ഉണ്ടാകുന്ന ഉയര്‍ച്ച കണക്കാക്കിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആലുവ താലൂക്കിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ക്ലെയിം അനുവദിച്ചത്. ഉരു ഒന്നിന് 2000/- രൂപ വീതമാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക് അനുവദിച്ചത്. ചാവക്കാട് താലൂക്കില്‍ 1000/- രൂപ വീതവും, കുന്നംകുളം , ഇടുക്കി താലൂക്കുകളില്‍ 400/- രൂപ വീതവും പീരുമേട് താലൂക്കിൽ 200/- രൂപ വീതവുമാണ് ക്ലെയിം അനുവദിച്ചത്.