ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും
ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് നിക്ഷേപം നടത്താന്‍ ആവശ്യമായ നിബന്ധനകള്‍ താഴെ പറയുന്നവയാണ്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.
സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍ നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കണം.ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്.. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം.ഇന്റര്‍നെറ്റ് ട്രേഡിങ് വഴി എപ്പോള്‍ എവിടെയിരുന്നും നേരിട്ട് ഇടപാടു നടത്താനും ഇപ്പോള്‍ സാധിക്കും. പക്ഷേ അതിനും ബ്രോക്കറുടെ പക്കല്‍ നിന്ന് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്.ട്രേഡിങ് അക്കൗണ്ട് തുടങ്ങാനും മറ്റുമായി 2000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നതാണ്.