GST, IT സാങ്കേതിക സംവിധാനങ്ങൾ പരാജയമോ? :- എ.എൻ.പുരം ശിവകുമാർ
ആധുനിക സാങ്കേതിക രംഗത്ത് ആഗോളതലത്തിൽ പ്രശസ്തരായ നമ്മുടെ സാങ്കേതിക വിദഗ്ദർ അഭിമാനമാണ്. പക്ഷേ, ഈ മികവ്, GST, Incometax സാങ്കേതിക സംവിധാനത്തിൽ പ്രകടമാകാത്തത് അപമാനവും. അഞ്ച് വർഷമായി, പൂർണ്ണപരാജയമായി തുടരുന്ന GST നെറ്റ് വർക്ക് സിസ്റ്റം, രാജ്യത്തെ തന്നെ ഏറ്റവും നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഇൻകംടാക്സ് നെറ്റ് വർക്ക് പോർട്ടൽ, പരിഷ്ക്കരിക്കാൻ തുടങ്ങിയതോടെ, നാല് മാസമായി പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തി. GST, IT പോർട്ടലുകളുടെ ചുമതല, ലോകരാജ്യങ്ങളുടെ നിറുകയിൽ നിൽക്കുന്ന അഭിമാനമായ ഐ.ടി.കമ്പിനി ഇൻഫോസിസ്. എന്നിട്ടും ഒന്നും ചെയ്യാനാകാതെ ആകെ ആശങ്കയിലായി നികുതി മേഖല. നികുതി വരുമാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ അവസ്ഥ, എല്ലാ മേഖലയിലുമുള്ള നികുതിദായകർക്കും, പ്രത്യേകിച്ച് വ്യാപാര-വ്യവസായ മേഖലകൾക്കും തിരിച്ചടിയാകുന്നു. രാജ്യത്തെ നികുതി മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സ് പ്രൊഫഷണൽസ് തീർത്തും സ്തംഭനത്തിലായ സ്ഥിതിവിശേഷം. നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തതിനാൽ വ്യാപാരികളുടെ ബാങ്ക് വായ്പകളെ വരെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്ത് സാങ്കേതിക മേഖല കുതിക്കുമ്പോൾ, രാജ്യത്ത് നികുതി മേഖല കിതക്കുന്നു. ഇത് തുടരുന്നത് നമ്മുടെ സാമ്പത്തിക - വ്യാപാര - തൊഴിൽ ഉൾപ്പെടെയുള്ള സമസ്ത മേഖലകൾക്കും തിരിച്ചടിയാകും. പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നത് നല്ലതു തന്നെ, പ്രത്യേകിച്ച് നികുതി മേഖലയിൽ. പക്ഷേ, അത് പ്രവർത്തനകരവും പ്രയോജനകരവും, ജനകീയ - വ്യാപാര സൗഹൃദവുമായിരിക്കണം. അങ്ങനെയാകണമെങ്കിൽ അതിനാവശ്യമായ ഗൃഹപാഠം ചെയ്തിരിക്കേണ്ടത് അനിവാര്യമാണെന്ന ഗുണപാഠം ഇവിടെ പ്രസക്തമാകുന്നു.
എ.എൻ.പുരം ശിവകുമാർ, പ്രസിഡൻ്റ്,
ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരള.