തിരികെയെത്തിയ പ്രവാസികള്‍ക്ക് മൂന്നു ലക്ഷം വായ്പ; പദ്ധതി 3000 ശാഖകളിലൂടെ
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സിന്റെ (NDPREM) സേവനങ്ങള്‍ വിപുലപ്പെടുത്തി. ബാങ്കുകളുള്‍പ്പെടെയുളള ഒന്‍പതു ധനകാര്യ സ്ഥാപനങ്ങളുടെ 3000 ത്തോളം ശാഖകളിലൂടെയാണ് പദ്ധതി നടപ്പിലാകുക.
ഇതുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്ബൂതിരിയും സിന്‍ഡിേക്കറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെവിഎന്‍ മൂര്‍ത്തിയും ധാരണാപത്രം കൈമാറി. ലണ്ടനില്‍ ഒരു ശാഖയിലും ഒമാനില്‍ സിന്‍ഡികേറ്റ് ബാങ്കിന്റെ നിയന്ത്രണത്തിലുളള മുസാന്‍ഡം എക്സ്ചേഞ്ച് കമ്ബനിയുടെ 15 ശാഖകളിലും കേരളത്തിലെ 248 ശാഖകളിലും പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (KSCARDB) എന്നിവ മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും.
30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയില്‍ പരമാവധി മൂന്ന് ലക്ഷം രൂപ വരെ പദ്ധതിയില്‍ ലഭിക്കും. ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്ന് ശതമാനം പലിശ സബ്സിഡി ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കും. ഈ സാമ്ബത്തിക വര്‍ഷം 15 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. ഇതു വരെ 737 ഗുണഭോക്താക്കള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 8.7 കോടി രൂപ സബ്സിഡി നല്‍കി.