കായല്‍ മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആലപ്പുഴ ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും
വേമ്ബനാട് കായല്‍ മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും.വേമ്ബനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച 10 കോടി രൂപ പിഴ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.
ആലപ്പുഴ നഗരസഭ 12.25 കോടി രൂപയും ചേര്‍ത്തല നഗരസഭ 3.5 കോടിയും പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടിസ് നല്‍കി. കായലിന്റെ തീരത്തുള്ള 16 പഞ്ചായത്തുകള്‍ക്കു കൂടി ഉടന്‍ നോട്ടിസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
അരൂക്കുറ്റി, ആര്യാട്, കോടന്തുരുത്ത്, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കൈനകരി, കുത്തിയതോട്, അരൂര്‍, മണ്ണഞ്ചേരി, മുഹമ്മ, പാണാവള്ളി, പെരുമ്ബളം, തുറവൂര്‍, വയലാര്‍, തൈക്കാട്ടുശ്ശേരി, തണ്ണീര്‍മുക്കം പഞ്ചായത്തുകളില്‍ നിന്നാണ് പിഴ ഈടാക്കുക. കായലുകളിലെ മലിനീകരണം തടയാന്‍ ഈ തദ്ദേശ സ്ഥാപനങ്ങള്‍ എടുത്ത നടപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡം അനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പിഴത്തുക നിര്‍ണയിക്കുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. തദ്ദേശ സ്ഥാപന പരിധിയില്‍ നിന്ന് കായലുകളിലേക്ക് തുറക്കുന്ന ഓരോ ഓവുചാലിനും ഒരു മാസത്തേക്ക് അഞ്ചു ലക്ഷം രൂപ എന്ന കണക്കിലാണ് പിഴയിട്ടത്.
സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച 10 കോടി രൂപ അടക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 200 കോടിയോളം രൂപയാണ് പിരിച്ചെടുക്കാന്‍ ഒരുങ്ങുന്നത്.കായലുകളിലെ മലിനീകരണം തടയാന്‍ നടപടിയെടുക്കണമെന്നു ഹരിത ട്രൈബ്യൂണല്‍ ആദ്യം നിര്‍ദേശം നല്‍കിയ 2020 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവാണു പിഴ നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കിയത്..
വേമ്ബനാട് കായല്‍ മലിനീകരണത്തിന്റെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അതിനിടെ ആലപ്പുഴ നഗരസഭ ബോര്‍ഡിന് മറുപടി നല്‍കി. കായല്‍ മലിനമാകുന്നത് തടയാന്‍ നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണിത്. ശുചിമുറി മാലിന്യവും ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യവും കായലിലേക്കു ഒഴുകുന്നതു തടഞ്ഞിട്ടുണ്ട്. കായലുകളിലേക്ക് തുറക്കുന്ന ഓവുചാലുകള്‍ അഴുക്കു നിറഞ്ഞതല്ലെന്നും നഗരസഭ നല്‍കിയ മറുപടിയില്‍ പറയുന്നു.