കോട്ടയം–ആലപ്പുഴ ജലപാതയിൽ ഇനി എസി ബോട്ടിൽ അതിവേഗ യാത്ര
കോട്ടയം–ആലപ്പുഴ ജലപാതയിൽ യാത്രക്കാർക്ക് ഇനി അതിവേഗ എസി ബോട്ടിൽ സഞ്ചരിക്കാം. ഒരേ സമയം യാത്രാബോട്ടായും വിനോദ സഞ്ചാരികൾക്കുള്ള ബോട്ടായും ഉപയോഗിക്കാവുന്ന ‘വേഗ’ ബോട്ട് നാളെ ഓടിത്തുടങ്ങും. കോട്ടയം–ആലപ്പുഴ പാതയിൽ യാത്രാ ബോട്ടായും ആലപ്പുഴ–കുമരകം പാതയിൽ വിനോദസഞ്ചാര ബോട്ടായുമാണു സെമി എസി അതിവേഗ ബോട്ടായ ‘വേഗ’ സഞ്ചരിക്കുക.
രാവിലെ കോട്ടയത്തു നിന്നു യാത്രാ ബോട്ടായി ആലപ്പുഴയ്ക്കു പുറപ്പെടുന്ന ബോട്ട് വൈകിട്ട് ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു മടങ്ങും. ഇതിനിടെ വിനോദസഞ്ചാരികൾക്കായി ആലപ്പുഴ–കുമരകം പാതയിൽ സഞ്ചരിക്കും. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന സ്ഥിരം യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിലാണു സർവീസ്.
യാത്ര ഇങ്ങനെ
∙ കോട്ടയം– ആലപ്പുഴ
രാവിലെ 7.30നു കോട്ടയം കോടിമതയിൽ നിന്നു പുറപ്പെടും. 9.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെടും. 7.30നു കോട്ടയത്ത് എത്തും.
സ്റ്റോപ്പുകൾ
∙ പള്ളം
∙ കൃഷ്ണൻകുട്ടി മൂല
∙ കമലന്റെ മൂല
∙ മംഗലശ്ശേരി
∙ പുഞ്ചിരി
∙ആലപ്പുഴ– കുമരകം
രാവിലെ 10ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് 1.15ന് കുമരകത്ത് എത്തും. (വഴി: പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്) തിരികെ 2.15ന് കുമരകത്ത് നിന്നു പുറപ്പെട്ടു 4.30ന് ആലപ്പുഴയിൽ എത്തും.
∙ പാതിരാമണൽ, കുമരകം പക്ഷി സങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും എന്നതു പ്രത്യേകത.
ബോട്ടിന്റെ പ്രത്യേകത
∙ സീറ്റ് 120– ഇതിൽ 80 നോൺ എസി, 40 എസി
∙രണ്ടു കട്ടമരം കൊണ്ടുള്ള നിർമാണം
∙ 12 നോട്ടിക്കൽ മൈൽ വേഗം (സാധാരണ പാസഞ്ചർ ബോട്ടുകളെക്കാൾ വേഗം)
∙ ബോട്ടിന്റെ വീതി ഏഴര മീറ്റർ, നീളം 22 മീറ്റർ
∙ മ്യൂസിക് സിസ്റ്റം അടക്കം സംവിധാനങ്ങൾ
യാത്രാനിരക്ക്
കോട്ടയം– ആലപ്പുഴ
∙എസി 100 രൂപ
∙ നോൺ എസി 50 രൂപ
ആലപ്പുഴ– കുമരകം
എസി– 300 രൂപ
നോൺ എസി 200 രൂപ.