GST- യെ വെറുമൊരു നികുതി നിയമമായി മാത്രം കണ്ടാല്‍ പോരാ! അത് ഇന്ത്യയുടെ ഭാവിയെ വരെ നിയന്ത്രിച്ചേക്കാം
ജി എസ് ടി ഇന്ത്യയില്‍ നടപ്പാക്കിയത് ആഗോളമായി ഇന്ത്യക്കു കൂടി ബാധകമായ പല കരാറുകളുടെയും പ്രതിഫലനമാണ്. സങ്കീര്‍ണമായ ഒരു നികുതി വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സുതാര്യമായ ഒരു നികുതി വ്യവസ്ഥ വളരെ ലളിതമായ രീതിയില്‍ വേണമെന്നുള്ള വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് ജി എസ് ടി യിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് എന്താണ് സംഭവിച്ചിട്ടുള്ളത്?
ഇത്രയേറെ സങ്കീര്‍ണതകള്‍ നികുതി വ്യവസ്ഥയെ തകര്‍ക്കും എന്നതാണ് യാഥാര്‍ത്ഥ്യം. GST, ഇന്ത്യയുടെ ആഗോള കരാറുകളുടെ കൂടി ഭാഗമാണ്.
കേരളത്തില്‍ എപ്പോഴും ചട്ടപ്പടി! വിട്ടുവിഴ്ച്ച ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം വേണം.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ജി എസ് ടി നിയമം ഒരേപോലെ നടപ്പാക്കേണ്ടപ്പോള്‍,അതേ നിയമം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലേതുപോലെ തന്നെ നടപ്പാക്കേണ്ടതല്ലെ? പക്ഷേ കേരളത്തിലെ ഉദ്യോഗസ്ഥരില്‍ നല്ലൊരു ഭാഗവും, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നും അല്‍പ്പംപോലും വ്യതിചലിച്ചു കൊണ്ട് പ്രായോഗിക നടപടികളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലയെന്നു കൂടി പറയുന്നു.
നികുതി ദായകര്‍ക്ക് കാലാകാലങ്ങളില്‍ ഉണ്ടാകുന്ന പലവിധ ബുദ്ധിമുട്ടുകളും ഉദ്യോഗസ്ഥരോ ഉത്തരവാദിത്വമുള്ള മറ്റുള്ളവരോ കാര്യമായി പരിഗണിക്കുന്നില്ല എന്നത് വസ്തുതയാണ്. അതിന് പല കാരണങ്ങളാണുള്ളത്. ഒന്നാമത്തെ കാര്യം, നിയമം ചട്ടപ്പടി നടപ്പാക്കിയേ പറ്റൂ എന്ന ചിന്ത കേരളത്തില്‍ കൂടുതലല്ലേ? പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കൊണ്ട് കുറച്ചു വിട്ടുവീഴ്ചയോടെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്താല്‍ത്തന്നെ ഉന്നത ഉദ്യോഗസ്ഥര്‍, ഇന്റേണല്‍ ഓഡിറ്റ് ആയിട്ടോ, അക്കൗണ്ടന്റ് ജനറലിന്റെ (C&AG) ഓഡിറ്റിന്റെ ഭാഗമായിട്ടോ ഒക്കെ എന്തെങ്കിലും ബുദ്ധിമുട്ടുകളോ, തെറ്റുകുറ്റങ്ങളോ അത്തരം വിട്ടുവിഴ്ചകള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ആ തെറ്റോ,കുറവോ വരുത്തിയ ഉദ്യോഗസ്ഥരെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നത് കേരളത്തില്‍ വളരെ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാലും, അബദ്ധം സംഭവിച്ചാലും അവരുടെ മേല്‍ഉദ്യോഗസ്ഥര്‍ അതിനെ മനസ്സിലാക്കുകയും തെറ്റ് സംഭവിച്ച ഉദ്യോഗസ്ഥന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരാത്ത രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ അത്തരത്തിലുള്ള വിട്ടുവീഴ്ച പലപ്പോഴും കാണാറില്ല എന്നതല്ലേ വസ്തുത! നിയമങ്ങള്‍ അതിന്റെ ചട്ടപ്പടി മാത്രം നടപ്പിലാക്കിയാല്‍ മതിയെന്ന് കേരളത്തിലെ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും ഇത്തരം വസ്തുതകളാണ്.
ഇന്നും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കുന്ന ജി എസ് ടി പോര്‍ട്ടല്‍
ഇന്‍ഫോസിസ്(INFOSYS) എന്ന വന്‍കിട സോഫ്റ്റ്വെയര്‍ കമ്പനി ജി എസ് ടി നെറ്റ്വര്‍ക്ക് വേണ്ടവിധത്തില്‍ പ്ലാന്‍ ചെയ്യാത്തതിനാല്‍ ഇന്ത്യക്കുണ്ടായ നാശനഷ്ടങ്ങളും നാണക്കേടും ഒരുപക്ഷേ സര്‍ക്കാരിനു പോലും ഷോക്കായിരിക്കാം. ജി എസ് ടി നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം തകിടം മറിച്ചത് കേവലം പാര്‍ലമെന്റ് പാസാക്കിയ ജി എസ് ടി യുടെ നിയമ നിര്‍മാണത്തിലെ പോരായ്മ ആണെന്ന് അധികാരികള്‍ ഇതുവരെയും സമ്മതിച്ചിട്ടില്ല. ജി സ് ടി പോര്‍ട്ടലിന്റെ കരാറുകരായ ഇന്‍ഫോസിസിനോട് വേണ്ടവിധത്തിലുള്ള നഷ്ടപരിഹാരം പൂര്‍ണമായും ഇതുവരെയും ഈടാക്കിയട്ടില്ല എന്നു തന്നെ പറയേണ്ടിവരും.
ജി എസ് ടി-ആര്‍-2(GSTR-2), ജി എസ് ടി-ആര്‍- 3(GSTR-3) തുടങ്ങിയവയുടെ ലഭ്യതയും ജി എസ് ടി നിയമത്തിലെ പ്രസക്തമായ മറ്റു കാര്യങ്ങളെയും ജി എസ് ടി നിയമത്തിന്റെ സുപ്രധാന വകുപ്പുകളെയും തകിടം മറിക്കുന്ന ജി എസ് ടി നെറ്റ്വര്‍ക്കിന്റെ (GSTN) ഉത്തരവാദിത്വമുള്ള കരാറുകാര്‍ എന്ന നിലയില്‍ ഇന്‍ഫോസിസിന്റെ അനാസ്ഥ അല്ലെങ്കില്‍ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ജി എസ് ടി യെ പരാജയപ്പെടുത്തിയത്. ജി എസ് ടി പോര്‍ട്ടലിനുവരെ ആയിരത്തോളം വിശദീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും, നികുതിദായകര്‍ക്കും, മറ്റുള്ളവര്‍ക്കും നല്‍കേണ്ടി വന്നിട്ടുണ്ടെങ്കില്‍ സാധാരണ നികുതിദായകന് എന്തുചെയ്യാന്‍ കഴിയും? അത്രമാത്രം ആസൂത്രണക്കുറവ് ജി എസ് ടി യുടെ സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്നു. ഇന്നും അത് തുടരുന്നു. ഈ ലേഖനം എഴുതുന്ന രണ്ടായിരത്തി ഇരുപത്തിനാല്, ജനുവരിയില് പോലും ജി എസ് ടി-ആര്‍- ഒന്ന് യെന്ന ഫോമിന്റെ (GSTR-1)പതിനാല്, പതിനഞ്ച് എന്ന ടേബിളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു. ജി എസ് ടി അധികാരികള്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇന്നും കാട്ടുന്ന കെടുകാര്യസ്ഥത ഇന്ത്യന്‍ പരോക്ഷ നികുതി മേഖലയ്ക്ക് തീരാകളങ്കമാണ്.
GST നടപ്പാക്കുന്നതില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം :-
2021-ല്‍ രാധാകൃഷ്ണന്‍ ഇന്‍ഡസ്ട്രീസിന്റെ കേസില്‍ (Radhakrishnan industries VS State of Himachal pradhesh & Ors, SLP (c)No:1688 of 2021, Civil Appeal No 1155 of 2021) ബഹുമാനപ്പെട്ട സുപ്രീംകോടതി ചൂണ്ടിക്കാണിച്ച ചില വരികള്‍ ജി എസ് ടി യുടെ നാലാം വര്‍ഷത്തില്‍ ആയിരുന്നെങ്കില്‍ ഇന്ന്കോടതികള്‍ GST നിയമങ്ങള്‍ അപ്രയോഗ്യമാണെന്ന് പറഞ്ഞാലും അതിശയമില്ല.
പാര്‍ലമെന്റിലൂടെ അവതരിപ്പിച്ച ജി എസ് ടി നിയമങ്ങള്‍ പ്രതീക്ഷിച്ചതും, അറിഞ്ഞതുമായ നിയമമല്ല ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പല കാര്യങ്ങളും Draconian (നിര്‍ദ്ദയമായ)പരിഷ്‌കാരങ്ങള്‍(SLP (c) No 1688 of 2021)പോലെയാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ബാക്കി എന്താകുമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
ഈ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് ജി എസ് ടി കൗണ്‍സിലിലൂടെ ഉടന്‍ നടപ്പാക്കേണ്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നു :-
1. നികുതിക്കുമേല്‍ നികുതി വന്നിട്ടുള്ള എല്ലാ അസ്സസ്‌മെന്റുകളും, അത്തരം ഒരവസ്ഥ വരാതിരിക്കുവാനായിട്ടുള്ള നടപടികള്‍ക്കായി ജില്ലാ തലത്തിലുള്ള ജോയിന്റ് കമ്മീഷണര്‍മാര്‍ക്ക് അധികാരം നല്‍കി പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും അത്തരത്തിലുള്ള എല്ലാ നികുതിയും പിഴയും, പലിശയും നികുതിദായകരുടെ ക്യാഷ്/ക്രെഡിറ്റ് ലെഡ്ജറിലേക്ക് മാറ്റി നികുതിദായകര്‍ക്ക് തുടര്‍ന്നങ്ങോട്ടുള്ള സമയത്ത് ആ തുക ജി സ് ടി ബാധ്യതയിലേക്ക് ഉപയോഗിക്കുവാന്‍ അവസരമൊരുക്കുക.
2. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് യാതൊരുവിധ ഇളവും നല്‍കാതെ യഥാര്‍ത്ഥ നികുതി തുകയും, പലിശയും, മിനിമം പിഴയും അടച്ചു മാത്രം കുറ്റവിമുക്തരാകാനുള്ള രീതിയില്‍ ഭേദഗതി ഉറപ്പാക്കുക.
3. ഇ-വേ-ബില്‍ (E-way bill), ഇ-ഇന്‍വോയ്‌സ് (E-invoice) സൗകര്യങ്ങള്‍ ജി.എസ്.ടി- യില്‍ പ്രവര്‍ത്തനക്ഷമമാക്കാത്ത സന്ദര്‍ഭങ്ങളില്‍ , ഹാര്‍ഡ് കോപ്പി(Printed copy) ഉപയോഗിക്കാനുള്ള സൗകര്യം നിയമാനുസൃതമാക്കുക.
4. സപ്ലയര്‍ തരുന്ന സാധനങ്ങളുടെയോ, സേവനങ്ങളുടെയോ ഇന്‍വോയ്‌സുകളിലെ ജി എസ് ടി ആവശ്യമുള്ള പക്ഷം ജി എസ് ടി പോര്‍ട്ടലിലേക്ക് സ്വീകര്‍ത്താവിന് (recipient) തന്നെ നേരിട്ട് അടക്കാനുള്ള സൗകര്യം നല്‍കുക.
5. എല്ലാ ജി എസ് ടി ഓഫീസുകളിലും പ്രശ്‌നപരിഹാരത്തിനായി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ/ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് എമര്‍ജന്‍സി സെല്ലുകള്‍ (Emergency cell) തുറന്ന് സേവനം ഉറപ്പാക്കുക.
6. ഉദ്യോഗസ്ഥരുടെയും ജി എസ് ടി പോര്‍ട്ടലിന്റെയും ഏതുതരം വീഴ്ചയ്ക്കും നികുതിദായകന് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുക. നികുതി ദായകന് നഷ്ടമുണ്ടാക്കുന്ന നിയമ വിരുദ്ധമായ ഉത്തരവുകള്‍ മനഃപൂര്‍വം ദുഷ്ടലാക്കോടെ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ബാധ്യത ഉള്‍പ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുക.
7. സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പെനാല്‍റ്റി /പിഴ ഇടാക്കാന്‍ പാടില്ല എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുക.
8. നികുതിദായകന്‍ നല്‍കുന്ന ജി എസ് ടി സംബന്ധിച്ച പരാതികള്‍, ക്ലാരിഫിക്കേഷന്‍, 'Grievance' തുടങ്ങിയവയില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടപടികളായിട്ടില്ലെങ്കില്‍ , പ്രസ്തുത കാര്യത്തില്‍ നികുതിദായകന്‍ സ്വന്തം നിലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിയമവിധേയമാകുമെന്ന നിലയിലോ, അല്ലെങ്കില്‍ കൃത്യമായ അറിയിപ്പ് അത്തരം കാര്യങ്ങളില്‍ ജി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കിട്ടുന്ന തീയതി വരെയെങ്കിലും പിഴയോ, പലിശയോ, മറ്റു നടപടികളോ ഒഴിവാക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ നടപ്പിലാക്കുക.
9. ജി എസ് ടി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന നാല്‍പ്പതിയൊന്നാം വകുപ്പ് ആകപ്പാടെ മാറ്റിയിരിക്കുന്നു. അതേപോലെ നാല്‍പ്പത്തി രണ്ടാം വകുപ്പും, നാല്‍പ്പത്തി മൂന്നാം വകുപ്പും എടുത്തു കളഞ്ഞിരിക്കുന്നു.' രാധാകൃഷ്ണന്‍ ഇന്‍ഡസ്ട്രീസിന്റെ കേസിലെ' ബഹുമാനപെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ കൂടി വായിച്ചാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജി എസ് റ്റി നിയമങ്ങള്‍ ഇന്ന് അപ്പാടെ മാറിയിരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാവും.അതിനാല്‍ മാറ്റം വരുത്തിയ തീയതിക്ക് മുമ്പ് ഉണ്ടായിരുന്ന നിയമസംരക്ഷണം ഉറപ്പാക്കാന്‍ വേണ്ട ഭേദഗതികള്‍ നടപ്പിലാക്കണം.അതായത് മിസ്മാച്ചിന്റെ(mismatch) പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഡിമാന്‍ഡുകള്‍ക്കോ, ഓര്‍ഡറുകള്‍ക്കോ നിയമ സംരക്ഷണം ഉണ്ടാക്കാന്‍ പാടില്ലാത്ത നിലയില്‍ ഭേദഗതികള്‍ ഉറപ്പാക്കുക
ഒരു രാജ്യം ഒരു നികുതി' (One Nation, One Tax) എന്ന ജി എസ് ടി യുടെ അടിസ്ഥാനതത്വത്തിലേക്ക് മുഴുവനായി എത്തിച്ചേരേണ്ടതുണ്ട്. നികുതിക്ക് മേല്‍ നികുതി ഈടാക്കാനുള്ള ഒരു അവസ്ഥ ഉണ്ടാവുകയില്ലാ എന്ന ഉറപ്പ് ജി എസ് ടി യില്‍ ഉണ്ടായേ മതിയാവൂ. അത്തരത്തിലുള്ള സുതാര്യമായ ജിഎസ്ടി എന്ന സ്വപ്നം 2024 ല്‍ എല്ലാവരിലും പ്രബലമാകട്ടെയെന്ന് ലേഖകന്‍ ആശിക്കുന്നു. എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍ നേരുന്നു.