ജി എസ് ടി ട്രൈബ്യൂണൽ നിയമക്കുരുക്കിൽ ആകുമോ? ആശങ്കയിൽ വാണിജ്യ വ്യവസായ മേഖല

ജി എസ് ടി ട്രൈബ്യൂണൽ നിയമക്കുരുക്കിൽ ആകുമോ? ആശങ്കയിൽ വാണിജ്യ വ്യവസായ മേഖല

ജൂലൈ 11, 2023, ഡൽഹിയിൽ നടന്ന 50താമത് ജി എസ് ടി കൌൺസിൽ യോഗം എത്രയും പെട്ടന്ന് ട്രിബൂണൽ നിലവിൽ വരുത്താൻ ആയി ജി എസ് ടി നിയമ ഭേദഗതി 01. 08. 2023 മുതൽ പ്രാബല്യത്തിൽ വരുത്താൻ നിർദേശിച്ചു 

ജി എസ് ടി നിലവിൽ വന്ന് ആറ് വർഷം പിന്നിടുമ്പോഴും തർക്കപരിഹാരത്തിനായി അപ്പല്ലേറ്റ് ബോഡി ആയി നിശ്ചയിയിക്കപ്പെട്ട ജി എസ് ടി ട്രിബൂണൽ ഇത് വരെ സ്ഥാപിതമായില്ല എന്നത് തീർത്തും ആശങ്കകരമായ വിഷയമാണ്. കഴിഞ്ഞ ആറുവഷത്തിനിടേ ഉയർന്നു വന്നിട്ടുള്ള ഓർഡറുകളിൻമേലുള്ള തർക്കങ്ങൾ പരിഹരിക്കാൻ നിലവിൽ പരിഹരിക്കാൻ ഒരു സംവിധാനം ഇല്ലാത്ത അവസ്ഥ ആണ്. ഇതിനു പരിഹാരം എന്ന നിലയിൽ ആണ് ജൂലൈ 11, 2023, ഡൽഹിയിൽ നടന്ന 50താമത് ജി എസ് ടി കൌൺസിൽ യോഗം എത്രയും പെട്ടന്ന് ട്രിബൂണൽ നിലവിൽ വരുത്താൻ ആയി ജി എസ് ടി നിയമ ഭേദഗതി 01. 08. 2023 മുതൽ പ്രാബല്യത്തിൽ വരുത്താനും, തുടർന്ന് ജി എസ് ടി അപ്പല്ലേറ്റ് ട്രിബൂണൽ (അപ്പോയ്ന്റ്മെന്റ് ആൻഡ് കണ്ടിഷൻസ് ഓഫ് സർവീസ് ഓഫ് പ്രസിഡന്റ്‌ ആൻഡ് മെംബേർസ്) റൂൾസ്‌ 2023 കൊണ്ടുവരാനും നിർദേശിച്ചത്.

 എന്താണ് നിലവിലെ തടസ്സങ്ങൾ; 

 ജി എസ് ടി ട്രിബൂണൽ നിലവിൽ വരാനുള്ള എല്ലാ കടമ്പകളും കടന്നു എന്ന് ആശ്വസിക്കാൻ ആയോ എന്ന് പരിശോധിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും . 

ആദ്യമേ തന്നെ പറയട്ടെ, ജി എസ് ടി ട്രിബൂണൽ സ്ഥാപിക്കുന്ന Section 109, 2017 ൽ ഇറങ്ങിയ ജി എസ് ടി ആക്ട് പ്രകാരം പറഞ്ഞിരുന്നത് ജി എസ് ടി ട്രിബൂണലിൽ ഒരു ജുഡീഷ്യൽ മെമ്പർ, സംസ്ഥാന ജി എസ് ടി യിൽ നിന്നും ഒരു മെമ്പർ, സെൻട്രൽ ജി എസ് ടി യിൽ നിന്നും ഒരു മെമ്പർ എന്നാണ്. ഇതു കൂടാതെ ജിഎസ്ടിക്ക് മുന്നേ പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിയമം അനുസരിച്ച് പത്തു വർഷത്തിൽ കൂടുതൽ പ്രാക്ടീസ് ഉള്ള അഭിഭാഷകർക്ക് ട്രൈബ്യൂണൽ മെമ്പർ ആകാൻ അർഹത ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ജിഎസ്ടി ആക്ടിൽ അഭിഭാഷകരെ ട്രൈബ്യൂണൽ മെമ്പർ ആകാൻ അനുവദിക്കുന്ന നിയമം ഉണ്ടായിരുന്നില്ല. ഈ വിഷയങ്ങൾ തർക്കമായി ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പെറ്റീഷൻ (Revenue Bar Association Vs. Union of India )ജിഎസ്ടി ആക്ടിന്റെ പ്രസ്തുത സെക്ഷൻ നിയമ സാധ്യത ഇല്ലാത്തതായിപ്രഖ്യാപിച്ചു.. ജിഎസ്ടി ട്രിബൂണലുകളിൽ ടെക്നിക്കൽ മെമ്പർ തസ്തിക ജുഡീഷ്യൽ മെമ്പർമാരെകാൾ കൂടുതൽ ആകരുതെന്നും, അർഹരായുള്ള അഭിഭാഷകർ മെമ്പർമാർ ആകുന്നതിൽ തെറ്റില്ലെന്നും ഹൈക്കോടതി വിധിച്ചു. ഈ വിധിക്കെതിരെ ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഗവൺമെന്റ് അപ്പീൽ സുപ്രീം കോടതി മുന്നാകെ ഫയൽ ചെയ്യുകയും, ഇതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

മുകളിൽ സൂചിപ്പിച്ചതുപോലെ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ആണ് ഫിനാൻസ് ആക്ട് 2023 സെക്ഷൻ 109 ഭേദഗതി ചെയ്തത്. ശ്രദ്ധേയമായ വിഷയം ഗവൺമെന്റ് 2023 ലെ ഫിനാൻസ് ബില്ല് അവതരിപ്പിച്ചപ്പോൾ ഇങ്ങനെയൊരു ഭേദഗതി ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതി പ്രകാരം ജി എസ് ടി ട്രൈബ്യൂണൽ ഒരു പ്രിൻസിപ്പൽ ബെഞ്ച്, പിന്നെ സ്റ്റേറ്റ് ബെഞ്ചുകൾ എന്നീ രീതിയിൽ സ്ഥാപിതമാവാൻ തീരുമാനമായിരിക്കുന്നു. ജി എസ് ടി ട്രൈബ്യൂണലിൽ രണ്ട് ജുഡീഷ്യൽ മെമ്പർമാരും ഒരു സ്റ്റേറ്റ് മെമ്പറും ഒരു സെൻട്രൽ ജി എസ് ടി മെമ്പറും ഉണ്ടായിരിക്കും. ഈ ഭേദഗതി ഇപ്പോഴും മെമ്പർമാർ ആവാനുള്ള അഭിഭാഷകരുടെ അവകാശത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. സുപ്രീംകോടതി ഈ വിഷയത്തിൽ എന്ത് തീരുമാനമെടുത്താലും അത് ജി എസ് ടി ട്രൈബ്യൂണലിന്റെ ഘടനയെ ബാധിക്കും. 

ഇതുകൂടാതെ, ഇന്ത്യയിലൊട്ടാകെ ഉള്ള ട്രിബൂണൽ സിസ്റ്റം തന്നെ പല തവണ സുപ്രീം കോടതിയുടെ മുൻപിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടനയുടെ 323A, 323 B പ്രകാരം സ്ഥാപിതമാകുന്ന ട്രിബൂണലുകൾ, അതാതു ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളുടെ നിയന്ത്രണത്തിന് വിധേയമാകുമ്പോൾ ഒരു ജുഡീഷ്യൽ ബോഡി എന്ന നിലയ്ക്കു ട്രിബൂണലിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ ആവില്ലെന്നും ആയതിനാൽ എല്ലാ ട്രിബൂണലുകളും നിയമ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരണമെന്നും സുപ്രീം കോടതി വിധി കല്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ട്രിബൂണൽ മെമ്പർമാരുടെ നിയമനം, യോഗ്യത, സർവീസ് കാലയളവ്, മറ്റു സർവീസ് വ്യവസ്ഥകൾ എന്നിവ തീരുമാനിക്കാൻ ഒരു സ്പെഷ്യൽ ബോഡി വേണമെന്നും 1987 ൽ വന്ന സമ്പത് കുമാർ തുടങ്ങി റോജർ മാത്യു (2019 സുപ്രീം കോടതി )വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ ഇപ്പോഴും ട്രൈബ്യൂണലിൻ്റെ നിയമപരമായ നിലനിൽപ്പ് സംബന്ധിച്ച തർക്കങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

 ട്രൈബ്യൂണലുകളുടെ ഘടന സംബന്ധിച്ച അവ്യക്തത; 

നിയമപരമായ തർക്കങ്ങൾ നില നിൽക്കേ തന്നെ, വിഭാവനം ചെയ്യുന്ന ജി എസ് ടി ട്രൈബ്യൂണലിൻ്റെ ഘടന പരിശോധിച്ചാൽ അവിടേയും അവ്യക്തത ഉള്ളതായി കാണാം, നിയമ പ്രകാരം,കേരളത്തിൽ ഒട്ടാകെ മൂന്ന് ജി എസ് ടി ട്രൈബ്യൂണലുകൾ ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് (ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും) ആയിരിക്കും ട്രൈബ്യൂണലുകൾ പ്രവർത്തിക്കുക എന്നാണ് അറിയുന്നത്. ജി എസ് ടി ആക്ടിൽ പറയുന്ന place of supply വിഷയത്തിൽ വരുന്ന തർക്കങ്ങൾ ഡൽഹിയിലുള്ള പ്രിൻസിപ്പൽ ബഞ്ചായിരിക്കും പരിഗണിക്കുക. തർക്കപരിധി 50 ലക്ഷം വരെയുള്ള കേസുകൾ സിംഗിൾ മെമ്പർ പരിഗണിക്കും.

 ജി എസ് ടി കൗൺസിൽ, ജി എസ് ടി ആക്ട്,സെക്ഷൻ 110 (4) (b) (iii) പ്രകാരം പറഞ്ഞിട്ടുള്ള സെലക്ഷൻ അംഗമാകാൻ മഹാരാഷ്ട്ര ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രസ്തുത സെക്ഷൻ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ചീഫ് സെക്രട്ടറി അതാത് സംസ്ഥാനത്തിലെ ജിഎസ്ടി ബെഞ്ചിന്റെ രൂപീകരണത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ അംഗമാണ്. കേരളത്തിലെ സ്റ്റേറ്റ് ബെഞ്ചുകളുടെ രൂപീകരണത്തിനുള്ള സെലക്ഷൻ കമ്മിറ്റി നോട്ടിഫൈ ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല. ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, ജീവനക്കാരെ നിയമിച്ച് ഡ്രൈവ്യൂണൽ പ്രവർത്തന യോഗ്യമാവാൻ ഇനിയും രണ്ടു വർഷമെങ്കിലും എടുക്കും.

ഇന്ത്യയിൽ ട്രൈബ്യൂണൽ സിസ്റ്റം കൊണ്ടുവന്നത് തന്നെ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനാണ്. ഹൈക്കോടതിക്ക് സമാന്തരമായ ഒരു കോടതി അതല്ലെങ്കിൽ ഒരു സബ് ഹൈക്കോടതി എന്ന രീതിയിലാണ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടത്. എന്നാൽ ജി എസ് ടി ട്രിബൂണലിനെ സംബന്ധിച്ച് നിയമം വന്നതിനു ആറു വർഷത്തിനുശേഷം രൂപീകരിക്കാൻ പോകുന്ന ട്രൈബ്യൂണൽ കഴിഞ്ഞ ആറു വർഷമായി കെട്ടികിടക്കുന്ന കേസുകളുടെ ഭരവുമായിട്ടാണ് ആയിട്ടാണ് തുടങ്ങുന്നത്. ഇതിനർത്ഥം 2017ലെ ഒരു കേസിൽ. ട്രൈബ്യൂണൽ വിധി വരുമ്പോഴേക്കും ഏകദേശം 10 വർഷം കഴിയും. ഇതിൽ ഏതെല്ലാം കേസുകളിൽ നികുതി ദായകന് എതിരായി വിധി വരുന്നുവോ, അയാൾ നികുതി അത്രയും കാലത്തെ പലിശയും ചേർത്ത് കൊടുക്കാൻ ബാധ്യസ്ഥനാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഒരു ഗവൺമെന്റ് സമയബന്ധിതമായ നടപടി എടുക്കാത്തതിന് നികുതി ദായകൻ എന്തിന് പലിശ കൊടുക്കണം. അതുകൊണ്ട് ഇനിയും ജിഎസ്ടി ട്രൈബ്യൂണൽ വൈകുന്ന ഓരോ ദിവസവും നികുതി ദായകന്റെ ബാധ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ സങ്കീർണതകളിൽ നിന്നും പുറത്തു കടന്നു , വാണിജ്യ വ്യവസായ മേഖലയുടെ ആരോഗ്യപരമായ നിലനിൽപ്പിനും അതോടൊപ്പം ജി എസ് ടി സംവിധാനം കാര്യക്ഷമമായി മാറി രാജ്യത്തെ പരോക്ഷ നികുതി മേഘലയെ കാര്യക്ഷമാക്കി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റാനും തർക്കപരിഹാര വേദിയായി ജി എസ് ടി ട്രിബൂണൽ കുറ്റമറ്റ രീതിയിൽ എത്രയും വേഗം സ്ഥാപിതം ആവേണ്ടതാണ്. അതിന് ഗവൺമെന്റ് ജുഡീഷ്യറിയും ഒരേ പോലെ സമയബന്ധിതമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

അഡ്വ. സിന്ധു മങ്ങാട്ട്. 

പാർട്ട്നർ

സ്വാമി അസോസിയേറ്റ്സ്

ഫോ. 8590902903

Also Read