പാര്‍ക്കിംഗിന്റെ മറവില്‍ മാലിന്യ നിക്ഷേപം: വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനം-അമ്പലമുകള്‍ റോഡ്, കുണ്ടന്നൂര്‍-കൊച്ചി ഹാര്‍ബര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് ജില്ലാകളക്ടര്‍ ഉത്തരവിട്ടു.
ഈ റോഡുകള്‍ക്ക് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ആഴ്ചകളോളം പാര്‍ക്ക് ചെയ്യാറുണ്ട്. ഇങ്ങനെയുള്ള പാര്‍ക്കിംഗിന്റെ മറവില്‍ റോഡിനിരുവശവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി അധികൃതര്‍ ജില്ലാ കളക്ടറുടെ യോഗത്തില്‍ പരാതിപ്പെട്ടിരുന്നു. ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമായതിനാലും ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനു തടസമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ദുരന്തനിവാരണ നിയമം 2005 ലെ 30, 33 സെക്ഷനുകള്‍ പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയത്.
ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, കളമശ്ശേരി, ഏലൂര്‍, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, മുളവുകാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.