ചിട്ടയോടെ ശീലനം, നിഷ്ഠയോടെ ജീവിതം, രാജ്യരക്ഷ പൂരിതം

ചിട്ടയോടെ ശീലനം, നിഷ്ഠയോടെ ജീവിതം, രാജ്യരക്ഷ പൂരിതം

നമ്മുടെ യുവതയ്ക്ക് ജീവിത വിജയം കൈവരിക്കുന്നതിന് ഓരോ വ്യക്തിയിലും ഒളിഞ്ഞു കിടക്കുന്ന പ്രാഗല്‍ഭ്യം തെളിയിക്കുന്നതിന് അവരവരുടെ ജീവിതത്തിലെ ഓരോ പ്രവൃത്തിയും രാജ്യത്തെ പുരോഗതി യിലേക്കു നയിക്കുന്നതിനുള്ള ചവിട്ടുപടിയാണെന്നും മനസ്സിലാക്കാതെയും ജീവിതം ഗുണപ്രദമാക്കുന്നതിനു എന്ത് ചെയ്യണമെന്നു മറിയാതെ ഇരുട്ടില്‍ തപ്പുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ആയതിനു പ്രധാന കാരണം ജീവിത സംബന്ധിയായ കാര്യങ്ങളെ കുറിച്ച് അറിയുന്നതിനോ അവര്‍ക്കു അറിവ് പകരുന്നതിനോ ഉള്ള സംവിധാനം നിലവില്‍ ഇല്ല എന്നത് തന്നെ. സ്‌കൂള്‍ / കോളേജ് വിദ്യാഭ്യാസ കാലത്തു ഭൂരിഭാഗം കുട്ടികള്‍ക്കും അതായതു വരേണ്യ വര്‍ഗം ഒഴികെ ഉള്ളവര്‍ക്ക് പുസ്തകം പഠിക്കുക പരീക്ഷ എഴുതുക വിജയി ആകുക / ആക്കുക സര്‍ട്ടിഫിക്കറ്റ് നേടുക എന്നതിലപ്പുറം വിദ്യ എന്നാലെന്തെന്നോ വിദ്യ ആസ്വദിച്ച് കരസ്ഥമാക്കുന്നതിനോ ജീവിത വിജയത്തിനോ സല്‍പ്രവൃത്തികളെന്തെന്നോ രാഷ്ട്രസേവനമെന്തെന്നോ ഒരു പരിശീലനവും കൊടുക്കുന്നതിനുള്ള സാഹചര്യം നിലവിലില്ല. 

ഇതില്‍ പ്രധാനമായും നമ്മള്‍ അറിയേണ്ടത് അധ്യാപകര്‍ക്ക് കുട്ടികളെ നിയന്ത്രിക്കുന്നതിനോ നല്ലതു ഓതിക്കൊടുക്കുന്നതിനോ ഉള്ള അവകാശമോ അവസരമോ ഇല്ല എന്നുള്ളത് തന്നെ. അല്ലെങ്കില്‍ ലഭ്യമായ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിന് പഠിതാക്കള്‍ തയ്യാറാകുന്നില്ല എന്നത് തന്നെ. ധാരാളം പഠിതാക്കളുള്ള ഒരു ക്ലാസ്സില്‍ ഒരു അധ്യാപകന്‍ പഠിപ്പിക്കുന്ന രീതിയോട് ഒരു കുട്ടിക്ക് മാത്രം എതിര്‍പ്പു / അനിഷ്ടം രൂപപ്പെടുകയാണെങ്കില്‍ ആ എതിര്‍പ്പിന് മുന്‍തൂക്കം കിട്ടുന്നത് അവസ്ഥ രൂപപ്പെടുത്തി എടുക്കുന്നതിനു ഈ ഒരു പഠിതാവിനു സാധിക്കുന്നതായി കാണപ്പെടുകയും ഈ അധ്യാപകന്‍ ഞാന്‍ എന്തിനു പുലിവാല് പിടിക്കുന്നു എന്നുള്ള ചിന്തയില്‍ ഉപദേശാദി കാര്യങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട അവസ്ഥ സമാജമാകുകയും ചെയ്യുന്നു. ഇപ്രകാരമാകുമ്പോള്‍ കുട്ടികളെ അവരുടെ പ്രാപ്തി മനസ്സിലാക്കി പഠനം തിരിച്ചു വിടുന്നതിനോ കുട്ടികളെ അഭിരുചിക്കനുസരിച്ചു പ്രോത്സാഹിപ്പിക്കുന്നതിനോ അധ്യാപകന് സാധിക്കാതെ വരുന്നു. 

ഇപ്രകാരമാകുമ്പോള്‍ ജീവിത വീഥിയില്‍ എന്ത് ചെയ്യണമെന്നോ വിജയം എങ്ങനെ പ്രാപ്തമാക്കാമെന്നോ യുവതയ്ക്ക് യാതൊരു നിശ്ചയവുമില്ലാതെനട്ടം തിരിയപ്പെടുന്നു. . ഈ അവസ്ഥയില്‍ ചില സ്വാര്‍ഥ തല്പരര്‍ ഇവര്‍ക്കു നിര്‍ദേശം കൊടുക്കുന്നതിനായി മുന്നോട്ടു വരികയും അവര്‍ പറയുന്നത് / നിര്‍ദേശിക്കുന്നത് ശെരിയോ തെറ്റോ എന്ന് വിശകലനം ചെയ്യുന്നതിന് സാധാരണക്കാര്‍ക്കു കഴിയാതിരിക്കുകയും നെല്ലും പതിരും തിരിച്ചറിയാതെ അവിടെയും അപകടത്തില്‍ പെടുകയും ചെയ്യപ്പെടുന്നു.

ഈ അവസ്ഥ മുന്നോട്ടു പോയാല്‍ നമ്മുടെ സമീപ ഭാവി എന്താകും എന്നത് അചിന്തനീയം തന്നെ. നമ്മുടെ നാട്ടില്‍ ചിന്താ ശേഷിയുള്ള, ജീവിതം നല്ല രീതിയില്‍ രൂപപ്പെടുത്തി നാടിനും നാട്ടാര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിവും ബുദ്ധിയുമുള്ള നല്ലൊരു യുവതയുണ്ട്, എന്നാല്‍ അവരെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതാണ് നമ്മുടെ അപചയം. സാധാരണ യുവത ഇടപെടേണ്ട / ഇടപെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതായി കാണുന്നില്ല. 

ആയതിന്റെ ചില ഉദാഹരണങ്ങള്‍ വിശദീകരിക്കാം. വണ്ടി ഓടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, വണ്ടി നിര്‍ത്തി ഇടേണ്ട സ്ഥലങ്ങള്‍, വണ്ടി നിറുത്തിയാല്‍ ഡോര്‍ തുറക്കുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാര വാഹങ്ങളില്‍ സാധനം കയറ്റി കയര്‍ മറുവശത്തോട്ടു എറിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാരവസ്തുക്കള്‍ കയറ്റിപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നമ്മുടെ ജീവിതം വേറൊരാളിനു യാതൊരു വിധത്തിലും ബുദ്ധിമുട്ടുണ്ടാകരുതു എന്ന് ചിന്തിക്കാതിരിക്കുക, കൊടി തോരണങ്ങള്‍ കെട്ടിയാല്‍ പരിപാടി കഴിഞ്ഞാല്‍ ആയവ അഴിച്ചു കളയാതിരിക്കല്‍, തന്നെക്കാള്‍ പ്രായം കൂടുതലുള്ളവരോട് പെരുമാറേണ്ട രീതികള്‍, ആഹാരം കഴിക്കുമ്പോള്‍ സ്വീകരിക്കേണ്ടതായ ടേബിള്‍ മാനേഴ്‌സ് ആരാധനാലയങ്ങളിലെ മര്യാദ പെരുമാറ്റങ്ങള്‍, യാത്ര ചെയ്യുന്ന റോഡുകളുടെ സംരക്ഷണം, നമ്മുടെ പരിസര സംരക്ഷണം മുതലായവ ശ്രദ്ധിക്കാതിരിക്കുക ആവശ്യത്തിനുള്ള ഭക്ഷണം മാത്രം ഉപയോഗിക്കുക , അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, ചികിത്സകള്‍ ആവശ്യത്തിന് മാത്രമായി ചുരുക്കുക, അത്യാവശ്യം വായന ശീലമാക്കുക, പ്രഗത്ഭര്‍ പറയുന്നത് വേണ്ടവിധം ശ്രദ്ധിക്കുക:   

ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാതെയും ഒന്നിനെക്കുറിച്ചും ആലോചിക്കാന്‍ മെനക്കെടാതെ എങ്ങനെയോ എന്തോ ഒക്കെ ചെയ്യുക ആയവ കുറെ ശെരി ആകുന്നു കുറെ തെറ്റാകുന്നു, എന്നാല്‍ യുവത അവര്‍ ചെയ്തതായ കാര്യങ്ങളെ കുറിച്ച് യാതൊരു വിലയിരുത്തലും നടത്തുക പോലും ചെയ്യുന്നില്ല എന്നതും ഖേദകരം തന്നെ.  

നമ്മുടെ യുവത പ്രോത്സാഹന വിധേയമായി വ്യവസായ സ്ഥാപനങ്ങള്‍ / സ്റ്റാര്‍ട്ട് അപ്പ്കള്‍ ആരംഭിക്കുന്നു എന്നാല്‍ ആയവ എങ്ങിനെ നിലനിര്‍ത്തണം എന്ന് അറിയാതെ ഉഴലുന്നു. . നികുതി ഒടുക്കേണ്ടത് എന്തിനെന്നും അത് സമയോചിതമായി ചെയ്തില്ല എങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തു കളെ കുറിച്ച് അറിയാതിരിക്കുകയും ആയവയെ കുറിച്ച് വിശകലം പോലും ഒഴിവാക്കുകയും ചെയ്യുന്നു. 

ഇതിനൊക്കെ അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. നമ്മുടെ യുവതയ്ക്ക് പ്രായോഗിക ജീവിതത്തെ കുറിച്ച് ഒരു പ്രത്യേക പ്രായത്തില്‍ തന്നെ ആവശ്യമായ പരിശീലനം കൊടുക്കേണ്ടത് അതായതു ഒരു പട്ടാളച്ചിട്ട യിലുള്ള പരിശീലനം അത്യാവശ്യമാണ്. ആയതു വിദ്യ എന്ന തോതില്‍ ആകാതെ ജീവിക്കുന്നതിനും, പെരുമാറ്റത്തിനും, നികുതി കാര്യങ്ങളെ കുറിച്ചും അനാവശ്യ ധൂര്‍ത്തി ഒഴിവാക്കുന്നതിനെ കുറിച്ച്, ഓരോ കുട്ടിയിലും കുടികൊള്ളുന്ന അയ്ശ്ചികത അറിയുനത്തിനും ആയവ പ്രയോജനപ്പെടുത്തുന്നതിനും ആയിരിക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണ്ടത് ചെയ്യുന്നതിന് ഭരണാധികാരികളും വിദ്യാഭാസ വിചിക്ഷണരും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുന്നു, അപേക്ഷിക്കുന്നു.

Anirudhan 

Also Read