അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേര്‍ന്നോ? 60 കഴിഞ്ഞാല്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. സര്‍ക്കാര്‍ ജോലിക്ക് ഇത്രയേറെ പേര്‍ യത്‌നിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പെന്‍ഷനാണ്. എന്നാല്‍ സ്വകാര്യ ജോലികള്‍ ചെയ്യുന്നവര്‍ക്കും 60 വയസ്സിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണ് എപിവൈ. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റിയാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ നടത്തിപ്പ്.
അഞ്ച് സ്ലാബുകളില്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്‌കീമാണ് ഇപ്പോഴുള്ളത്. നല്‍കുന്ന സംഭാവന അനുസരിച്ച് ആയിരം രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇന്‍കംടാക്‌സ് ആനുകൂല്യങ്ങള്‍ക്കും ഈ സ്‌കീം അര്‍ഹത നല്‍കുന്നു. ഉയര്‍ന്ന പെന്‍ഷന്‍ പതിനായിരമാക്കി ഉയര്‍ത്താനും പഠനം നടക്കുന്നുണ്ട്.
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് സമാന്തരമാണ് അടല്‍ പെന്‍ഷന്‍ യോജനയും. 60 വയസ്സിന് ശേഷം 1000, 2000, 3000, 4000, 5000 രൂപ സ്ലാബുകളിലാണ് പെന്‍ഷന്‍ ലഭിക്കുക. 18 വയസ്സ് മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ കഴിയുക. മിനിമം ഗ്യാരണ്ടി നല്‍കുന്ന തുക നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമല്ലെങ്കില്‍ പോലും ബാക്കി തുക സര്‍ക്കാര്‍ നല്‍കുമെന്നതാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ സവിശേഷത.
നിക്ഷേപത്തുക മിനിമം ഗ്യാരണ്ടിയേക്കാള്‍ കൂടുതലാണെങ്കില്‍ ഈ അധികതുക സബ്‌സ്‌ക്രൈബറുടെ അക്കൗണ്ടിലെത്തും. മാസ, ക്വാര്‍ട്ടര്‍ലി, അര്‍ദ്ധവര്‍ഷ രീതികളില്‍ ഓട്ടോ-ഡെബിറ്റായി ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക നല്‍കാം. എത്രയും നേരത്തെ ചേരുന്നുവോ അത്രയും മാസതവണ കുറവായിരിക്കുമെന്നകും പ്രത്യേകതയാണ്,