ചെറുകിടക്കാരുടെ ഭാവി ഭയാനകം, സഹായം അനിവാര്യം

ചെറുകിടക്കാരുടെ ഭാവി ഭയാനകം, സഹായം അനിവാര്യം

നമ്മുടെ നാട്ടിൽ ഇപ്പോൾ റിലയൻസ് , ലുലു ഗ്രൂപ് കല്യാൺ ഹൈപ്പർ മാർക്കറ്റ് മുതലായ വൻകിട കച്ചവടക്കാരുടെ സാമ്രാജ്യം നാൾക്കുനാൾ വികസിച്ചുകൊണ്ടിരിക്കുന്നു

ഏതാണ്ട് ഒരു മുൻസിപ്പൽ / പഞ്ചായത്ത് വാർഡ് ൽ ആകർഷണീയമായ രീതിയിൽ ഒരു റീടെയിൽ കച്ചവട സ്ഥാപനമെങ്കിലും ഉണ്ടാകുക എന്നതാണ് അവരുടെ വികസന നയം എന്ന് മനസ്സിലാകുന്നു. 

ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വാങ്ങൽ ഉദ്ദേശിച്ചാൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ കിട്ടും എന്നുള്ളതും വാങ്ങുന്നവ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളും മറ്റും സാധാരണക്കാരെ അങ്ങോട്ട് ആകർഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവിടങ്ങളിൽ നിന്നും ഇപ്പോൾ നമുക്ക് ഒരു സൗകര്യം കിട്ടുന്നുണ്ട് എങ്കിൽ തന്നെ നമ്മുടെ ഭാവി ഇതിൽ കൂടി ഇരുളടയുന്നു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

നമ്മുടെ തെരുവിന്റെ നിലനിൽപ്, അതായതു നാടിൻറെ നിലനിൽപ് ചെറുകിട കച്ചവടത്തിലൂന്നിയാണ് എന്നത് ഒരു പരമാർഥം തന്നെ. എന്നാൽ ഈ കച്ചവട ഭീമന്മാരുടെ വരവോടെ നമ്മുടെ ചെറുകിടക്കാർ ക്രമേണ ഇല്ലാതാകും എന്നതും സത്യം തന്നെ. ഈ ചെറുകിടക്കാർ മിക്കവാറും സാമ്പത്തിക സ്ഥോപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുള്ളവരും സ്വയം തൊഴിൽ നടത്തുന്നവരും, കൂടാതെ നാട്ടുകാരായ കുറച്ചു പേർക്ക് ജോലി കൊടുക്കുന്നവരും അങ്ങനെ സാമൂഹ്യ പ്രതിബദ്ധതയോടെ കാര്യങ്ങൾ നടത്തുന്നവരുമാണ് . 

നമ്മുടെ ചെറുകിടക്കാർ ഇപ്പോഴുണ്ടായിട്ടുള്ള ലോക്കൽ ബോഡി ടാക്സ്, , പലിശ വർധന, നിത്യോപയോഗ സാധനങ്ങളുടെ വില വർധനയോടനുബന്ധിച്ചുള്ള കൂലി വർധന , വാടക വർധന ഇത് കൂടാതെ യാതൊരു നികുതി / വാടക / ലൈസൻസ് പ്രശ്നങ്ങൾ ഇല്ലാതെയുള്ള അന്യ സംസ്ഥാന പാതയോര കച്ചവടക്കാരുടെ കടന്നുകയറ്റം എന്നിവ മൂലമുള്ള ഞെരുക്കത്തിൽ പെട്ട് ഉഴലുമ്പോഴാണ് ഇതുപോലുള്ള കച്ചവട ഭീമന്മാരുടെ വരവ്. ചെറുകിടക്കാർക് നികുതി കാര്യങ്ങളുടെ നോട്ടത്തിനു മറ്റുള്ളവരുടെ സഹായം വേണം എന്നാൽ ഈ ഭീമന്മാർക്ക് എല്ലാറ്റിനും അവരുടേതായ സംവിധാനവുമുണ്ട്. 

ഏതാണ്ട് 20-25 വര്ഷങ്ങള്ക്കു മുൻപ് ഈ കച്ചവട ഭീമ മുൻഗാമികൾ പ്രാദേശികമായി കച്ചവടം തുടങ്ങാൻ തയ്യാറെടുത്തപ്പോൾ തന്നെ അന്ന് നമ്മുടെ യുവജന പ്രസ്ഥാനങ്ങൾ കൂട്ടായി അവരെ ചെറു ത്തതും ആയതിനാൽ അവർക്കു പ്രസ്തുത ശ്രമം ഉപേക്ഷിക്കേണ്ടി വന്നതും ലേഖകൻ ഓർമ്മിക്കുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അത്തരം എതിർപ്പുകളെല്ലാം അവസാനിക്കുകയും അവർക്കു അനുകൂലമായ തരംഗം സംജാതമാകുകയും ചെയ്തു എന്നുള്ളതാണ്. അന്ന് ഈ വൻകിടക്കാരെ എതിർത്തവർ തന്നെ ഇന്ന് അവർക്കു പരവതാനി വിരിച്ചു സ്വീകരണം കൊടുക്കുന്നു എന്നതും വിരോധാഭാസമായി തോന്നേണ്ടതില്ല. 

ഇതിനൊക്കെയുപരി നമ്മുടെ പ്രാദേശിക കടകളിൽ ചെറുകിട കർഷകന്റെ സാധനങ്ങൾ വില്പന നടത്തുന്നതിനും സൗകര്യമുണ്ടായിരുന്നു. അപ്രകാരം ഒരു പരസ്പര കച്ചവട സഹായ സഹകരണ ശ്രിംഖല തന്നെ രൂപപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഈ കച്ചവട ഭീമന്മാരുടെ സാധനം വാങ്ങൽ പ്രക്രീയ എല്ലാം മൊത്തമായി ഏകോപനത്തോടെ മിക്കവാറും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാകും എന്നതും മനസ്സിലാകുന്നു. 

 അപ്പോൾ നമ്മുടെ നാട്ടിൽ സ്വരൂപിക്കപ്പെടുന്ന പണം അവർ ഇവിടെ സാധനം സപ്ലൈ ചെയ്തു ആയവ പിരിച്ചെടുത്തു അവർക്കു സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടിപുറത്തേക്കു കൊണ്ട് പോകുകയും പണ വിതരണത്തിൽ നമ്മുടെ നാട് ശുഷ്‌കിക്കുകയും ചെയ്യും. . ഇവിടെ പണം പ്രാദേശികമായി വിതരണം ചെയ്യപ്പെടാതിരിക്കും എന്നതാണ് പരമാർദ്ധം. 

ഇപ്രകാരമായാൽ കടബാധ്യതയേറി കഴിഞ്ഞു കൂടുന്ന നാട്ടിലെ ചെറുകിടക്കാരുടെ അവസ്ഥ എന്താവും എന്നുള്ളത് അചിന്തനീയം തന്നെ. അതു പോലെ നമ്മുടെ നാട്ടിൽ സ്റ്റാർട്ട് അപ്പ് എന്ന ഓമന പേരോടെ ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചും അവരുടെ അവസ്ഥയും ശോഭനമല്ല. 

ഇപ്പോഴുണ്ടായിരിക്കുന്ന എലെക്ട്രിസിറ്റി ചാർജ് / വെള്ളക്കരം / ലോക്കൽ ബോഡി ഫീ വർധന എന്നിവ അവരെയും ദോഷകരമായി ബാധിക്കും. വൻകിട കച്ചവടക്കാരുടെ കടന്നു കയറ്റം മൂലം അവരുടെ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കുക എന്നത് ഒരു ബാലീ കേറാമലയാകും എന്നതും സത്യം തന്നെ. സമൂഹത്തിലെ ജീവിത സൂചിക വർധന അനുസരിച്ചു ചെലവ് വർധന നേരിടേണ്ടതായും വരും. അപ്പോൾ കോസ്റ്റ ഓഫ് പ്രൊഡക്ഷൻ വര്ധക്കുന്നു എന്നതിൽ സംശയമില്ലല്ലോ. എന്നാൽ അതിനനുപാതികമായി വരവിനം വർധിക്കാതെയും അവരുടെ നിലനിൽപ് താളം തെറ്റും എന്നതും യാഥാർഥ്യമാണ്. 

 അപ്രകാരം സമീപ ഭാവിയിൽ ചെറുകിട വ്യവസായവും ചെറുകിട കച്ചവടങ്ങളും നാട്ടിൽ നിന്നും അപ്രത്യക്ഷമാകും എന്നതാകും അവസാന ഫലം. .ഈ വിഷയം നാട്ടിൽ ചെറുകിട വ്യവസായ / കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്വയം തൊഴിൽ കണ്ടെത്തിയിട്ടുള്ളവരെയും അവിടയുള്ള ജോലിക്കാരുടെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന കൂട്ടങ്ങളെയും ദോഷകരമായി ബാധിക്കും. 

അപ്രകാരം ചെറുകിടക്കാർക് അവർ എടുത്തിട്ടുള്ള വായ്പ പലിശ/ തിരിച്ചടവ് / നികുതിയടവ് എന്നിവ മുടങ്ങുകയും അപ്രകാരം നിലനിൽപ് തന്നെ അവതാളത്തിലാക്കുകയും ചെയ്യും. 

ഇതൊക്കെ സംഭവിച്ചതിനു ശേഷം കതിരിൽ വളം വക്കുന്നത് പോലെ സംരക്ഷണം ഏർപ്പെടുത്തുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല,.ആയതിനാൽ വൻകിടക്കാരുടെ ഭയാനകമായ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെയും സര്കാരിലെയും നികുതിയിലും ഫീ ഇനത്തിലും കറന്റ് ചാർജ് , പലിശ എന്നിവയിലൊക്കെ കുറവ് വരുത്തി ചെറുകിട വ്യവസായ / കച്ചവട സ്ഥാപനങ്ങളുടെ നിലനില്പിനുള്ള അവസ്ഥ സംജാതമാക്കണമെന്നു അധികാരികളോട് അഭ്യർത്ഥിക്കുന്നു. ഇവരുടെ സംരക്ഷണം വൈകും തോറും അവസ്ഥ രൂക്ഷമാകും എന്നു ഓര്മപെടുത്തുകയും ചെയ്യുന്നു.

അനിരുദ്ധൻ

Also Read