സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യപദ്ധതി : ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കാര്‍ഡുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ ഒന്നുമുതല്‍ നടക്കും. ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കാര്‍ഡുകള്‍ പുതുക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാര്‍ഡ് പുതുക്കാം. ഒരുകുടുംബത്തിലെ പരമാവധി അഞ്ചുപേര്‍ക്ക് അംഗങ്ങളാകാം. പുതുക്കിയ പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാര്‍ഡ് നല്‍കും. നേരത്തെ ഗൃഹനാഥന്റെ പേരില്‍ മാത്രമായിരുന്നു കാര്‍ഡ്. കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് പുതിയ പദ്ധതിയില്‍ ലഭിക്കുന്നത്. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം ആധാര്‍കാര്‍ഡും ഹാജരാക്കിയാണ് പുതുക്കേണ്ടത്.ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കുന്നതിനാണ് മുന്‍ഗണന. എന്നാല്‍, മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടറില്‍ കാര്‍ഡ് പുതുക്കാം. ഏപ്രില്‍ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്ബുകള്‍ നടത്തും. നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും.