കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉത്പാദക സ്ഥാപനങ്ങള്‍ക്കും വിതരണക്കാര്‍ക്കുമെതിരേ നടപടി
ഉപയോഗിക്കാവുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉത്പാദക സ്ഥാപനങ്ങള്‍ക്കും വിതരണക്കാര്‍ക്കുമെതിരേ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (ഫസായ്) നിര്‍ദേശം.
കാലാവധി കഴിഞ്ഞവ തിരിച്ചെടുത്ത് നശിപ്പിക്കുകയോ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയില്‍ സംസ്‌കരിക്കുകയോ വേണം. വീഴ്ച വരുത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കാനും തീരുമാനമായി.
കോവിഡ് പ്രതിസന്ധിക്കിടെ ഭക്ഷ്യോത്പാദന മേഖലയില്‍ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സംരംഭങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്ന് വന്‍തോതില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയില്‍ എത്തുകയും ചെയ്തു. എന്നാല്‍, ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗകാലാവധി (ഷെല്‍ഫ് ലൈഫ്) കഴിഞ്ഞാല്‍ തിരിച്ചെടുത്ത് നശിപ്പിക്കുന്ന കാര്യത്തില്‍ ഉത്പാദകരും വ്യാപാരികളും പലയിടത്തും ധാരണയുണ്ടാക്കിയിട്ടില്ല.
വ്യാപാരശാലകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്ബ് വാങ്ങി രൂപമാറ്റം വരുത്തിയശേഷം പുതിയ പാക്കറ്റുകളില്‍ വീണ്ടും വിപണിയിലെത്തിക്കുന്നെന്ന പരാതികളും ലഭിക്കുന്നുണ്ടെന്ന് 'ഫസായ്' ഗവേഷണ-വികസന വിഭാഗം ജോയന്റ് ഡയറക്ടറുടെ ഓഫീസധികൃതര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞവ കൃത്യസമയത്ത് തിരിച്ചെടുക്കുന്നതില്‍ ഉത്പാദക കമ്ബനികള്‍ വീഴ്ചവരുത്തുന്നത് വ്യാപാരികള്‍ക്കും ഇവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും സാമ്ബത്തികനഷ്ടമുണ്ടാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ മറവില്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്നതായും പരാതികളുണ്ട്.
ഉപയോഗ കാലാവധി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകളുണ്ടാവും. വ്യാപാരികളും ഉത്പാദക-വിതരണ കമ്ബനികളും ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുന്നതിനായി രേഖാമൂലവും വാക്കാലുമുണ്ടാക്കിയ കരാറുകള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. കാലാവധി കഴിഞ്ഞവ വിപണനം നടത്തിയതായി കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.