ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. എറണാകുളം ജില്ലയില്‍ 57 ഹോട്ടലുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി
നല്ല ഭക്ഷണം നാടിന്റെ അവകാശം: 57 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ,ഹോട്ടലുകള്‍ തിരിച്ചറിയുന്നതിന് സംവിധാനം ,റേറ്റിങ്ങ് രണ്ട് വര്‍ഷത്തേക്ക്
ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിനിന്റെ ഭാഗമായി ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. എറണാകുളം ജില്ലയില്‍ 57 ഹോട്ടലുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. മറ്റ് ഹോട്ടലുകളില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്റ്റാര്‍ റേറ്റിങ് പരിശോധന നടത്തിയത്.
പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണു നല്‍കുന്നത്. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണു വരിക.
ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്നു പൊതുജനങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കും.
രണ്ടു വര്‍ഷത്തേക്കുള്ള സ്റ്റാര്‍ റേറ്റിംഗാണു നല്‍കിവരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം മാനദണ്ഡങ്ങള്‍ പാലിച്ചു വീണ്ടും റേറ്റിംഗ് നിലനിര്‍ത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയര്‍ത്താം. ഇതുവഴി സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ സാധിക്കും.