ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ്് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആണ് അപേക്ഷ ക്ഷണിച്ചത്. കൊറോണ പ്രതിസന്ധിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പുരസ്‌കാരങ്ങളില്‍ ഇക്കുറി പ്രത്യേക വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷി, ശുദ്ധജലം, വിദ്യാഭ്യാസം, ശേഷി വികസനം, ഊര്‍ജ്ജം, പരിസ്ഥിതി, ബഹിരാകാശം തുടങ്ങി 15 മേഖലകളിലെ 49 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. തദ്ദേശീയ ഭാഷകളിലെ കണ്ടെന്റ് ഡെലിവറി, കൊറോണ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങള്‍, ഇറക്കുമതി കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കണ്ടുപിടുത്തങ്ങള്‍, വനിതാ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്കായി ആറ് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി സംഭാവന നല്‍കിയ ഇന്‍ക്യൂബേറ്റര്‍ക്കും ആക്സിലറേറ്റര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിക്കും. ഒന്നാമതെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ആദ്യസ്ഥാനക്കാരായ ഇന്‍ക്യൂബേറ്റര്‍ക്കും ആക്സിലറേറ്റര്‍ക്കും 15 ലക്ഷം രൂപ വീതവും സമ്മാനം ലഭിക്കും. ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.