സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ‘ഡിജിറ്റൽ ഒപ്പ്’ വാങ്ങാത്തതു ശമ്പളം ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകളെ ബാധിക്കും
സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ‘ഡിജിറ്റൽ ഒപ്പ്’ വാങ്ങാത്തതു ശമ്പളം ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകളെ ബാധിക്കും. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ഡിഡിഒമാരിൽ (ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ) പതിനായിരത്തോളംപേർ മാത്രമേ സിഗ്നേച്ചർ വാങ്ങിയിട്ടുള്ളൂ. ശമ്പള ബില്ലുകൾക്കു നിർബന്ധമായും ഇതു വേണമെന്നതിനാൽ സ്പാർക് വഴി ജൂലൈ മാസത്തെ ശമ്പള ബിൽ സമർപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല. പല ജില്ലകളിലും ഡിജിറ്റൽ സിഗ്നേച്ചർ സംബന്ധിച്ച പരിശീലനം നടക്കുന്നതേയുള്ളു.
സ്പാർക് വഴി ശമ്പളം നൽകുന്നതിനു ട്രഷറികളിൽ സമർപ്പിക്കുന്ന എല്ലാ ബില്ലുകൾക്കും ഈ മാസം 10 മുതലാണു ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമാക്കിയത്. ഡിഡിഒമാരോട് ‘ഡിജിറ്റൽ ഒപ്പ്’ കെൽട്രോൺ ഉൾപ്പെടെയുള്ള ഏജൻസികളിൽനിന്നു വാങ്ങാൻ ട്രഷറി വകുപ്പിൽനിന്നു നിർദേശം നൽകിയിരുന്നു. ഡിജിറ്റൽ ഒപ്പ് നിർബന്ധമാക്കാൻ തീരുമാനിച്ച തീയതി പല തവണ മാറ്റി. എന്നാൽ ജൂലൈ 10 മുതൽ ഒപ്പു നിർബന്ധമാക്കി കർശന നിർദേശം വന്നതോടെയാണു ഡിഡിഒമാർ ഒപ്പിന് അപേക്ഷിച്ചത്. എല്ലാരും ഒരുമിച്ച് അപേക്ഷിച്ചതോടെ വൈകലും സാങ്കേതികമായ പ്രശ്നങ്ങളുമുണ്ടായി.
അപേക്ഷിച്ച പലർക്കും ലഭിച്ചിട്ടുമില്ല. പലരും സ്വകാര്യ ഏജൻസികളെ സമീപിച്ച് ആയിരം രൂപയിലധികം നൽകിയാണ് ഡിജിറ്റൽ സിഗ്നേച്ചർ സംഘടിപ്പിക്കുന്നത്.സ്പാർക് വഴി ശമ്പള ബിൽ സമർപ്പിക്കുന്നതിനു ഡിജിറ്റൽ ഒപ്പ് വേണമെന്ന നിബന്ധനയാണ് ഇപ്പോഴുള്ളതെന്നു ട്രഷറി ഡയറക്ടർ എ.എം. ജാഫർ പറഞ്ഞു. ഇനി വിഷയത്തിൽ സർക്കാരാണ് ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.