സംസ്ഥാനത്തിന്റെ മൊത്തം കടബാദ്ധ്യത നാലു ലക്ഷം കോടിയായി ഉയര്‍ന്നെന്നും ഇതുവഴി ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനായെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ധനമാനേജ്മെന്റിനെ അതിനിശിതമായി വിമര്‍ശിച്ച് യു.ഡി.എഫിന്റെ ധവളപത്രം.
മോശം നികുതിപിരിവും ധൂര്‍ത്തും അഴിമതിയുമാണ് പ്രതിസന്ധിക്കു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുറത്തുവിട്ട `കട്ടപ്പുറത്തെ കേരളം ‘എന്ന പേരിലിറക്കിയ ധവളപത്രത്തില്‍ വ്യക്തമാക്കി.
ബജറ്റ് അടുത്ത വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കെ, ധവളപത്രം ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ് നീക്കം. എന്നാല്‍, പ്രതിപക്ഷം കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നും ഉല്പാദനത്തിന് ആനുപാതികമായുള്ള കടമേ സംസ്ഥാനത്തിനുള്ളൂവെന്നുമാണ് സര്‍ക്കാരിന്റെ വാദം. കടത്തിന്റെ പരിധി വിട്ട് പോയിട്ടില്ലെന്നും ധനമന്ത്രി വാദിക്കുന്നുണ്ട്.
വിലക്കയറ്റത്തിനൊപ്പം സര്‍ക്കാര്‍ തലത്തിലെ അഴിമതിയും ധൂര്‍ത്തും ധവളപത്രത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. സംസ്ഥാനം ലക്ഷ്യമിട്ട തനത് നികുതി വരുമാനവും പിരിച്ചെടുക്കാന്‍ സാധിച്ച നികുതി വരുമാനവും തമ്മിലുള്ള അന്തരമാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ അഞ്ച് വര്‍ഷം നികുതിയിനത്തില്‍ പിരിക്കാനാവാത്ത തുക 70,000 കോടിയാണ്.
ജി.എസ്.ടി വരുന്നതോടെ നികുതി വരുമാനത്തില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്ന് കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വിഭവ സമാഹരണത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തില്‍ താഴെ നില്‍ക്കേണ്ടതാണ്. 2027 ആകുമ്ബോഴേക്കും ഈ അനുപാതം 38.2 ശതമാനം ആകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെ മറികടന്ന് ഇപ്പോള്‍ തന്നെ 39.1 ശതമാനമായി ആയി ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് ധവളപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. ചിലവ് ഇങ്ങനെയാണ്- സത്യപ്രതിജ്ഞയ്ക്ക് ഒരു കോടി, 28 സുരക്ഷാവാഹനങ്ങളോടെ യാത്ര, മുഖ്യമന്ത്രിക്കായി വാങ്ങിയത് 7 വാഹനങ്ങള്‍, ക്ളിഫ് ഹൗസില്‍ കാലിത്തൊഴുത്തിന് 42.50 ലക്ഷം, നീന്തല്‍ക്കുളം നവീകരണത്തിന് 32 ലക്ഷം, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ലണ്ടന്‍ യാത്രയക്ക് 43.14 ലക്ഷം, നോര്‍വേ യാത്രയ്ക്ക് 46.93ലക്ഷം
ഇടത് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കിഫ്ബി പ്രവര്‍ത്തനം നിലച്ച മട്ടാണ്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബിക്ക് ആറര വര്‍ഷം കൊണ്ട് 6201 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതുവരെ 962 പദ്ധതികള്‍ക്കായി 73,908 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിരുന്നത്.
വായ്പയും സര്‍ക്കാര്‍ സഹായവുമുള്‍പ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടിയാണ്. ഇതില്‍ 2022 ജൂണ്‍ വരെ 20,184.54 കോടി ചെലവഴിച്ചു. ശേഷിക്കുന്ന 3419.75 കോടി കൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് കിഫ്ബിക്ക് മുന്നിലുള്ളത്. കഴിഞ്ഞ ധവളപത്രത്തില്‍ യു.ഡി.എഫ് ഇക്കാര്യം പ്രവചിച്ചിരുന്നു.
കടക്കെണിയില്‍ കേരളത്തിന് ഒമ്ബതാം സ്ഥാനമാണ് ( 3.29 ലക്ഷം കോടി) ഇപ്പോഴുള്ളത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളോട് കിടപടിക്കുന്ന കടമാണ് ഇത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ അനുമതി കിട്ടുമെന്ന് ഉറപ്പില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിക്ക് 56 കോടിയാണ് ചെലവഴിച്ചത്.
വന്‍ നികുതി ചോര്‍ച്ചയാണ് സംസ്ഥാനത്തുണ്ടായതെന്ന് കണക്കുകള്‍ നിരത്തി ധവളപത്രം സ്ഥാപിക്കുന്നു. 2021-22 സാമ്ബത്തിക വര്‍ഷം ലക്ഷ്യമിട്ടത് 71,833.28 കോടി വരുമാനമായിരുന്നു. എന്നാല്‍ പിരിച്ചെടുത്ത നികുതിയാവട്ടെ 58,340.49 കോടി മാത്രം. പിരിക്കാന്‍ കഴിയാതിരുന്നത് 13,492.79 കോടി നികുതിയാണ്. സി.പി.ജോണ്‍ ചെയര്‍മാനായ യു.ഡി.എഫിന്റെ ധനകാര്യ പ്ളാനിംഗ് സബ് കമ്മിറ്റിയാണ് ധവളപത്രം തയ്യാറാക്കിയത്.