റിട്ടേൺ റിവിഷൻ GST യിൽ മാത്രം നിഷേധിക്കുന്നത് ശരിയോ?
ജി.എസ്.ടി. സെൽഫ് അസസ്മെന്റ് നികുതി സമ്പ്രദായത്തിൽ ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾക്ക് നിയമപരമായി വലിയ പ്രാധാന്യം ഉണ്ട് എന്നു നമുക്കറിയാം.
GST റിട്ടേണുകൾ ഒരു അസസ്മെന്റ് ഓർഡറുകൾ തന്നെയായി നിലനില്ക്കുന്ന ഒരു സംവിധാനമാണ് നിലവിലുള്ളത്.
ഒരു റിട്ടേൺ കാലയളവിൽ
"ബെസ്റ്റ് ജഡ്ജ് മെന്റ് അസസ്മെന്റ് " ഉണ്ടായിട്ടില്ലായെങ്കിൽ പിന്നെ " സെൽഫ് അസസ്മെന്റ് " ഓർഡറായി പ്രസ്തുത കാലയളവിൽ നിലനില്ക്കുന്നത് ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾ തന്നെയാണ്.
ഒരു സാമ്പത്തിക വർഷത്തിൽ ഫയൽ ചെയ്യപ്പെട്ട റിട്ടേണുകളിൽ യാതൊരു തെറ്റുമില്ലായെങ്കിൽ, അത് അംഗീകരിച്ച് ഒരു അസസ്മെന്റ് ഓർഡർ
ടാക്സ് പെയർക്കു ലഭിക്കുന്ന സാഹചര്യം നിലവിലില്ല എന്നതാണ് ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത.
തെറ്റുകുറ്റങ്ങൾ കണ്ടെത്തി ബെസ്റ്റ് ജഡ്ജ്മെന്റ് അസസ്മെന്റ് നടപടികൾ തുടങ്ങിയാൽ ടാക്സ് പെയർക്ക് ഒരു ബെസ്റ്റ് ജഡ്ജ്മെന്റ് അസസ്മെന്റ് ഓർഡർ പ്രസ്തുത വർഷത്തിൽ ലഭിക്കും.
ഷോ കോസ് നോട്ടീസിലേക്ക് ഓഫീസർ പ്രവേശിക്കുന്നതിന് മുൻപ് നല്കുന്ന സൂചനാ നോട്ടീസ് അനുസരിച്ചോ , അല്ലെങ്കിൽ കക്ഷികളുടെ സ്വയം നികുതി നിർണ്ണയത്തിന്റെ വെളിച്ചത്തിലോ തർക്കമായ തുക അടച്ച് ഓഫീസറെ അറിയിച്ചാൽ ( DRC 03 വഴി ) പിന്നെ അഡ് ജൂഡിക്കേഷൻ നടപടികളിലേക്കു നീങ്ങാതെ സെൽഫ് അസസ്മെന്റ് അംഗീകരിച്ചു കേസ് അവസാനിപ്പിക്കാമെന്ന് സെക്ഷൻ. 73(5)/ 74(5) പറയുന്നു. ഇവിടെ ഒരു അഡ്ജൂഡിക്കേഷൻ നടപടി തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് തന്നെ നടപടി അവസാനിപ്പിച്ച് ഒരു ഉത്തരവ് ആവശ്യമില്ല.
ഇവിടെയും സെൽഫ് അസസ്മെന്റ് ഓർഡറായി നിലനില്ക്കുന്നത് ഫയൽ ചെയ്യപ്പെട്ട റിട്ടേണുകൾ തന്നെയാണ്.
ഇതിൽ നിന്നും റിട്ടേണുകളുടെ നിയമപരമായ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഒരു ടാക്സ്പെയറെ സംബന്ധിച്ചു പലപ്പോഴും പല അധികാരികൾ മുമ്പാകെ ഹാജരാക്കേണ്ടിവരുന്ന ഒരു സുപ്രധാന രേഖ കൂടിയാണ് ജി.എസ്.ടി. അസസ്മെന്റ് ഓർഡറുകൾ അല്ലെങ്കിൽ ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾ. വാർഷിക ടെണോവർ രണ്ടുകോടിയിൽ താഴെ വരുന്ന നികുതിദായകരെ വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാൽ ഇത്തരക്കാരുടെ പ്രതിമാസ റിട്ടേണുകളുടെ പ്രാധാന്യം വലുതാണ്. റിട്ടേണുകളുടെ കൃത്യത ഉറപ്പാക്കേണ്ടതും, അവ ബോദ്ധ്യപ്പെടുത്തേണ്ട ഇടങ്ങളിൽ ബോദ്ധ്യപ്പെടുത്തേണ്ടതും, ഒരു സെൽഫ് അസസ്മെന്റ് ഉത്തരവായി അവ സൂക്ഷിക്കേണ്ടതും നികുതിദായകരുടെ വലിയ ഉത്തരവാദിത്വമാണ്.
അതുകൊണ്ട് തന്നെ തെറ്റുകൾ ഉണ്ടെങ്കിൽ അവ പൂർണ്ണമായി തിരുത്തി പുതിയ റിട്ടേൺ ഫയൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.
പക്ഷെ ഫയൽ ചെയ്യപ്പെട്ട റിട്ടേണുകളിൽഎന്തെങ്കിലും ഒരു തെറ്റ് സംഭവിച്ചാൽ പിന്നീട് അവ തിരുത്തി പുതിയ റിട്ടേൺ ഫയൽ ചെയ്യാൻ ജി.എസ്.ടി. നിയമം അനുവദിക്കുന്നില്ല.
പകരം സംഭവിച്ച തെറ്റുകൾ പിന്നീടു ഫയൽ ചെയ്യുന്ന റിട്ടേണുകളിൽ അഡ്ജസ്റ്റ് ചെയ്യുവാൻ (Rectify) ആണ് ജി.എസ്.ടി. നിയമം അനുശാസിക്കുന്നത്. ജി.എസ്.ടി റിട്ടേൺ റിവിഷന് അനുമതിയില്ല പകരം റിട്ടേൺ റെക്ടിഫിക്കേഷൻ മാത്രമാണ് അനുവദനീയമായിട്ടുള്ളത് എന്ന് ചുരുക്കം.
ഇത് ഒരു വലിയ ന്യൂനതയായി ജി.എസ്.ടി. നിയമത്തിൽ നിലനില്ക്കുകയാണ്.
ജി.എസ്.ടി. എന്നത് ഒരു നവ നികുതി നിയമം ആയതിനാൽ നിയമ നിർമ്മാണത്തിലും , നടത്തിപ്പിലും കഴിയുന്നത്ര ന്യൂനതകൾ ഒഴിവാക്കുവാനും , ആധുനിക കാഴ്ചപാടുകൾ സ്വീകരിക്കാനുമാണ് ശ്രമിക്കേണ്ടിയിരുന്നത്.
ജി.എസ്.ടി നിയമത്തിന്റെ മുൻഗാമികളായിരുന്ന വാറ്റ് നിയമത്തിലും , സർവ്വീസ് ടാക്സ് നിയമത്തിലും തെറ്റുകൾ തിരുത്തി റിട്ടേൺ റിവിഷൻ ചെയ്യാൻ അനുമതി ഉണ്ടായിരുന്നു. ജി.എസ്.ടി. നിയമത്തിൽ മാത്രം റിട്ടേൺ റിവിഷൻ അനുമതി നല്കേണ്ട എന്ന തീരുമാനം വലിയ ഒരു തെറ്റായി ഇന്നും തുടരുകയാണ്.
മുൻ നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തുകൊണ്ട് ജി.എസ്.ടി. നിയമത്തിൽ റിട്ടേൺ റിവിഷൻ അനുവദിക്കാത്തത് എന്ന് കൃത്യമായ കാര്യകാരണങ്ങൾ കാണിച്ചു വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുമില്ല.
ജി.എസ്.ടി. നിയമത്തിൽ റിട്ടേൺ റിവിഷന് പകരം അനുവദിച്ചിട്ടുള്ള റിട്ടേൺ റെക്ടിഫിക്കേഷൻ സംവിധാനം ഒരു പൂർണ്ണ പ്രശ്നപരിഹാരം ആകുന്നില്ല എന്നതാണ് സത്യം.
ഫയൽ ചെയ്യപ്പെട്ട റിട്ടേണുകളിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ സമയ പരിധി വച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വലിയ തെറ്റായി നിലനില്ക്കുന്നത്.
റിട്ടേണുകളിലെ ചില തെറ്റുകൾ (എല്ലാ തെറ്റുകളും തിരുത്താൻ അനുമതിയില്ല) തിരുത്തുവാൻ തെട്ടടുത്ത സാമ്പത്തിക വർഷം നവംബർ മാസം വരെ എന്ന സമയ ക്ലിപ്തത നിയമത്തിൽ നിശ്ചയിച്ചിരിക്കുകയാണ്.
ഇൻപുട് ടാക്സ് ക്ലെയിം തടയുക എന്നതാണ് ഇവിടെ ലക്ഷ്യമാക്കുന്നത് എങ്കിൽ വ്യവസ്ഥകൾക്കു വിധേയമായിട്ടെങ്കിലും റിട്ടേൺ റെക്ടിഫിക്കേഷൻ നടത്താനുള്ള സമയപരിധി എന്ന ദുരിതം എടുത്തു മാറ്റാൻ തയ്യാറാകണം.
ഒരു ടാക്സ് പെയറുടെ കണക്കുകളുമായി എന്നും സമരസപ്പെട്ടു നില്ക്കേണ്ട പ്രധാന രേഖയാണ് ജി.എസ്.ടി. റിട്ടേണുകൾ. സംഭവിച്ച തെറ്റുകൾ തിരുത്തുന്നതിന് തടസ്സം ഉണ്ടാക്കുന്നത് നീതി ബോധമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല.
ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾക്കു മേൽ അസസ്മെന്റ് നടപടികൾ എടുക്കുവാൻ അഞ്ചു വർഷം വരെ സമയം അനുവദിച്ചിരിക്കുമ്പോഴാണ്, അസസ്മെന്റ് നടപടികൾ തുടങ്ങിയിട്ടില്ലാത്ത ടാക്സ് റിട്ടേണുകൾ ആവശ്യം വന്നാൽ ( സെൽഫ് അസസ്മെന്റിന്റെ ഭാഗമായി) തിരുത്താൻ ചുരുങ്ങിയ സമയ പരിധി നിശ്ചയിച്ചിട്ടുള്ളത് എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്.
ജി.എസ് ടി. സെൽഫ് അസസ്മെന്റിന്റെ കടക്കൽ കത്തി വെക്കുന്നു എന്ന് ഈ നടപടിയെ വേണമെങ്കിൽ കാണാവുന്നതാണ്.
മറ്റൊരു പ്രശ്നം നിലവിൽ തിരുത്താൻ അനുമതിയുള്ളത് നേരിട്ട് നികുതിയുമായി ബന്ധമുള്ള വിഷയങ്ങൾക്ക് മാത്രമാണ് എന്നതാണ്. ഒരു ടാക്സ് പെയറുടെ റിട്ടേണിൽ വെളിപ്പെടുത്തുന്നത് കേവലം ഇൻവോയ്സ് സംബന്ധിച്ചതും, നികുതി സംബന്ധിച്ചതുമായ വിവരങ്ങൾ മാത്രമല്ല. വ്യാപാര ക്രയവിക്രയങ്ങളുടെ മറ്റു ഒട്ടനവധി വിവരങ്ങൾ കൂടി ഇതിൽ ഉൾപ്പെടും. റിട്ടേൺ റെക്ടിഫിക്കേഷനിൽ എല്ലാ തെറ്റ് തിരുത്തലും സാദ്ധ്യമല്ലാതെ വന്നാൽ ഫയൽ ചെയ്യപ്പെട്ടപ്പോൾ സംഭവിച്ച പല തെറ്റുകളും പിന്നീടും തെറ്റുകളായി തുടരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
തിരുത്തുവാൻ അനുമതിയുള്ള കോമൺ എറർ ലിസ്റ്റിൽ ഉൾപെടാത്ത ഒട്ടനവധി തെറ്റുകൾ റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ സംഭവിക്കാറുണ്ട്.
ഉദാഹരണമായി റിട്ടേൺ ഫയൽ ചെയ്തപ്പോൾ നികുതി സംഖ്യയിൽ ഒരു തെറ്റു സംഭവിക്കുകയും, അത് അനുവദിച്ച സമയപരിധിക്കുള്ളിൽ അഡ്ജസ്റ്റ് ചെയ്ത് തീർക്കാൻ കഴിയാത്ത ഒരു വലിയ സംഖ്യയാകുകയും ചെയ്താൽ പ്രശ്ന പരിഹാരം നീണ്ടു പോകും എന്നതാണ്.
ഇത്തരം ചില സാഹചര്യങ്ങളിൽ കോടതി ഉത്തരവുകൾ വഴി റിട്ടേൺ റിവിഷൻ നടത്തേണ്ടി വരുന്ന സാഹചര്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യവഹാരങ്ങൾ ക്ഷണിച്ചു വരുത്തുന്നതും , കോടതിയിൽ പോകുന്നവർക്ക് മാത്രം റിട്ടേൺ റിവിഷന് അനുമതി കൊടുക്കുന്നതും.
ജി.എസ്.ടി യുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങൾ ആയ "ലളിതം", "സുതാര്യം", " ജനകീയം" എന്നിവയ്ക്ക് യോജിക്കുന്ന രീതിയല്ല എന്ന് മനസ്സിലാക്കണം.
ഇനി അടുത്ത വിഷയം നിലവിൽ റിട്ടേണുകളിലെ തെറ്റുകൾ തിരുത്തുവാൻ നല്കിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ ശാസ്ത്രീയമല്ല എന്നതാണ്.
കഴിഞ്ഞ ഒരു റിട്ടേൺ കാലയളവിൽ വിട്ടു പോയ സംഖ്യ കൂട്ടിച്ചേർക്കേണ്ടതും, അധികമായി റിപ്പോർട്ടു ചെയ്യപ്പെട്ട സംഖ്യ കിഴിക്കേണ്ടതും പിന്നീടുള്ള മാസങ്ങളിലെ റിട്ടേണുകളിലെ സംഖ്യയോട് ആണ് എന്നാണ് നിർദ്ദേശം.
നിലവിൽ ഫയൽ ചെയ്യുന്ന റിട്ടേണുകളിൽ (Gstr-3B) മുൻ മാസങ്ങളിലെ വ്യത്യാസങ്ങൾ പ്രത്യേകമായി കാണിക്കുവാൻ ഇടം ഇല്ലെന്നും അതുകൊണ്ട് തനതുമാസത്തെ ടെണോവർ സംഖ്യയോടൊപ്പവും, നികുതി സംഖ്യയോടൊപ്പവും മുൻ മാസങ്ങളിലെ വ്യത്യാസമുള്ള സംഖ്യകൾ ചേർത്ത് റിട്ടേൺ ഫയൽ ചെയ്യണം എന്നുമാണ് നിർദ്ദേശങ്ങൾ.
ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുക വഴി തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. തെറ്റുപറ്റിയ മുൻ മാസത്തെ റിട്ടേൺ തെറ്റായി തന്നെ തുടരുകയും, മുൻ മാസങ്ങളിലെ തെറ്റുകൾ കൂട്ടി ചേർക്കുകയോ, കുറക്കുകയോ ചെയ്യുക വഴി തനതുമാസത്തെ റിട്ടേണിൽ വരുന്ന സംഖ്യകൾ മാറുകയും അവ എങ്ങനെ വന്നു എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അങ്ങനെ മുൻ മാസത്തെ റിട്ടേണുകളെ പ്പോലെ തനതു മാസത്തെ സംഖ്യകൾ റിട്ടേണുകളും ബുക്ക് ഓഫ് അക്കൗണ്ട്സുമായി യാതൊരു ബന്ധവും ഇല്ലാതെ ഫയൽ ചെയ്യപ്പെടുകയും ചെയ്യും.
സെൽഫ് അസസ്മെന്റ് വഴി ഫയൽ ചെയ്യപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി റിട്ടേണുകളെ കേവലം നികുതി അടക്കാനുള്ള ഒരു ടൂൾ മാത്രമായി ചുരുക്കി കാണുന്നു എന്നതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം. റിട്ടേണിൽ കോളമില്ലെങ്കിൽ അതിനാവശ്യമായ കോളങ്ങൾ കൊണ്ടുവരണം. അല്ലാതെ എങ്ങനെയെങ്കിലും നികുതി വാങ്ങിയെടുക്കണം എന്ന് മാത്രം ചിന്തിച്ച് പരിഹാര നിർദ്ദേശങ്ങൾ കൊടുക്കുന്നത് വലിയ തെറ്റ് തന്നെയാണ്.
അല്ലെങ്കിൽ വിട്ടു പോയതും പിന്നീട് പല മാസങ്ങളിലെ റിട്ടേണുകളിലൂടെ തിരുത്തിയതും ആയ കേസുകളിൽ ഒരു ഫൈനൽ അസസ്മെന്റ് ഓർഡർ കൊടുത്ത് ടാക്സ് പെയർക്കു ആശ്വാസം നല്കണം.
കേരളത്തിൽ മുൻ വാറ്റ് നിയമത്തിൽ പറഞ്ഞിരുന്ന റിട്ടേൺ റിവിഷൻ സാഹചര്യങ്ങൾ കൂടാതെ സ്റ്റാറ്റൂട്ടറി ഫാറങ്ങൾ ലഭിക്കാൻ പർച്ചേഴ്സ് ലിസ്റ്റുകൾ തിരുത്തുന്ന സാഹചര്യങ്ങൾ . : വ്യാപകമായിരുന്നു.
ഇതിന് തടയിട്ടു കൊണ്ട് കേരള സർക്കാർ ഒട്ടനവധി സർക്കുലറുകൾ അന്ന് ഇറക്കുകയുണ്ടായി. ഇതനുസരിച്ച് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അനുമതി കൊടുക്കുന്ന റിട്ടേണുകൾ മാത്രം റിവൈയ്സ് ചെയ്യാൻ പാടുള്ളൂ എന്ന തരത്തിൽ ഒട്ടനവധി നിബന്ധനങ്ങളും , നിയന്ത്രണങ്ങളും ആ കാലഘട്ടത്തിൽ ഏർപ്പെടുത്തുകയുണ്ടായി.
എന്നാൽ പല കാരണങ്ങൾ പറഞ്ഞ് റിട്ടേൺ റിവിഷൻ നിഷേധിക്കപ്പെട്ടവർ കോടതിയെ സമീപിക്കുകയും അനുകൂല വിധികൾ നേടി തങ്ങളുടെ റിട്ടേണുകൾ പുതുക്കി ഫയൽ ചെയ്യുകയുമാണ് ഉണ്ടായത്. അനാവശ്യമായ നിയന്ത്രണങ്ങൾ തീർച്ചയായും തിരിച്ചടിയാകും എന്നതിന് നല്ല ഒരു തെളിവാണിത്.
ജി.എസ്.ടി നിയമത്തിലും ഇത്തരത്തിൽ റിട്ടേൺ റിവൈസ് ചെയ്യാൻ സാഹചര്യം ഉണ്ടാക്കണമെന്ന നിർദ്ദേശങ്ങൾ വിവിധ കോടതികൾ നല്കി കൊണ്ടിരിക്കുകയാണ്.
തെറ്റുകൾ സംഭവിക്കുക എന്നത് ആർക്കും സംഭവിക്കാവുന്നതാണ് എന്നും തിരുത്തുക എന്നതാണ് ശരിയായ വഴിയെന്നും, അതിനുള്ള സാഹചര്യം സൃഷ്ടിക്കയാണ് വേണ്ടതെന്നും ബഹു. കോടതികൾ വിധികളിൽ അടിവരയിട്ടു പറയുന്നുണ്ട്.
ജി.എസ്.ടി. റിട്ടേണുകളുടെ നിയമപരമായ പ്രസക്തി മനസ്സിലാക്കിയും , സെൽഫ് അസസ്മെന്റിന്റെ ആശയം ഉയർത്തി പിടിച്ചു കൊണ്ടും, അവശ്യമായ മുൻകരുതൽ നിയന്ത്രണങ്ങളോടെ റിട്ടേൺ റിവിഷൻ അനുവദിക്കാൻ സർക്കാർ തയ്യാറാവണം.