GST : റിവേയ്സ് ചാർജ് മെക്കാനിസം ഓഡിറ്റ് പരിഗണനക്കു വരുമ്പോൾ

GST : റിവേയ്സ് ചാർജ് മെക്കാനിസം ഓഡിറ്റ് പരിഗണനക്കു വരുമ്പോൾ

ജി.എസ്.ടി. ഓഡിറ്റിൽ സാധാരണ നിലയിൽ പരിശോധിക്കപ്പെടാവുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് റിവേയ്സ് ചാർജ് മെക്കാനിസം (RCM) അനുസരിച്ചുള്ള നികുതി നിർണ്ണയവും , അവയുടെ പെയ്മെന്റുകളും സംബന്ധിച്ച കാര്യങ്ങൾ .

വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ദിനംപ്രതി ആവശ്യമായി വരുന്നതും, സ്ഥാപനങ്ങളുടെ കണക്കു പുസ്തകങ്ങളിൽ കൃത്യമായി തെളിഞ്ഞു നില്ക്കുന്നതുമായ ഒരു വിഷയമാണ് രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സ്വീകരിക്കുന്ന ചരക്കുകളുടെയും , സേവനങ്ങളുടെയും വിവരങ്ങൾ . ഇങ്ങനെ രജിസ്ട്രേഷൻ ഇല്ലാത്തവരിൽ നിന്നും സ്വീകരിക്കുന്ന ചരക്കു സേവനങ്ങളുടെ നികുതി ബാദ്ധ്യത പ്രസ്തുത ചരക്കു സേവനങ്ങൾ സ്വീകരിക്കുന്ന വ്യാപാരികളിൽ ചുമത്തുന്നു എന്നതാണ് റിവേയ്സ് ചാർജ് മെക്കാനിസം കൊണ്ട് അർത്ഥമാക്കുന്നത്. 

ഈ നികുതി ബാദ്ധ്യത ജി.എസ്.ടി നിയമത്തിൽ സെക്ഷൻ.9(3) & സെക്ഷൻ.9(4) എന്നിങ്ങനെ രണ്ടായി തിരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.റിവേയ്സ് ടാക്സ് നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ നടക്കുന്ന ചരക്കു സേവനങ്ങളുടെ ക്രയവിക്രയങ്ങളിൽ ആണ് പ്രസ്തുത നികുതി ബാദ്ധ്യത വരുന്നത് എന്ന് കാണാൻ കഴിയും. 

ചില പ്രത്യേക സ്വഭാവത്തിലുള്ള "സപ്ലെകളും " , ചില പ്രത്യേക വിഭാഗത്തിലുള്ള "സപ്ലൈയർമാരും " വരുന്ന ചരക്കു - സേവന ക്രയവിക്രയങ്ങളിൽ സെക്ഷൻ.9(3) അനുസരിച്ച് റിവേയ്സ് ടാക്സ് ബാദ്ധ്യത റെസീപ്പിയന്റിനുമേൽ വരുന്നു. ഇത്തരം സപ്ലൈകളും , സപ്ലയർമാരും ഏതൊക്കെയാണെന്ന് കൃത്യമായി നോട്ടിഫിക്കേഷൻ വഴി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സെക്ഷൻ.9(3) അനുസരിച്ചുള്ള നികുതി ബാദ്ധ്യത മനസ്സിലാക്കി പ്രവർത്തിക്കാൻ വ്യാപാര സമൂഹത്തിന് വലിയ ബുദ്ധിമുട്ട് ഇല്ലായെന്ന് പറയാം.

എല്ലാ ടാക്സബിൾ ചരക്കു - സേവനങ്ങളും ( സെക്ഷൻ. 9(3) യിൽ പറഞ്ഞിട്ടുള്ളവ ഒഴിച്ച്) ഒരു രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയോ, സ്ഥാപനമോ കൊടുക്കുമ്പോൾ പ്രസ്തുത ക്രയവിക്രയത്തിലെ നികുതി ബാദ്ധ്യത ചരക്കു സേവനം സ്വീകരിക്കുന്ന (recipient) രജിസ്ട്രേഷൻ ഉള്ള വ്യാപാരിക്കുമേൽ വരുന്ന സാഹചര്യമാണ് സെക്ഷൻ.9(4) പ്രതിപാദിക്കുന്നത്. 

സെക്ഷൻ .9(3) യേ അപേക്ഷിച്ച് വലിയ തലത്തിൽ പ്രാവർത്തികമാകേണ്ട നിയമമാണ് സെക്ഷൻ.9(4) പ്രകാരമുള്ള റിവേയ്സ് ടാക്സ് നികുതി സമ്പ്രദായത്തിൽ വിവക്ഷിച്ചിട്ടുള്ളത്. കാലങ്ങളായി സർക്കാരിന്റെയും വ്യാപാര മേഖലകളുടെയും മുന്നിലുള്ള ഒരു വിവാദ വിഷയമാണ് സെക്ഷൻ.9(4) അനുസരിച്ചുള്ള റിവേയ്സ് ചാർജ് നികുതി . അതുകൊണ്ട് തന്നെ ഇന്നും ഇത് പൂർണ്ണമായി നടപ്പിലാക്കാതെ മാറ്റി വെച്ചിരിക്കുന്നതും, ഒട്ടനവധി നോട്ടിഫിക്കേഷനുകൾക്കും അമൻഡ്മെന്റുകൾക്കും വിധേയമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിവാദ വിഷയം കൂടിയാണ് ഇത്. 

ഈ വിഷയത്തിൽ കാലാകാലങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കുക കുറച്ച് ദുഷ്കരമാണ്. അതുകൊണ്ട് തന്നെ റിവേഴ്സ് ടാക്സ് ബാദ്ധ്യതയിൽ വീഴ്ചകൾ സംഭവിക്കുവാനും അത് ഓഡിറ്റ് പരിശോധനകളിൽ കണ്ടെത്തുവാനും സാദ്ധ്യത കൂടുതലാണ്.

സെക്ഷൻ.9(4) അനുസരിച്ച് നികുതി ബാദ്ധ്യത ഉണ്ടായിരുന്ന പിരീഡിൽ അത് അടക്കാത്ത കേസുകൾ ഒരു വശത്തും , സെക്ഷൻ.9(4) നികുതി ബാദ്ധ്യത ഒഴിവാക്കിയ പിരീഡ് അറിയാതെ നികുതി അടക്കുകയും പിന്നീട് അതിൻമേൽ ഇൻപുട് ടാക്സ് എടുക്കുകയും ചെയ്ത നടപടി തെറ്റാണെന്ന കേസുകൾ മറുഭാഗത്തും ഓഡിറ്റ് പാരകളായി വന്നേക്കാം. 

ഇവിടെ സെക്ഷൻ.9(4) അനുസരിച്ചുള്ള മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. 2017 ജൂലൈ1 മുതൽ 2017 ഒക്ടോബർ12 വരെ എല്ലാ വ്യാപാരികൾക്കും , എല്ലാ ചരക്കു - സേവനങ്ങൾക്കും [സെക്ഷൻ.9(3) ഒഴിച്ചും പ്രതിദിനം ₹ .5000/- നു മുകളിൽ വരുന്നതും] സെക്ഷൻ.9(4) അനുസരിച്ച് റിവേയ്സ് ടാക്സ് ബാദ്ധ്യത വരുന്നുണ്ട്.

2017 ഒക്ടോബർ 13 ന് ശേഷം പല പീരീഡുകളായി സെക്ഷൻ.9(4) നികുതി ബാദ്ധ്യത ഒഴിവാക്കപ്പെടുകയും പിന്നീട് GST amendment Act 2018 പ്രകാരം റിവേയ്സ് ടാക്സ് ബാദ്ധ്യത എല്ലാ വ്യാപാരികൾക്കും എന്നതിന് പകരം ചില തിരഞ്ഞെടുക്കപ്പെടുന്ന വ്യാപാരികൾ ക്കു മാത്രമായി പുനർ - നിശ്ചയിക്കുകയും ചെയ്തു.

01-04-2019 മുതൽ പ്രോമോട്ടർ കാറ്റഗറികളിൽപ്പെടുന്ന രജിസ്ട്രേഡ് വ്യാപാരികൾക്കു മാത്രമാക്കുകയും അവരുടെ തെരഞ്ഞെടുത്ത ചില ക്രയവിക്രയങ്ങൾക്ക് മാത്രമായി സെക്ഷൻ.9(4) പ്രകാരമുള്ള നികുതി ബാദ്ധ്യത നിർദ്ദേശിക്കുകയും ആണ് ചെയ്തിരിക്കുന്നത്.

ഒരു സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ എക്സ്പെൻസ് ലെഡ്ജറിൽ 01-07-2017 മുതൽ 12-10-2017 വരെയുള്ള കാലയളവിൽ വിവിധങ്ങളായ ചരക്കു സേവനങ്ങൾ രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ സ്വീകരിച്ചതായി കണ്ടാൽ അവയുടെ റിവേയ്സ് ടാക്സ് നികുതി അടച്ചിട്ടുണ്ടോയെന്ന് സ്വാഭാവികമായും പരിശോധിക്കും. താഴെ പറയുന്ന ചിലവുകൾ ഇത്തരത്തിൽ കണക്കുകളിൽ തെളിഞ്ഞു കാണാവുന്ന ചില ഉദാഹരണങ്ങളാണ്.

@ അക്കൗണ്ടിംഗ് ചാർജുകൾ .

@ ഓഡിറ്റ് ഫീ .

@ വാഹന റിപ്പയറിംഗ് .

@ പാർസൽ ചാർജുകൾ.

@ ഓഫീസ് വാടക.

@ വിവിധ ചരക്കുകൾ .

വ്യാപാര സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള ഒഴിവാക്കാനാവാത്ത എക്സ്പെൻഡീച്ചറുകളിൽ നികുതി ബാദ്ധ്യതകൾ ഉണ്ടായിട്ടും അത് അടക്കാൻ വിട്ടു പോയ കേസുകൾ തീർച്ചയായും ഓഡിറ്റ് പാരയായി വ്യാപാരികൾക്ക് ലഭിക്കും. 

ഇനി മറ്റൊരു സാഹചര്യം വരുന്നത് 13-10-2017 നു ശേഷം സെക്ഷൻ.9(4) പ്രകാരം നികുതി ബാദ്ധ്യത ഒഴിവാക്കിയ പിരീഡിൽ അറിയാതെ റിവേയ്സ് ടാക്സ് അടക്കുന്നതു തുടരുകയും അതിൻമേൽ ഇൻപുട് ടാക്സ് എടുക്കുകയും ചെയ്ത കേസുകളാണ്. ഇവയും ഓഡിറ്റ് പാരകളായി മാറിയേക്കാം. 

നികുതി ബാദ്ധ്യത ഇല്ലാത്ത പിരീഡിൽ നികുതിയായി അടച്ച തുക നികുതിയായി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ അതിൻമേൽ എടുത്ത ഇൻപുട് ടാക്സ് തെറ്റാണെന്നും കണ്ടെത്തലുകൾ വന്നേക്കാം.

ജി.എസ്.ടി. നിയമം അനുസരിച്ച് റിവേയ്സ് ടാക്സ് ബാദ്ധ്യത വരുന്ന ക്രയവിക്രയങ്ങൾക്ക് പ്രത്യേകമായി കണക്കുകൾ സൂക്ഷിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിലുണ്ടാകുന്ന വീഴ്ചകളും ഓഡിറ്റ് നിരീക്ഷണങ്ങൾക്കും , പിഴ ശിക്ഷക്കും കാരണമായേക്കാം. 

ഓഡിറ്റ് നോട്ടീസ് ലഭിച്ചാലും ഇല്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒരു സ്വയ പരിശോധനക്കു വിധേയമാക്കുന്നത് എല്ലാ സ്ഥാപനങ്ങൾക്കും നല്ലതായിരിക്കും.

Also Read