കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
പാലക്കാട് : ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍, ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.